Connect with us

Kerala

LIVE | വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി; അതിദാരിദ്ര്യമില്ലാതാക്കാന്‍ 50 കോടി

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അധിക നിരക്ക് ഈടാക്കിയേക്കും. ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും.

Published

|

Last Updated

തിരുവനന്തപുരം | രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ രണ്ടാം സമ്പൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും വെല്ലുവിളികൾ ധീരമായി നേരിടാന്‍ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി രൂപയും റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. അതിദാരിദ്ര്യമില്ലാതാക്കാന്‍ 50 കോടിയും വകയിരുത്തിയിട്ടുണ്ട്.

ഭൂനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വര്‍ധനക്ക് സാധ്യതയുണ്ട്. വില്ലേജ്, താലൂക്ക് തദ്ദേശ സ്ഥാപനങ്ങളിലെ വിവിധി സേവന സര്‍ട്ടിഫിക്കറ്റ് നിരക്കുകള്‍, കെട്ടിട നികുതി, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയവയിലെല്ലാം വര്‍ധനയുണ്ടായേക്കും. റബര്‍, നാളികേരം, പച്ചക്കറികള്‍ എന്നിവയുടെ താങ്ങുവില വര്‍ധിപ്പിക്കാനും സാധ്യതയേറെയാണ്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ ഇളവുണ്ടാകുമെന്നാണ് പ്രീ ബജറ്റ് വിലയിരുത്തല്‍. കെ എസ് ആര്‍ ടി സിക്ക് ഇത്തവണ 1500 കോടി രൂപ നീക്കിവച്ചേക്കും. സാധാരണ 1000 കോടിയാണ് ഉണ്ടാവാറുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഭാഗികമായി അനുവദിച്ചേക്കും.

വന്യജീവികളുടെ ജനവാസ മേഖലയിലിറങ്ങുന്നത് തടയാനുള്ള പ്രഖ്യാപനങ്ങള്‍, വിഴിഞ്ഞം, കെ ഫോണ്‍ പദ്ധതിയുടെ പൂര്‍ത്തീകരണം തുടങ്ങിയവും ബജറ്റിലുണ്ടായേക്കും. പരമ്പരാഗത വ്യവസായം, കൃഷി, വ്യവസായ മേഖലകള്‍ എന്നിവക്ക് ഊന്നലുണ്ടാകും.

ജനകീയ മാജിക് എന്നാണ് ബജറ്റിനെ കുറിച്ച് അവതരണത്തിന് മുമ്പായി മന്ത്രി ബാലഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനങ്ങളെ മുഴുവന്‍ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള ബജറ്റായിരിക്കും പ്രഖ്യാപിക്കുകയെന്നും ചെലവ് ചുരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അമിതഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് ഇടത് സര്‍ക്കാര്‍ നയമല്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് കേന്ദ്രം
സംസ്ഥാനത്തിന് എടുക്കാവുന്ന കടത്തിന്റെ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ഈ വര്‍ഷം എടുക്കാവുന്ന കടത്തില്‍ 2,700 കോടി രൂപയാണ് കുറച്ചത്. കിഫ്ബി വായ്പയുടെ പേരിലാണ് നടപടി.

937 കോടി രൂപ മാത്രമാണ് ഈ വര്‍ഷം മാര്‍ച്ച് 31 വരെ എടുക്കാനാവുക. ഇത് കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചത് ധനമന്ത്രി ബാലഗോപാല്‍ സ്ഥിരീകരിച്ചു. കടമെടുപ്പില്‍ കേന്ദ്രത്തിന്റെ നിയന്ത്രണം വസ്തുതയാണ്. കേന്ദ്രം കേരളത്തോട് കൈക്കൊള്ളുന്ന പ്രതികൂല നിലപാട് ജനങ്ങള്‍ തിരിച്ചറിയണമെന്നും ബാലഗോപാല്‍ പറഞ്ഞു.