Malabar Movement 1921
സാമ്രാജ്യത്വം ഭയപ്പെട്ട പൂക്കോട്ടൂര്‍
പൂക്കോട്ടൂരിലെ യുദ്ധം ഐതിഹാസികമായിരുന്നു. സംഘടിത സമരമായിരുന്നു ഇതെന്നും നിഷ്ഠൂരമായി ഇതിനെ നേരിടുകയായിരുന്നുവെന്നും ചരിത്രത്തില്‍ കണ്ടെത്താം.
1921 ആഗസ്റ്റ് 26നാണ് മലബാറിലെ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ നേരിട്ടുള്ള ഒരു യുദ്ധത്തില്‍ പൂക്കോട്ടൂരിലെ മാപ്പിളമാര്‍ ഐതിഹാസികമായ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനം കാഴ്ചവെച്ചത്. ഇതുപോലെ നേരിട്ട് യുദ്ധം നടന്ന മൂന്ന് പ്രധാന സംഭവങ്ങളാണ് ചരിത്രത്തില്‍ മലബാര്‍ സമരവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. തിരൂരങ്ങാടി, പാണ്ടിക്കാട്, പൂക്കോട്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നിട്ടുള്ള ബ്രിട്ടീഷ് പട്ടാളവും സാധാരണക്കാരായ ദരിദ്രരായ ജനങ്ങളും തമ്മില്‍ നടന്ന നേരിട്ടുള്ള പോരാട്ടങ്ങളാണ് ആ മൂന്നെണ്ണം. അതിലെ ഏറ്റവും പ്രധാനപ്പെത് ആഗസ്റ്റ് 26ന് പൂക്കോട്ടൂര്‍ എന്ന ഗ്രാമത്തില്‍ നടന്ന പോരാട്ടമാണ്.
ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമാണ് മലബാറിലെ സാധാരണക്കാരായ മാപ്പിളമാരും അവരെ സഹായിച്ചിരുന്ന വിവിധ സമുദായത്തില്‍പ്പെട്ട ആളുകളും ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ നടത്തിയിട്ടുള്ള മലബാറിലെ കലാപങ്ങള്‍. നിലനില്‍ക്കുന്ന വ്യവസ്ഥിതി മാറ്റിമറിക്കുകയെന്നതായിരുന്നു ഈ കലാപങ്ങളുടെ ലക്ഷ്യം. നിലനില്‍ക്കുന്ന വ്യവസ്ഥിതി എന്തായിരുന്നു. അത് മനസ്സിലാക്കണമെങ്കില്‍, ബ്രിട്ടീഷുകാരുടെ സംരക്ഷണയില്‍ അന്ന് ജന്മിമാര്‍ നടപ്പാക്കിയിരുന്ന കുടിയൊഴിപ്പിക്കലുകളെയും താങ്ങാനാകാത്ത നികുതി അടിച്ചേല്‍പ്പിക്കലുകളെയും മനസ്സിലാക്കണം. ജന്മിമാരുടെ ഭരണം അവസാനിപ്പിക്കുകയെന്നത് പ്രധാനപ്പെട്ട ഒരു പദ്ധതിയായിരുന്നില്ല ഈ ജനവിഭാഗങ്ങള്‍ക്ക്. തങ്ങളുടെ ദുരിതങ്ങള്‍ക്കെല്ലാം കാരണം ബ്രിട്ടീഷ് ഭരണമാണ് എന്ന് കൃത്യമായി അടയാളപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നു. അതുകൊണ്ട് ഈ സമരങ്ങളുടെ ആത്യന്തിക ലക്ഷ്യം ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരെ തുരത്തുകയെന്നതായിരുന്നു.
1836 മുതല്‍ 1921 വരെ നടന്ന എല്ലാ സമരങ്ങളും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളായിരുന്നുവെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ സാധിക്കും. ബ്രിട്ടീഷുകാരെ പ്രീണിപ്പിക്കുകയും അവരില്‍ നിന്ന് സ്ഥാനമാനങ്ങളും പദവികളും കൈപറ്റുകയും ബ്രിട്ടീഷുകാരുടെ പേരില്‍ വന്‍ പിരിവ് നടത്തുകയുമാണ് ജന്മിമാര്‍ ചെയ്തിരുന്നത്. എല്ലാ ജന്മിമാരും അങ്ങനെയായിരുന്നില്ല. ചില ജന്മിമാര്‍ ഈ അവസരം മുതലെടുത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ സഹായത്തോട് കൂടി അമിത പിരിവുകള്‍ നടത്തി. സ്വാഭാവികമായും ഈ സമരങ്ങളുടെ സമയത്ത് അത്തരം ജന്മിമാര്‍ക്കും അതിന്റെ ക്ഷീണം അനുഭവിക്കേണ്ടിവന്നു. ജന്മിത്വം കേരളത്തില്‍ അതിന് മുമ്പേ ഉണ്ടായിരുന്നു. പക്ഷേ, ആ കാലഘട്ടത്തിലൊന്നും കേരളത്തിലോ മലബാറിലോ ഇന്ത്യയിലോ ജന്മിമാര്‍ക്കെതിരെ മാപ്പിളമാര്‍ ഇത്തരത്തില്‍ കലാപത്തിലേര്‍പ്പെട്ടിട്ടില്ല. 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് വാഴ്ച നിലവില്‍ വന്നതോട് കൂടി മാത്രമാണ് ഈ കലാപങ്ങള്‍ ആരംഭിച്ചത്.
ബ്രിട്ടീഷ് ഭരണം വന്നയുടനെ തന്നെ അവര്‍ക്ക് വലിയ വെല്ലുവിളിയാണ് മലബാറിലെ ഇത്തരത്തിലുള്ള പോരാട്ടങ്ങള്‍ ഉയര്‍ത്തിയത്. ഈ പോരാട്ടങ്ങളെ അമര്‍ച്ച ചെയ്യാന്‍ സാധാരണ ബുദ്ധിപോരാ എന്ന് മനസ്സിലാക്കിയ സാമ്രാജ്യത്വ ഭരണകൂടം ഈ സമുദായത്തെ വേര്‍തിരിക്കാനും ഒറ്റപ്പെടുത്താനും ശ്രമമാരംഭിച്ചു. മതഭ്രാന്ത് കാരണമാണ് അവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപങ്ങള്‍ നടത്തുന്നത് എന്ന് വരുത്തിത്തീര്‍ക്കാന്‍ തുടക്കം മുതലേ ശ്രമിച്ചിട്ടുണ്ട്. വള്ളുവനാട്, ഏറനാട് പോലുള്ള എതിര്‍പ്പുകള്‍ വരുന്ന സ്ഥലത്തെ അവര്‍ മതഭ്രാന്തിന്റെ കേന്ദ്രമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഫനാറ്റിക് സോണ്‍ എന്ന പ്രയോഗം ബ്രിട്ടീഷുകാരുടെ മുഴുവന്‍ രേഖകളിലും കാണാം. മതഭ്രാന്തിന്റെ കേന്ദ്രമായി അവര്‍ അടയാളപ്പെടുത്തിയ മാപ്പിള സമൂഹത്തിലെ വരേണ്യരും ധനാഢ്യരും അന്ന് ഈ കലാപങ്ങള്‍ക്കൊപ്പം നിന്നിട്ടില്ല. കാരണം ധനമുള്ള ആളുകള്‍ മുഴുവന്‍ ഏത് സമുദായത്തില്‍പ്പെട്ടവരായാലും അത് സംരക്ഷിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് ഭരണകൂടത്തോടൊപ്പം നിന്ന ചരിത്രമാണുള്ളത്. അതുകൊണ്ടാണ് ചരിത്രകാരന്മാര്‍ ഈ സമരത്തെ ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കുമെതിരെയുള്ള സമരമായി കാണുന്നത്. മലബാറിലെ ജന്മിത്വത്തിന് പ്രത്യേകതയുണ്ടായിരുന്നു. തെക്കന്‍ മലബാറിലെ ജന്മിമാര്‍ വന്‍കിട ജന്മിമാരും കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഭൂസ്വത്ത് കൈവശം വെച്ചിട്ടുള്ളവരുമായിരുന്നു. അവര്‍ക്ക് തൊട്ടുതാഴെയുള്ള കുടിയാന്മാര്‍ ഈ സ്വത്ത് പാട്ടത്തിന് വാങ്ങി താഴെയുള്ള ചെറിയ കുടിയാന്മാര്‍ക്ക് വീണ്ടും വീതം വെച്ച് അവരില്‍ നിന്ന് പണം പിരിച്ച് ജന്മിക്കും ബ്രിട്ടീഷുകാര്‍ക്കും എത്തിക്കുന്ന സമ്പ്രദായമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും താഴെയുള്ള ചെറിയ തുണ്ട് ഭൂമികള്‍ ഉപജീവനത്തിനായി പാട്ടത്തിനെടുക്കുന്നവരാണ് ഏറ്റവും കൂടുതല്‍ പീഡനത്തിനിരയായിരുന്നത്. അവര്‍ക്ക് ഉത്പാദനം കൊണ്ട് ജീവിക്കാന്‍ പറ്റാതെ വരികയും നികുതി മുഴുവന്‍ കൊടുത്തിട്ടും തീരാതെ അവര്‍ കടക്കാരായി മാറുകയും ചെയ്തു. അങ്ങനെ കടംകൊടുക്കുന്ന കടക്കാരുടെ എണ്ണം മലബാറില്‍ കൂടിവരികയും അവര്‍ ജന്മിമാര്‍ക്കും ബ്രിട്ടീഷ് ഭരണകൂടത്തിനുമൊപ്പം പണം കൊണ്ട് പെരുകുകയും ചെയ്ത അവസ്ഥ അക്കാലത്തുണ്ടായി. 700 ശതമാനമൊക്കെ നികുതി അടിച്ചേല്‍പ്പിക്കുന്ന സമ്പ്രദായം അന്നുണ്ടായിരുന്നു. ഒരു വിള കഴിഞ്ഞ് അടുത്ത വിളയിറക്കണമെങ്കില്‍ നികുതിയെല്ലാം കൊടുത്ത് തീര്‍ക്കണമായിരുന്നു. അപ്പോള്‍ സ്വാഭാവികമായും വിത്ത് വാങ്ങുന്നതിനും വളമിറക്കുന്നതിനും കന്നുകാലികളെ ഉപയോഗിക്കുന്നതിനും പണം കടമെടുക്കേണ്ടിവന്നു. അത് ഈ കാലഘട്ടത്തിലെ ദുരിതത്തെ കാണിച്ചുതരുന്നുണ്ട്. അതുകൊണ്ടാണ് ഈ സമരത്തിന്റെ മുമ്പില്‍ സാധാരണ കര്‍ഷകത്തൊഴിലാളികളും താഴെത്തട്ടിലുള്ള കുടിയാന്മാരും അണിനിരക്കാന്‍ കാരണം.
സമരം നടത്തുന്നവരെ ബ്രിട്ടീഷുകാര്‍ വര്‍ഗീയമായി വേര്‍തിരിച്ചു, അവരെ ഒറ്റപ്പെടുത്തി, അവര്‍ക്കെതിരെ നികുതി ചുമത്തി, ശിക്ഷകളും നാടുകടത്തലുകളും നടപ്പാക്കി… അതുകൊണ്ടൊന്നും ഈ സമരം തീര്‍ന്നില്ല. ദുരിതങ്ങള്‍ തീരാതെ അവര്‍ അടങ്ങാത്ത പക വെച്ചുപുലര്‍ത്തി. സമരക്കാര്‍ക്കെതിരെ മാപ്പിള ഔട്ട്‌റേജസ് ആക്ട് എന്ന ക്രിമിനല്‍ നിയമം കൊണ്ടുവന്നു. ഇത്തരം നിയമങ്ങളൊക്കെ നാട്ടില്‍ നടപ്പാക്കിക്കഴിഞ്ഞപ്പോള്‍ എല്ലാ സമുദായങ്ങളെയും ബാധിച്ചു. അതിന്റെ ഉദാഹരണമാണ് വാര്‍ നൈവ്‌സ് ആക്ട്. ആളുകള്‍ ഒരുതരത്തിലുമുള്ള ആയുധങ്ങളും കൊണ്ടുനടക്കാന്‍ പാടില്ല എന്ന ഉത്തരവ് വന്നതോടെ ഏറനാട്ടിലും വള്ളുവനാട്ടിലും അമ്പലങ്ങളില്‍ ആചാര ആയുധങ്ങള്‍ പോലും വെക്കാന്‍ പാടില്ല എന്നായി. ക്ഷേത്രങ്ങളിലുള്ള വാളും ശൂലവുമൊക്കെ പോലീസിന് സറണ്ടര്‍ ചെയ്യേണ്ട അവസ്ഥയുണ്ടായി. ഈ നിയമം മാറ്റിക്കിട്ടുന്നതിന് വേണ്ടി കൊടുത്ത അപേക്ഷകളുടെ പകര്‍പ്പുകള്‍ ഇപ്പോഴും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഈ പ്രദേശത്ത് മുഴുവന്‍ അസ്വസ്ഥതയും ദാരിദ്ര്യവും ഉണ്ടാക്കുന്നതില്‍ ബ്രിട്ടീഷ് ഭരണത്തിന് വലിയ പങ്കുണ്ടെന്ന് മനസ്സിലാക്കാം.
ഗാന്ധിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സും മറ്റു ഇതര പ്രസ്ഥാനങ്ങളും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ആശയം രൂപവത്കരിക്കുന്നത് 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്ക് ശേഷമാണ്. എന്നാല്‍ അതിന് മുമ്പ് മാപ്പിള സമൂഹം പോരാട്ടത്തിനിറങ്ങി. അവരെ അതിന് സഹായിച്ച ആശയം ഇസ്‌ലാം മതം ആയിരുന്നുവെന്ന് നമുക്ക് കാണാന്‍ സാധിക്കും. ഹിന്ദുക്കള്‍ക്കെതിരെയല്ല, ഈ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം വരുത്താന്‍ വേണ്ടിയാണ് ആ ആശയം അവര്‍ ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തലവേദനയുള്ള പ്രദേശമായിട്ടാണ് തെക്കന്‍ മലബാറിനെ ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയത്. അതുകൊണ്ട് അവരുടെ രേഖകളില്‍ മലബാറിനെ അവര്‍ സൂചിപ്പിച്ചിരിക്കുന്നത് തലവേദനയുടെ കേന്ദ്രം എന്ന അര്‍ഥം വരുന്ന രീതിയില്‍ അയര്‍ലന്‍ഡ് ഓഫ് മദ്രാസ് പ്രസിഡന്‍സി എന്നാണ്. അയര്‍ലന്‍ഡ് ബ്രിട്ടന് എന്നും തലവേദനയായിരുന്നല്ലോ.
കലാപത്തില്‍ ഏര്‍പ്പെട്ട ആളുകളെ പിടിക്കപ്പെടുമ്പോള്‍ കലാപം അവസാനിച്ചിരുന്നില്ല. കലാപം പൂര്‍ണമായി തുടച്ചുനീക്കുന്നതിന് ഗ്രാമങ്ങളില്‍ കോമണ്‍ നികുതി അടിച്ചേല്‍പ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഒരു ഗ്രാമത്തിലെ ഒന്നോ രണ്ടോ പേര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള എന്തെങ്കിലും ഒരു സംഭവത്തില്‍ ഇടപെട്ടുകഴിഞ്ഞാല്‍ അവരുണ്ടാക്കിയ നഷ്ടം എന്ന് പറഞ്ഞ് വലിയ തുക ആ അംശത്തിലെ ആളുകളില്‍ മുഴുവന്‍ അടിച്ചേല്‍പ്പിച്ചു. അതുകൊണ്ട് തന്നെ ബ്രിട്ടീഷുകാരുടെ പ്രതികാര നടപടി മുസ്‌ലിം ജനവിഭാഗത്തെ മാത്രമല്ല ആ ഗ്രാമത്തിലെ എല്ലാ ആളുകളെയും ഒരു പോലെ ബാധിച്ചു. അതുകൊണ്ട് മലബാറിലെ ഈ പ്രതിഷേധം ഒരു മതവിഭാഗത്തില്‍ മാത്രം ഉള്ളതായിരുന്നില്ല. ബ്രിട്ടീഷുകാരുടെ എല്ലാ നയങ്ങളും പ്രതിഷേധത്തെ വര്‍ധിപ്പിക്കുകയാണ് ചെയ്തത്. നാടുകടത്തല്‍ അവരുടെ ഒരു പ്രധാനപ്പെട്ട തന്ത്രമായിരുന്നു. പക്ഷേ ഈ നാടുകടത്തല്‍ അവര്‍ക്ക് വലിയ ഭീഷണിയായിത്തീര്‍ന്നുവെന്ന് പില്‍ക്കാലത്ത് അവര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം നാടുകടത്തപ്പെടുന്ന ആളുകള്‍ കൂടുതല്‍ ആശയങ്ങള്‍ നേടി തിരിച്ചുവന്ന് സമര മുന്നണിയില്‍ നേതാക്കളായി വന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവര്‍ത്തനത്തില്‍ നിന്ന് ഇത് കാണാന്‍ കഴിയും. നാടുകടത്തല്‍ പ്രതിഷേധം വര്‍ധിപ്പിക്കുകയാണ് എന്ന യാഥാര്‍ഥ്യം അവര്‍ മനസ്സിലാക്കി. ഈ സമരം ഇങ്ങനെ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഒന്നാം ലോക മഹായുദ്ധ സമയങ്ങളില്‍ ഈ സമരത്തിന്റെ സ്വഭാവം മാറുന്നത്. സമരത്തിന്റെ ജനകീയ ശക്തി വര്‍ധിച്ചുവന്നത് ആ സമയത്താണ്.
ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ യൂറോപ്പില്‍ ചെയ്യുന്ന യുദ്ധങ്ങളുടെ മുഴുവന്‍ ഭാരവും ഇന്ത്യയുള്‍പ്പെടെയുള്ള കോളനികളുടെ തോളിലാണ് വെച്ചുകൊടുത്തത്. ഇത്തരത്തില്‍ ഈ ചെലവുകള്‍ വഹിക്കുന്നതിന് വേണ്ടി വാര്‍ ഫണ്ട് കലക‌്ഷന്‍ നടപ്പാക്കി. ഈ ഫണ്ട് പ്രഖ്യാപനം നടത്തിയപ്പോള്‍ തന്നെ ജന്മിമാരും സമ്പന്നരും വലിയ തുക ബ്രിട്ടീഷുകാര്‍ക്ക് വാഗ്ദാനം ചെയ്തു. താഴേത്തട്ടിലുള്ള മനുഷ്യരെയും കര്‍ഷക തൊഴിലാളികളെയും കണ്ടാണ് ഇവര്‍ വാഗ്ദാനങ്ങള്‍ നടത്തിയത്. സ്വാഭാവികമായും 21ലെ പോരാട്ടത്തിന് പ്രധാനപ്പെട്ട ഒരു കാരണമായി യുദ്ധ ഫണ്ട് കലക‌്ഷനും. അപ്പോഴാണ് പോരാട്ടത്തിന് കൂടുതല്‍ ഊര്‍ജം നല്‍കി നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും എത്തുന്നത്. ഗാന്ധി ഈ രണ്ട് സമരങ്ങളെയും മതനിരപേക്ഷമായി യോജിപ്പിച്ചു. അത് മലബാറിലെ ജനതയാണ് ഏറ്റെടുത്തത്. ഷൗക്കത്തലിയും മഹാത്മാ ഗാന്ധിയും 1920ല്‍ കോഴിക്കോട് കടപ്പുറത്ത് വന്നു. അവരെ കാണുന്നതിന് വേണ്ടി മലബാറില്‍ നിന്ന് വലിയ ജനക്കൂട്ടമാണ് നഗരത്തിലേക്ക് ഒഴുകിയത്. ഈ സമരം കൊടുമ്പിരിക്കൊള്ളാന്‍ മറ്റൊരു കാരണം ഈ ദേശീയ പ്രസ്ഥാനമായിരുന്നു.
1920 ജനുവരി മുതല്‍ തന്നെ സമരത്തിന്റെ അടയാളങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. പോലീസും ജനങ്ങളും തമ്മില്‍ ഉരസലുകളുണ്ടായി. ഖിലാഫത്ത് കമ്മിറ്റി ഓഫീസിലും കുടിയാന്‍ ഓഫീസിലും റെയ്ഡ് നടത്തി ആളുകളെ പിടികൂടി. അതിന്റെയൊക്കെ ശേഷമാണ് സംഘര്‍ഷം ആരംഭിക്കുന്നത്. സംഘര്‍ഷമുണ്ടാക്കുകയെന്നത് ബ്രിട്ടീഷുകാരുടെ ലക്ഷ്യമായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 1921 ആഗസ്റ്റ് 26ന് പൂക്കോട്ടൂരില്‍ സമരം പൊട്ടിപ്പുറപ്പെടുന്നത്. സാധാരണക്കാരുടെ പങ്കാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബ്രിട്ടീഷുകാരുടെ രേഖകളില്‍ ആ യുദ്ധത്തില്‍ എത്ര പേര്‍ മരിച്ചുവെന്നതിന് കൃത്യമായ കണക്കില്ല. അഞ്ഞൂറിന് താഴെയാണെന്ന് അവരുടെ രേഖകള്‍ പറയുന്നു. പൂക്കോട്ടൂരിലെയും മറ്റും ശുഹദാക്കളെ അടക്കം ചെയ്ത കുഴികളുടെ എണ്ണം നോക്കിയാല്‍ തന്നെ അതിലധികമാണ് എന്ന് കണ്ടെത്താം.
ഏറ്റവും രൂക്ഷമായ ജന്മിത്വ വ്യവസ്ഥ നിലനിന്നിരുന്ന പ്രദേശമാണ് പൂക്കോട്ടൂര്‍. പൂക്കോട്ടൂരിലെ മാത്രമല്ല സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ ഈ യുദ്ധത്തില്‍ പങ്കെടുത്തതായി ചരിത്രത്തില്‍ കാണാം. പോലീസ് രേഖകളില്‍ മൂന്ന് പേര്‍ മാത്രമാണ് ഈ യുദ്ധത്തില്‍ പോലീസിന്റെ വെടിയുണ്ടകളേറ്റ് മരിച്ചതെന്നാണ് കാണപ്പെടുന്നത്. നൂറുകണക്കിന് ധീരദേശാഭിമാനികളെ വിസ്മരിക്കുന്നതിന് വേണ്ടി വ്യാജ രേഖകളുണ്ടാക്കുകയായിരുന്നു ബ്രിട്ടീഷ് ഭരണകൂടം.
പൂക്കോട്ടൂരിലെ യുദ്ധം ഐതിഹാസികമായിരുന്നു. ജീവന്‍ പോയാലും രാജ്യത്തിന് വേണ്ടി പോരാടുക എന്ന തീരുമാനമെടുത്ത അനേകം ചെറുപ്പക്കാരുണ്ടായിരുന്നു. അവരെ ഇതിന് പ്രേരിപ്പിച്ചുവിട്ട വീട്ടകങ്ങളിലെ സ്ത്രീകള്‍ ഈ യുദ്ധത്തിന്റെ ഭാഗമാണ്. സംഘടിത സമരമായിരുന്നു ഇതെന്നും നിഷ്ഠൂരമായി ഇതിനെ നേരിടുകയായിരുന്നുവെന്നും ചരിത്രത്തില്‍ കണ്ടെത്താം. സമരക്കാരുടെ ലക്ഷ്യം പിഴച്ചില്ല. നിരവധി പോലീസുകാരെയും ബ്രിട്ടീഷുകാരെയും സമരക്കാര്‍ വധിച്ചു. എന്നാല്‍ ആയുധത്തിലും സംഘാടനത്തിലും കുറവ് വന്നതിനാല്‍ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
പൂക്കോട്ടൂര്‍ സമരത്തെ നേരിടാന്‍ ബ്രിട്ടീഷ് ഭരണകൂടം എത്ര പണിയെടുത്തിട്ടുണ്ടെന്നത് മനസ്സിലാക്കാന്‍ ഹിച്ച് കോക്കിന്റെ രേഖകള്‍ മാത്രം മനസ്സിലാക്കിയാല്‍ മതിയാകും. പൂക്കോട്ടൂര്‍ അവരെ നടുക്കത്തിലാക്കിയ സംഭവമാണ്. അവര്‍ പിന്നീട് ഇന്ത്യ വിട്ട് പോകുന്നത് വരെ പൂക്കോട്ടൂരിനെ മറന്നിട്ടില്ല. 1925ല്‍, പൂക്കോട്ടൂര്‍ യുദ്ധം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം പൂക്കോട്ടൂരില്‍ നിന്ന് ഒരു മാപ്പിളയെ ബ്രിട്ടീഷ് പോലീസ് പിടികൂടി. അദ്ദേഹത്തിന്റെ കൈയില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നും വീണ്ടും ഒരു സമരത്തിന് പൂക്കോട്ടൂര്‍ ഒരുങ്ങുന്നുണ്ടെന്നും പറഞ്ഞ് അവിടുത്തെ മേധാവികളെയും ജന്മിമാരെയും സമ്പന്നരെയും മറ്റും 1925 മെയില്‍ ബ്രിട്ടീഷുകാര്‍ വിളിച്ചുവരുത്തി കടുത്ത ശാസന നല്‍കി. സാധാരണ ജനങ്ങള്‍ക്ക് മുന്നറിയിപ്പിന് വേണ്ടി പൂക്കോട്ടൂരിലെ മുഴുവന്‍ പ്രദേശങ്ങളിലും അവര്‍ മലയാളത്തില്‍ നോട്ടീസ് പതിച്ചു.
മാപ്പിളമാരെയും ജനങ്ങളെയും യുദ്ധത്തില്‍ പരാജയപ്പെടുത്തിയെങ്കിലും ഇതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ പിന്നീട് പലപ്പോഴുമുണ്ടായി. ആഗസ്റ്റ് 27ാം തീയതി രാവിലെ പൂക്കോട്ടൂരില്‍ ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ കണ്ടത്, ഉപേക്ഷിച്ചുപോയ അവരുടെ മോട്ടോര്‍ വാഹനങ്ങളും മറ്റും തീയിട്ട് നശിപ്പിച്ചതാണ്. യുദ്ധഭൂമിയില്‍ ബ്രിട്ടീഷുകാരുടെ അടയാളങ്ങള്‍ പോലും ബാക്കിവെക്കാന്‍ ജീവിച്ചിരുന്നവര്‍ തയ്യാറായില്ല. യുദ്ധം കഴിഞ്ഞ് മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത വിധത്തില്‍ വഴിയില്‍ മാപ്പിളമാര്‍ അവര്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്നും രേഖകളില്‍ കാണാം. പൂക്കോട്ടൂര്‍ ശുഹദാക്കളുടെ മൃതദേഹങ്ങള്‍ പോലും അവര്‍ ഭയന്നുവെന്നും പിന്നീടുള്ള അവരുടെ നീക്കങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ പൂക്കോട്ടൂരിലെ സമരത്തിന്റെ ലക്ഷ്യം ബ്രിട്ടീഷുകാരുടെ അന്ത്യമായിരുന്നുവെന്ന് ചരിത്രം വിളിച്ചോതുന്നു. ഇത്തരം സമരങ്ങളിലെ പോരാളികളുടെ പേരുകള്‍ മറക്കാന്‍ സാധിക്കില്ല. അവരെ നമ്മള്‍ നിരന്തരം സ്മരിച്ചുകൊണ്ടിരിക്കും. ഏതെങ്കിലും പുസ്തകത്തില്‍ നിന്ന് വെട്ടിനീക്കിയാല്‍ അവരുടെ ഓര്‍മകള്‍ അവസാനിച്ചുപോകുകയില്ല.
(കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രൊഫസറാണ് ലേഖകന്‍ )