Connect with us

Siraj Article

സര്‍വകലാശാലകളെ വിഴുങ്ങുന്ന കാവിരാഷ്ട്രീയം

അധ്യാപകരും ജീവനക്കാരും ദേശവിരുദ്ധമായ ക്ലാസ്സുകളില്‍ നിന്നും പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും രാജ്യതാത്പര്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമാണ് നിര്‍വാഹക സമിതി തീരുമാന പ്രകാരം കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഇറക്കിയിരിക്കുന്ന സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനി മുതല്‍ കേന്ദ്ര സര്‍വകലാശാലയില്‍ ആര്‍ എസ് എസ് നിലപാടുകള്‍ക്കൊപ്പം നില്‍ക്കാത്ത അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും ചെറുചലനങ്ങള്‍ പോലും നിരീക്ഷണത്തിലായിരിക്കുമെന്ന് സാരം

Published

|

Last Updated

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് അഭിമാനവും മുതല്‍ക്കൂട്ടുമാകുമെന്ന് വിലയിരുത്തപ്പെട്ട സര്‍വകലാശാലകളെ കാവിരാഷ്ട്രീയം വിഴുങ്ങുന്ന അസുഖകരമായ കാഴ്ചയാണ് പ്രകടമാകുന്നത്. കാസര്‍കോട് ജില്ലയിലെ കേന്ദ്ര സര്‍വകലാശാലയില്‍ ഏറെക്കാലമായും കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതുതായും സംഘ്പരിവാര്‍ താത്പര്യങ്ങള്‍ക്കനുസൃതമായുള്ള പഠനാന്തരീക്ഷം നിലനില്‍ക്കുന്നു. പെരിയ ആസ്ഥാനമായുള്ള കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാഭ്യാസ രീതികളും അതുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങളും സംഘ്പരിവാര്‍ അജന്‍ഡക്കനുസരിച്ച് പരുവപ്പെടുത്തുന്നതിനുള്ള കുത്സിത നീക്കങ്ങളാണ് നടന്നുവരുന്നത്. എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും യു എ പി എ വകുപ്പ് പ്രകാരമുള്ള കേസുകളില്‍പ്പെടുത്തി പീഡിപ്പിക്കുകയും ചെയ്യുന്ന ക്രൂരവിനോദം കേന്ദ്ര സര്‍വകലാശാലയുടെ പ്രവര്‍ത്തനം പെരിയയില്‍ ആരംഭിച്ച കാലം മുതല്‍ക്കേ നടമാടി വരികയാണ്. നിരവധി അധ്യാപകരും വിദ്യാര്‍ഥികളും ഈ സ്ഥാപനത്തില്‍ വേട്ടയാടപ്പെട്ടു. കേന്ദ്ര സര്‍വകലാശാലയിലെ കാവിവത്കരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെയും സമരം നടത്തുന്നവരെയും അടിച്ചമര്‍ത്തുന്ന സമീപനവുമായാണ് സര്‍വകലാശാല അധികൃതര്‍ മുന്നോട്ടുപോകുന്നത്. ഫാസിസ്റ്റ് വിരുദ്ധനിലപാട് സ്വീകരിച്ച കേന്ദ്ര സര്‍വകലാശാലയിലെ ഒരു അധ്യാപകനെ ഗവേഷണ വിദ്യാര്‍ഥിനിയെ കൊണ്ട് പരാതി കൊടുപ്പിച്ച് കേസില്‍ പെടുത്തുകയും ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തത് അടുത്ത കാലത്താണ്. പൗരത്വ നിയമത്തിനെതിരെ ജനാധിപത്യപരമായി സമരം സംഘടിപ്പിച്ചതിന്റെ പേരില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഇവിടെ ക്രൂരമായി വേട്ടയാടപ്പെട്ടു. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ നക്‌സലൈറ്റ് ബന്ധം ആരോപിച്ച് ആന്ധ്രാ സ്വദേശിയായ ഒരു വിദ്യാര്‍ഥിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ഈ വിദ്യാര്‍ഥിയെ യു എ പി എ ചുമത്തി ജയിലിലടക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ രക്ഷാബന്ധന്‍ ചടങ്ങുകളില്‍ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കാന്‍ സംഘ്പരിവാര്‍ നടത്തിയ ശ്രമങ്ങളും വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.

അധ്യാപകര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് കേന്ദ്ര സര്‍വകലാശാലയില്‍ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍വകലാശാല അധികൃതരുടെ പുതിയ തീരുമാനം കടുത്ത പൗരാവകാശലംഘനം തന്നെയാണ്. സര്‍വകലാശാലയുടെ 51ാമത് നിര്‍വാഹക സമിതി യോഗത്തിലാണ് ഇങ്ങനെയൊരു വിവാദ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അധ്യാപകരും ജീവനക്കാരും ദേശവിരുദ്ധമായ ക്ലാസ്സുകളില്‍ നിന്നും പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും രാജ്യതാത്പര്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമാണ് നിര്‍വാഹക സമിതി തീരുമാന പ്രകാരം കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഇറക്കിയിരിക്കുന്ന സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനി മുതല്‍ കേന്ദ്ര സര്‍വകലാശാലയില്‍ ആര്‍ എസ് എസ് നിലപാടുകള്‍ക്കൊപ്പം നില്‍ക്കാത്ത അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും ചെറുചലനങ്ങള്‍ പോലും നിരീക്ഷണത്തിലായിരിക്കുമെന്ന് സാരം. നിരീക്ഷണത്തിന് വൈസ് ചാന്‍സലറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എം എ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ കേന്ദ്രത്തിലെ ബി ജെ പി ഭരണകൂടത്തെ ഫാസിസ്റ്റ് ആഭിമുഖ്യമുള്ള സര്‍ക്കാറെന്ന് പരാമര്‍ശിച്ചതിന്റെ പേരില്‍ ഇന്റര്‍ നാഷനല്‍ റിലേഷന്‍സ് പൊളിറ്റിക്‌സ് വിഭാഗം അധ്യാപകന്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സസ്‌പെന്‍ഡ് ചെയ്തതിന്റെ തുടര്‍ച്ചയായാണ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂച്ചുവിലങ്ങിടുന്ന സര്‍ക്കുലറുമായി കേന്ദ്ര സര്‍വകലാശാല അധികൃതര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കുലറില്‍ വിശദീകരിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പിയെയും സംഘ്പരിവാര്‍ സംഘടനകളെയും വിമര്‍ശിക്കുന്നതിനെയാണ് കേന്ദ്ര സര്‍വകലാശാലയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കുന്നത്.

രാഷ്ട്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നതും രാജ്യവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതുമാണ് ദേശവിരുദ്ധ നിലപാടായി നമ്മളെല്ലാം മനസ്സിലാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയിലും ഈ രീതിയിലുള്ള നിര്‍വചനമാണുള്ളത്. മോദിയെയും ആര്‍ എസ് എസിനെയും വിമര്‍ശിക്കുന്നത് രാഷ്ട്രീയമാണ്. എന്നാല്‍ അതിനെയും ദേശവിരുദ്ധമെന്ന് മുദ്രകുത്തുമ്പോള്‍ ആശയങ്ങളെ രാഷ്ട്രീയമായി നേരിടുന്നതില്‍ സംഘ്പരിവാര്‍ എത്രമാത്രം പരാജയമാണെന്ന വസ്തുതയാണ് വീണ്ടും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ്സുകളിലും നവ മാധ്യമങ്ങളിലും മാത്രമല്ല സ്വകാര്യ ഇടങ്ങളില്‍ പോലും സംഘ്പരിവാര്‍ വിരുദ്ധ നിലപാടുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം നല്‍കാത്ത വിധത്തിലുള്ള നിരീക്ഷണങ്ങള്‍ കേന്ദ്ര സര്‍വകലാശാലയില്‍ ഫാസിസ്റ്റ് സര്‍വാധിപത്യത്തിന് ഇടവരുത്തും. തങ്ങള്‍ക്ക് അഹിതകരമായ അഭിപ്രായങ്ങള്‍ പറയുന്നവരെ യു എ പി എ ചുമത്തി ജയിലിലടക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബി ജെ പി സര്‍ക്കാറുകളുടെ ശൈലിയിലാണ് കേന്ദ്ര സര്‍വകലാശാലയുടെ ഭരണവും നടക്കുന്നത്. ഇന്ത്യയിലെ ഓരോ പൗരനും നമ്മുടെ ഭരണഘടന അനുവദിച്ചിട്ടുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭീകരമായ കടന്നാക്രമണം തന്നെയാണ് ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍. കേന്ദ്ര സര്‍വകലാശാലയില്‍ പാഠ്യപദ്ധതികളിലടക്കം സമ്പൂര്‍ണ കാവിവത്കരണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിഷേധങ്ങളെ മുളയിലേ നുള്ളിക്കളയുകയെന്ന ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് ചില പ്രത്യേക വിലക്കുകള്‍ നിര്‍ദേശിക്കുന്ന വിവാദ സര്‍ക്കുലറെന്ന് വ്യക്തമാണ്.

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി എം എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് സിലബസില്‍ സംഘ്പരിവാര്‍ നേതാക്കളായ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ബല്‍രാജ് മധോക്കറുടെയും ദീന്‍ദയാല്‍ ഉപാധ്യായയുടെയും വര്‍ഗീയ രാഷ്ട്രീയ ചിന്തകള്‍ പഠിപ്പിക്കുന്നത് അങ്ങേയറ്റം ആപത്കരമാണ്. ഇവരുടെ വിഷലിപ്തമായ ആശയങ്ങളെ മഹത്വവത്കരിച്ച് പഠിപ്പിക്കുന്നത് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭാഗീയ ചിന്തയും വിദ്വേഷവും വളരാന്‍ ഇടവരുത്തും. രാജ്യത്തെ ഇതര മതവിഭാഗങ്ങളെ ഹിന്ദുക്കളുടെ ശത്രുക്കളായി വിലയിരുത്തുന്ന ആശയമാണ് സവര്‍ക്കറും ഗോള്‍വാള്‍ക്കറും കൊണ്ടുനടന്നത്. സംഘ്പരിവാറുകാര്‍ക്ക് വേണ്ടി സ്വകാര്യമായി നടത്തുന്ന ക്ലാസ്സുകളില്‍ മാത്രം ഒതുങ്ങുന്ന ഇത്തരം ആശയങ്ങള്‍ക്ക് അക്കാദമിക് സ്വീകാര്യതയുണ്ടാക്കുന്നത് തലമുറകളോട് ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത അപരാധമാണ്. സംഘ്പരിവാറിന് അനുകൂലമായി ചരിത്രത്തെ അപനിര്‍മിച്ച് വികലമായ വീക്ഷണങ്ങളെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാക്കാനുള്ള കുത്സിത നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയും കണ്ണൂര്‍ സര്‍വകലാശാലയും കാവിരാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലകളാക്കുന്നതില്‍ അത്ഭുതമില്ല. സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളും ഈ രീതിയില്‍ എത്തിപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ പരീക്ഷണങ്ങള്‍ വിജയിക്കാന്‍ മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സമൂഹം അനുവദിക്കരുത്. സംഘ്പരിവാര്‍ അജന്‍ഡകള്‍ വിജയിച്ചാല്‍ അതുണ്ടാക്കുന്ന സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ദുരന്തഫലങ്ങള്‍ തലമുറകളോളം അനുഭവിക്കേണ്ടിവരും.

Latest