Kerala
മേയര്‍ വി വി രാജേഷിന്റെ പേര് വെട്ടിയത് പ്രധാനമന്ത്രിയുടെ ഓഫീസ്; മോദിയെ സ്വീകരിക്കാന്‍ എത്തില്ല
സ്വീകരിക്കാന്‍ എത്തുന്നവരുടെ പട്ടികയില്‍ മേയറുടെ പേരും ചേര്‍ത്താണ് പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നത്.
തിരുവനന്തപുരം \ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനുള്ളവരുടെ പട്ടികയില്‍നിന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷ് പുറത്ത്. മേയറെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫിസാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വീകരിക്കാന്‍ എത്തുന്നവരുടെ പട്ടികയില്‍ മേയറുടെ പേരും ചേര്‍ത്താണ് പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നത്. സാധാരണ തിരുവനന്തപുരത്ത് പ്രധാനമന്ത്രി വരുമ്പോള്‍ വിമാനത്താവളത്തില്‍ മേയര്‍ സ്വീകരിക്കാനെത്തുന്ന പതിവുണ്ട്.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സൈനിക, പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 22 പേരുടെ പട്ടികയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന അന്തിമ പട്ടികയിലുള്ളത്. എന്‍ഡിഎ ബിജെപി നേതാക്കളും പട്ടികയിലുണ്ട്.
സുരക്ഷാ കാരണങ്ങളാല്‍ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് നേരത്തേ മേയര്‍ വി വി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളിലും വേദിയിലുള്ളതിനാല്‍ സ്വീകരണച്ചടങ്ങ് ഒഴിവാക്കിയെന്നും മേയറുടെ ഓഫിസ് വിശദീകരിച്ചു.




