Connect with us

Kerala

സ്മാര്‍ട്ട് പരീക്ഷ: മത്സരാധിഷ്ഠിത സമൂഹത്തില്‍ മദ്‌റസാ വിദ്യാര്‍ഥികളുടെ ഭാഗധേയം ഉറപ്പുവരുത്തുന്നു: കാന്തപുരം

സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.

Published

|

Last Updated

സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് സംസ്ഥാനതല അവാര്‍ഡ് ദാന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകൃത മദ്റസകളില്‍ നടത്തിവരുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ മത്സരാധിഷ്ഠിത സമൂഹത്തില്‍ മദ്റസാ വിദ്യാര്‍ഥികളുടെ ഭാഗധേയം ഉറപ്പുവരുത്തുന്നതാണെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. വര്‍ത്തമാനകാലത്ത് മൂല്യബോധമുള്ള ഭാവി തലമുറയെ വളര്‍ത്തുകയാണ് മദ്റസാ പ്രസ്ഥാനം നിര്‍വഹിക്കുന്ന ധര്‍മ്മം. സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ഗോള്‍ഡ് കോയിന്‍, സ്വര്‍ണ മെഡല്‍, മെറിറ്റ് സര്‍ട്ടിഫിക്കറ്റ്, സ്‌കോളര്‍ഷിപ്പ് അടക്കമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കാരന്തൂര്‍ മര്‍കസില്‍ സ്മാര്‍ട്ട് ഇവന്റസ് 2026 വേദിയില്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വക്കേറ്റ് എം കെ സക്കീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി 60 കുട്ടികള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വിജയശതമാനത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ മുജീബ് റഹ്മാന്‍ നിസാമി ആലപ്പുഴ, മുഹമ്മദ് ഷാഫി സഖാഫി ഐക്കരപ്പടി എന്നിവര്‍ക്ക് സുല്‍ത്താനുല്‍ ഉലമ സമ്മാനിച്ചു.

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ മോട്ടിവേഷന്‍ ക്ലാസിന് നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ നേതൃത്വം നല്‍കി. കെ കെ നവാസ് (കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), കാരാട്ട് റസാക്ക് (ചെയര്‍മാന്‍ മദ്‌റസാ ക്ഷേമനിധി ബോര്‍ഡ്), എന്‍ അലി അബ്ദുല്ല (ചെയര്‍മാന്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്), സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി, മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, അബു ഹനീഫല്‍ ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ സി പി സൈതലവി മാസ്റ്റര്‍, ഡോക്ടര്‍ അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, അബൂബക്കര്‍ പടിക്കല്‍, ഫസല്‍ മാസ്റ്റര്‍, അബ്ദുല്‍ അസീസ് ഫൈസി കാട്ടുകുളങ്ങര പ്രസംഗിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ് സാഹിബ് സ്വാഗതവും സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് ഡയറക്ടര്‍ ഇ യഅ്ഖൂബ് ഫൈസി നന്ദിയും പറഞ്ഞു.