Connect with us

Editorial

പ്ലസ് വണ്‍ പ്രതിസന്ധി: താത്കാലിക പരിഹാരത്തിനപ്പുറം

ഓരോ വര്‍ഷവും സീറ്റിനു വേണ്ടി മുറവിളി ഉയരുമ്പോള്‍ താത്കാലിക അധിക ബാച്ചുകള്‍ അനുവദിക്കുന്നത് രോഗലക്ഷണത്തിന് മരുന്ന് നല്‍കുന്നതിനു തുല്യമാണ്. രോഗത്തിന്റെ മൂലകാരണം കണ്ടെത്തി ചികിത്സിച്ചെങ്കില്‍ മാത്രമേ ശാശ്വത പരിഹാരമാകുകയുള്ളൂ.

Published

|

Last Updated

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ വര്‍ഷങ്ങളായുള്ള ചര്‍ച്ചാ വിഷയമാണ് മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം. ഓരോ അധ്യയന വര്‍ഷവും എസ് എസ് എല്‍ സി ഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്ലസ്വണിന് അധിക ബാച്ചുകള്‍ ആവശ്യപ്പെട്ട് രംഗത്തിറങ്ങുന്നു. അധിക സീറ്റുകളോ താത്കാലിക അധിക ബാച്ചുകളോ അനുവദിച്ചാണ് സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കുന്നത്. ഇത്തവണ പ്രശ്ന പരിഹാരത്തിന് കാസര്‍കോട്, വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളില്‍ 120 അധിക ബാച്ചുകള്‍ അനുവദിച്ച് ഉത്തരവ് ഇറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതുപ്രകാരം ഈ ജില്ലകളില്‍ 7,200 വിദ്യാര്‍ഥികള്‍ക്ക് കൂടുതലായി അഡ്മിഷന്‍ ലഭിക്കും. അധിക സാമ്പത്തിക ബാധ്യതയില്ലാത്ത ക്രമീകരണമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. സീറ്റ് കിട്ടാതെ നെട്ടോട്ടം നടത്തുന്ന മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസകരമാണ് ഈ നടപടിയെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമാണോ? 120 അധിക ബാച്ചുകള്‍ ഈ വര്‍ഷത്തെ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിച്ചേക്കാം. എന്നാല്‍ അടുത്ത വര്‍ഷവും സീറ്റിനു വേണ്ടിയുള്ള മുറവിളിയും പ്രതിഷേധവും ആവര്‍ത്തിക്കും.

ഓരോ വര്‍ഷവും സീറ്റിനു വേണ്ടി മുറവിളി ഉയരുമ്പോള്‍ താത്കാലിക അധിക ബാച്ചുകള്‍ അനുവദിക്കുന്നത് രോഗലക്ഷണത്തിന് മരുന്ന് നല്‍കുന്നതിനു തുല്യമാണ്. രോഗത്തിന്റെ മൂലകാരണം കണ്ടെത്തി ചികിത്സിച്ചെങ്കില്‍ മാത്രമേ ശാശ്വത പരിഹാരമാകുകയുള്ളൂ. മലബാറിലെ ജില്ലകളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും അതിന് ആനുപാതികമായി ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ വര്‍ധിച്ചിട്ടില്ല. അതേസമയം വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും വിദ്യാഭ്യാസത്തോടുള്ള താത്പര്യവും പൊതുവിദ്യാലയങ്ങളോടുള്ള വിശ്വാസവും വര്‍ധിച്ചിട്ടുമുണ്ട്. ഇത് മനസ്സിലാക്കി നടപടി സ്വീകരിക്കാത്തിടത്തോളം പ്രശ്നം അതേപടി അവശേഷിക്കും.

താത്കാലിക ബാച്ചുകള്‍ അനുവദിക്കുന്നത് അടിയന്തര ബാധ്യതയില്‍ നിന്നുള്ള സര്‍ക്കാറിന്റെ തലയൂരല്‍ മാത്രമാണ്. കൃത്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇത്തരം ബാച്ചുകള്‍ വരുന്നത് സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങളെയും അധ്യാപന നിലവാരത്തെയും ദോഷകരമായി ബാധിക്കും. ആവശ്യത്തിന് ക്ലാസ്സ് മുറികളോ വേണ്ടത്ര ലാബ്-ലൈബ്രറി സൗകര്യങ്ങളോ ഇല്ലാതെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുമ്പോള്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നഷ്ടമാകും. അധ്യയന വര്‍ഷം തുടങ്ങി മാസങ്ങള്‍ പിന്നിട്ട ശേഷം ക്ലാസ്സുകള്‍ ആരംഭിക്കുന്നതും താത്കാലിക അധ്യാപകരെ വെച്ച് അധ്യയനം നടത്തുന്നതും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു. മുറിവേറ്റ കൈയില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുന്നതിനു തുല്യമായ പരിഹാരമേ താത്കാലിക ബാച്ചുകള്‍ നല്‍കുകയുള്ളൂ.

തെക്കന്‍, മധ്യ ജില്ലകളില്‍ ഓരോ വര്‍ഷവും വിദ്യാര്‍ഥികളില്ലാതെ പതിനായിരക്കണക്കിനു പ്ലസ് വണ്‍ സീറ്റുകളും നിരവധി ബാച്ചുകളും വെറുതെ കിടക്കുന്നുണ്ട്. അതേസമയം മലബാറിലെ കുട്ടികള്‍ സീറ്റില്ലാതെ വലയുകയും ചെയ്യുന്നു. അശാസ്ത്രീയമായ ബാച്ച് വിന്യാസമാണ് കാരണം. ഇത് തിരുത്തേണ്ടതുണ്ട്. കുട്ടികള്‍ കുറവുള്ള സ്‌കൂളുകളിലെ ബാച്ചുകള്‍ കൃത്യമായി കണക്കാക്കി വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലുള്ള മലബാറിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്ക് അവ മാറ്റി സ്ഥാപിക്കാവുന്നതാണ്. അതേസമയം ബാച്ച് പുനഃക്രമീകരണം കൊണ്ട് മാത്രം പരിഹരിക്കപ്പെടാവുന്നതല്ല മലബാറിലെ സീറ്റ് പ്രശ്നം. നിലവിലുള്ള ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറികളായി ഉയര്‍ത്തുകയും ഭൗതിക സാഹചര്യമുള്ള പ്രദേശങ്ങളില്‍ പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ആരംഭിക്കുകയും വേണം. വര്‍ഷങ്ങളായി താത്കാലിക ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ ബാച്ചുകള്‍ സ്ഥിരമാക്കി ഉത്തരവിറക്കുകയും ചെയ്യേണ്ടതുണ്ട്.

ഹയര്‍ സെക്കന്‍ഡറി പ്രവേശന വിഷയത്തില്‍ ഒരു സ്വതന്ത്ര വിദ്യാഭ്യാസ ആസൂത്രണ കമ്മീഷന്‍ രൂപവത്കരണവും പരിഗണിക്കാവുന്നതാണ്. ഓരോ വര്‍ഷവും എസ് എസ് എല്‍ സി വിദ്യാര്‍ഥികളുടെ എണ്ണവും പ്ലസ് വണ്‍ പ്രവേശന സാധ്യതാ കണക്കുകളും കണ്ടെത്തി അടുത്ത വര്‍ഷത്തെ സീറ്റ് ആവശ്യകത സംബന്ധിച്ച് സര്‍ക്കാറിന് ശിപാര്‍ശ ചെയ്യാന്‍ കഴിയുന്ന വിദഗ്ധ സമിതിയാണ് ആവശ്യം. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കനുസരിച്ച് ബാച്ചുകള്‍ അനുവദിക്കുന്നതിനു പകരം ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടത്.

വികസനത്തിലെ അസന്തുലിതാവസ്ഥയുടെയും വിദ്യാഭ്യാസ ആസൂത്രണത്തിലെ വീഴ്ചയുടെയും പ്രതിഫലനം കൂടിയാണ് മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം. ബാച്ചുകള്‍ അനുവദിക്കുന്നതിലും വിദ്യാഭ്യാസ കാര്യത്തിലെ വികസനത്തിലും ജില്ലകള്‍ക്കിടയില്‍ വളരെ അന്തരമുണ്ട്. സമതുലിതമായിരിക്കണം എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ രംഗത്തെ വികസനം. ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് മലബാറിലെ ജനസംഖ്യാ വളര്‍ച്ചയും സാമൂഹിക യാഥാര്‍ഥ്യങ്ങളും പരിഗണിച്ച് പ്രത്യേക വിദ്യാഭ്യാസ വികസന പാക്കേജ് പ്രഖ്യാപിക്കാവുന്നതാണ്.

അധികാരത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും പ്രശ്നത്തെ വ്യത്യസ്ത രീതിയില്‍ സമീപിക്കുന്ന രാഷ്ട്രീയ നിലപാടിലും മാറ്റം ആവശ്യമാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്ഥിരം ബാച്ചുകള്‍ ആവശ്യപ്പെടുകയും ഭരണത്തിലെത്തുമ്പോള്‍ താത്കാലിക ബാച്ചുകള്‍ മാത്രം അനുവദിക്കുകയും ചെയ്യുന്ന സമീപനം വിദ്യാര്‍ഥികളോടുള്ള നീതിനിഷേധമാണ്. പൊതുവിദ്യാഭ്യാസത്തെ വോട്ട്ബേങ്കിനും താത്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കും ഉപകരണമാക്കുന്ന രീതി അവസാനിപ്പിക്കണം. ഭരണ- പ്രതിപക്ഷമന്യേ എല്ലാ കക്ഷികളും വിഷയത്തെ ഭാവിതലമുറയെ ബാധിക്കുന്ന അടിയന്തര പ്രാധാന്യമുള്ള പൊതുവിഷയമായി കാണേണ്ടതുണ്ട്. എങ്കിലേ ഇത് ഭരണമാറ്റങ്ങളെ ബാധിക്കാത്ത ശാശ്വത പരിഹാരത്തിലേക്ക് എത്തുകയുള്ളൂ.

 

Latest