Connect with us

Kerala

മോദിയെ അധികാരത്തില്‍ നിന്ന് മാറ്റണമെന്നേ ജനം ചിന്തിച്ചുള്ളൂ; തോല്‍വിയുടെ പേരില്‍ ആരും രാജി ചോദിച്ചു വരേണ്ട: മുഖ്യമന്ത്രി

യു ഡി എഫ് ജയിച്ചതിലൊന്നും വേവലാതിയില്ല. സംസ്ഥാനത്ത് ഒരു മണ്ഡലത്തില്‍ ബി ജെ പി വിജയിച്ചതിലാണ് വേവലാതി. മഹാവിജയം നേടിയ യു ഡി എഫിന് എങ്ങനെ വോട്ട് കുറഞ്ഞു എന്ന് പരിശോധിക്കണം.

Published

|

Last Updated

തിരുവനന്തപുരം | ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് നേരിട്ട തിരിച്ചടിയുടെ പേരില്‍ തന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ ആരും രാജി ചോദിച്ചു വരേണ്ടതില്ല. മോദിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നേ ജനം ചിന്തിച്ചുള്ളൂ. അതിനെ ഇടതുപക്ഷ വിരോധമായി കണക്കാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. മുമ്പ് എ കെ ആന്റണി രാജിവെച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ലെന്നും കോണ്‍ഗ്രസ്സിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് ജയിച്ചതിലൊന്നും വേവലാതിയില്ല. സംസ്ഥാനത്ത് ഒരു മണ്ഡലത്തില്‍ ബി ജെ പി വിജയിച്ചതിലാണ് വേവലാതി. ബി ജെ പിയുടെ തൃശൂരിലെ വിജയത്തെ ഗൗരവമായി കാണണം. എല്‍ ഡി എഫിന് 4.92 ശതമാനം വോട്ടാണ് കുറഞ്ഞത്. അതേസമയം യു ഡി എഫ് വോട്ടില്‍ 6.11 ശതമാനത്തിന്റെ കുറവുണ്ടായി.

മഹാവിജയം നേടിയ യു ഡി എഫിന് എങ്ങനെ വോട്ട് കുറഞ്ഞു എന്ന് പരിശോധിക്കണം. വിജയത്തില്‍ അഹങ്കരിക്കരുത്. ലീഗ് വിജയത്തില്‍ മത്തുപിടിച്ച പോലെയാണ് പെരുമാറുന്നത്.

താന്‍ പറഞ്ഞതില്‍ വസ്തുതയുണ്ടോയെന്നാണ് നോക്കേണ്ടതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അല്ലാതെ ബബ്ബബ്ബ പറയരുത്. ഇടതുപക്ഷത്തിന്റേത് ആത്യന്തിക പരാജയമല്ല. ജനപിന്തുണയോടെ ഞങ്ങള്‍ ഇവിടെയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest