Connect with us

From the print

കമ്മീഷനില്‍ ജനങ്ങള്‍ക്ക് അവിശ്വാസം

ഉയര്‍ന്ന വിശ്വാസത്തില്‍ ഇടിവെന്ന് സര്‍വേ ഫലം.

Published

|

Last Updated

വിശാഖപട്ടണം | വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള പൊതുജന വിശ്വാസം കുറയുന്നതായി സര്‍വേ റിപോര്‍ട്ട്. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റീസിന്റെ ലോക്‌നീതി പ്രോഗ്രാം നടത്തിയ പോസ്റ്റ് പോള്‍ സര്‍വേയിലാണ് 2019നും 2025നും ഇടയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ‘ഉയര്‍ന്ന വിശ്വാസം’ രേഖപ്പെടുത്തുന്ന വോട്ടര്‍മാരുടെ ശതമാനത്തില്‍ ഗണ്യമായ കുറവുണ്ടായതായി വ്യക്തമാക്കുന്നത്.

ഇടിവ് കൂടുതല്‍ മധ്യപ്രദേശില്‍
മധ്യപ്രദേശിലാണ് കമ്മീഷനിലുള്ള വിശ്വാസത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഉയര്‍ന്ന വിശ്വാസമുണ്ടായിരുന്നവരുടെ എണ്ണം 57 ശതമാനത്തില്‍ നിന്ന് 17 ശതമാനമായാണ് കുറഞ്ഞത്. ഡല്‍ഹിയില്‍ ഇത് 60 ശതമാനത്തില്‍ നിന്ന് 21 ശതമാനമായും ഉത്തര്‍പ്രദേശില്‍ 56 ശതമാനത്തില്‍ നിന്ന് 21 ശതമാനമായും കുറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമില്ലാത്ത വോട്ടര്‍മാരുടെ എണ്ണം മധ്യപ്രദേശില്‍ നാലിരട്ടിയായും ഡല്‍ഹിയില്‍ മൂന്നിരട്ടിയായും വര്‍ധിച്ചു. മധ്യപ്രദേശില്‍ ആറ് ശതമാനത്തില്‍ നിന്ന് 22 ശതമാനമായും ഡല്‍ഹിയില്‍ 11ല്‍ നിന്ന് 30 ആയുമായാണ് ഉയര്‍ന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് 19 സംസ്ഥാനങ്ങളിലായി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 14 ശതമാനം പേര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വലിയ വിശ്വാസമില്ലെന്നാണ് രേഖപ്പെടുത്തിയത്. തീരെ വിശ്വാസമില്ലാത്തവര്‍ ഒമ്പത് ശതമാനമായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് യഥാക്രമം ഏഴും അഞ്ചും ശതമാനമായിരുന്നു.

വോട്ട് കവര്‍ച്ചയും ബിഹാര്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് കൂട്ടത്തോടെയുള്ള വെട്ടിമാറ്റലും ഉയര്‍ത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം ബിഹാറില്‍ ‘വോട്ട് അധികാര്‍ യാത്ര’യുമായി മുന്നോട്ടുപോകുകയാണ്. വോട്ട് കവര്‍ച്ച വിഷയത്തില്‍ രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായ മറുപടി പറഞ്ഞിരുന്നില്ല.

 

Latest