Business
നിക്ഷേപകര്‍ക്കായി വമ്പന്‍ ലാഭവിഹിതം; പിന്നാലെ ജി സി സിയില്‍ റീട്ടെയ്ല്‍ സാന്നിധ്യം കൂടുതല്‍ വിപുലമാക്കി ലുലു
ദുബൈ നാദ് അല്‍ ഹമറില്‍ 260-ാമത്തെ ലുലു സ്റ്റോര്‍ തുറന്നു.

ദുബൈ | 2025ലെ ആദ്യ സാമ്പത്തിക പാദത്തിലെ മികച്ച വളര്‍ച്ചയ്ക്കും നിക്ഷേപകര്‍ക്കായി 867 കോടി രൂപയുടെ വമ്പന്‍ ലാഭവിഹിതം പ്രഖ്യാപിച്ചതിനും പിന്നാലെ ജി സി സിയില്‍ റീട്ടെയ്ല്‍ സേവനം കൂടുതല്‍ വിപുലമാക്കി ലുലു. ദുബൈ നാദ് അല്‍ ഹമറില്‍ പുതിയ എക്‌സ്പ്രസ് സ്റ്റോര്‍ തുറന്നു. ജി സി സിയിലെ 260-ാമത്തേയും യു എ ഇയിലെ 112-ാമത്തേയും സ്റ്റോറാണ് ദുബൈ നാദ് അല്‍ ഹമറിലേത്.
ലുലു ഗ്ലോബല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ എം എ സലിമിന്റെ സാന്നിധ്യത്തില്‍ ദുബൈ ഔഖാഫ് ഗവണ്‍മെന്റ് പാര്‍ട്ണര്‍ഷിപ്പേഴ്‌സ് അഡൈ്വസര്‍ നാസര്‍ താനി അല്‍ മദ്രൂസി, ഔഖാഫ് കൊമേഴ്‌സ്യല്‍ ബിസിനസ് ഡെവലപ്‌മെന്റ് പ്രതിനിധി ഗാലിബ് ബിന്‍ ഖര്‍ബാഷ് എന്നിവര്‍ ചേര്‍ന്ന് ലുലു എക്‌സ്പ്രസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
22,000 സ്‌ക്വയര്‍ ഫീറ്റിലുള്ള ലുലു എക്‌സ്പ്രസ് ദുബൈ നാദ് അല്‍ ഹമറിലെയും സമീപ്രദേശങ്ങളിലെയും ഉപഭോക്താകള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവമാണ് നല്‍കുക. പഴം പച്ചക്കറി, ഗ്രോസറി, ബേക്കറി, സീ ഫുഡ്, മീറ്റ്, ഡയറി പ്രൊഡക്ടുകള്‍, വീട്ടുപകരണങ്ങള്‍, ബ്യൂട്ടിപ്രൊഡക്ടുകള്‍ തുടങ്ങിയവയുടെ നവീനമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. മികച്ച ഇ കൊമേഴ്‌സ് സേവനവും ലുലു എക്‌സ്പ്രസില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ലുലു ഗ്ലോബല്‍ ഓപറേഷന്‍സ് ഡയറ്കടര്‍ എം എ സലിം പറഞ്ഞു. കൂടുതല്‍ സ്റ്റോറുകള്‍ യു എ ഇയില്‍ ഉടന്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലുലു ഗ്ലോബല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ഷാബു അബ്ദുല്‍ മജീദ്, ബയിങ് ഡയറക്ടര്‍ മുജീബ് റഹ്മാന്‍, ഗ്ലോബല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍, ദുബൈ ആന്‍ഡ് നോര്‍ത്തേണ്‍ എമിറേറ്റ്‌സ് റീജ്യണല്‍ ഡയറക്ടര്‍ ജയിംസ് കെ വര്‍ഗീസ്, ദുബൈ റീജ്യണ്‍ ഡയറക്ടര്‍ കെ പി തമ്പാന്‍ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.