Connect with us

Editorial

പെഗാസസ്: സര്‍ക്കാറിന് പ്രഹരം

വ്യക്തികളുടെ സ്വകാര്യത മൗലികാവകാശമാണെന്ന് 2017 ആഗസ്റ്റില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഏകകണ്ഠമായി വിധി പ്രസ്താവിച്ചതാണ്. എന്നിട്ടും ദേശസുരക്ഷയുടെ പേരില്‍ ഏത് പൗരന്റെയും സ്വകാര്യതയിലേക്ക് സര്‍ക്കാര്‍ കടന്നുകയറുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലവിലുള്ളത്. ഇതിനെതിരെയുള്ള മുന്നറിയിപ്പും താക്കീതുമാണ് കോടതി വിധി.

Published

|

Last Updated

കേന്ദ്ര സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ഇന്നലത്തെ സുപ്രീം കോടതി വിധിപ്രസ്താവം. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി കേസ് അന്വേഷിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരടങ്ങിയ ബഞ്ചിന്റെ തീരുമാനം. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതി മേല്‍നോട്ടം വഹിക്കും.

റോ മുന്‍ മേധാവി അലോക് ജോഷി, കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. സന്ദീപ് ഒബ് റോയി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. വിദഗ്ധ സമിതിയെ സഹായിക്കാന്‍ ഡോ. നവീന്‍ കുമാര്‍ ചൗധരി (ഡീന്‍, നാഷനല്‍ ഫോറന്‍സിക് സയന്‍സസ് യൂനിവേഴ്സിറ്റി, ഗാന്ധിനഗര്‍, ഗുജറാത്ത്), മലയാളി ഡോ. പി പ്രഭാകരന്‍ (അമൃത വിശ്വ വിദ്യാപീഠം, കൊല്ലം), ഡോ. അശ്വനി അനില്‍ ഗുമസ്ത (ഐ ഐ ടി മുംബൈ) എന്നിവരടങ്ങിയ മൂന്നംഗ സാങ്കേതിക സമിതിയെയും നിയോഗിച്ചു. വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കേസ് പരിഗണിച്ച സെപ്തംബര്‍ 23ന് തന്നെ കോടതി സൂചന നല്‍കിയിരുന്നു. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ വെക്കാമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശം തള്ളിയാണ് കോടതി നേരിട്ട് സമിതിയെ നിയോഗിച്ചത്.

രൂക്ഷമായ വിമര്‍ശമാണ് വിധിപ്രസ്താവത്തില്‍ കേന്ദ്രത്തിനെതിരെ കോടതി നടത്തിയത്. സുരക്ഷയുടെ പേരും പറഞ്ഞ് എന്തും ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസുമായി ബന്ധപ്പെട്ട് വളരെ കുറച്ചു വിവരങ്ങള്‍ മാത്രമാണ് കോടതിക്ക് സര്‍ക്കാറില്‍ നിന്ന് ലഭിച്ചത്. സ്വകാര്യതയിലേക്ക് കടന്നുകയറി മാധ്യമ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാന്‍ അനുവദിക്കാനാകില്ല. കോടതിയെ വെറും കാഴ്ചക്കാരാക്കുകയല്ല, മറിച്ച് കേന്ദ്രം തങ്ങളുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. മൗലികാവകാശങ്ങള്‍ ലംഘിപ്പെടുന്നുവെന്ന ആരോപണമാണ് ഇവിടെ ഉയര്‍ന്നിരിക്കുന്നത്. പെഗാസസ് ഉപയോഗിച്ചുവെന്ന കാര്യം ഇതുവരെ സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ലാത്തതിനാല്‍, ഹരജിക്കാരന്റെ ആവശ്യം പ്രഥമദൃഷ്ട്യാ സ്വീകരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് വഴിയില്ല. രാഷ്ട്രീയ വിവാദത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും വിവര സാങ്കേതിക വളര്‍ച്ചയുടെ കാലത്ത് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ? എങ്കില്‍ ആരുടെയൊക്കെ? 2019ല്‍ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഉയര്‍ന്ന സമയത്ത് കേന്ദ്രം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു, കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും പെഗാസസ് വാങ്ങിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഏത് നിയമം അനുസരിച്ച്? സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ പെഗാസസ് വാങ്ങിയിട്ടുണ്ടെങ്കില്‍ അത് നിയമപരമാണോ എന്നീ കാര്യങ്ങളാണ് സമിതി പരിശോധിക്കുക.

രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ, അഡ്വ. എം എല്‍ ശര്‍മ, എഡിറ്റേഴ്സ് ഗില്‍ഡ്, പെഗാസസ് ചോര്‍ത്തലിന് ഇരയായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരാണ് അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയതിനെ സര്‍ക്കാര്‍ ശരിവെക്കുകയോ തള്ളുകയോ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ ഹരജി. വിവരം ചോര്‍ത്തിയത് കേന്ദ്ര സര്‍ക്കാറാണെങ്കിലും വിദേശ ഏജന്‍സിയാണെങ്കിലും അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്. സര്‍ക്കാറാണ് ചെയ്തതെങ്കില്‍ അത് അനധികൃതമാണ്. വിദേശ ഏജന്‍സിയാണെങ്കില്‍ ബാഹ്യശക്തിയുടെ ഇടപെടലുമാണെന്ന് ഹരജിയില്‍ പറയുന്നു.

കോടതി പലവട്ടം ആവശ്യപ്പെട്ടിട്ടും പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രം വിസമ്മതിക്കുകയായിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ പറഞ്ഞത്. രാജ്യസുരക്ഷക്കു വേണ്ടി ഫോണ്‍ ചോര്‍ത്താന്‍ നിയമം അനുവദിക്കുന്നുണ്ട്. ഏത് സോഫ്റ്റ് വെയറാണ് ഉപയോഗിച്ചത് എന്ന് വെളിപ്പെടുത്താനുള്ള ഹരജിക്കാരന്റെ ആവശ്യം അംഗീകരിക്കാനാകില്ല. അത് അനുവദിച്ചു കൊടുത്താല്‍ നാളെ സൈന്യം ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചേക്കുമെന്നും അദ്ദേഹം വാദിച്ചു.

കഴിഞ്ഞ ജൂലൈയിലാണ് പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. കോണ്‍ഗ്രസ്സ് എം പി രാഹുല്‍ ഗാന്ധി, തൃണമൂല്‍ എം പി അഭിഷേക് ബാനര്‍ജി, 300ഓളം പ്രതിപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇലക്്ഷന്‍ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമമായ വയര്‍ റിപ്പോര്‍ട്ട് ചെയ്തത്. 2019ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി 2018-19 വര്‍ഷത്തിലാണ് മിക്കവരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ അനധികൃത ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും പുറത്തു വന്ന റിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് നിരക്കാത്തതും മുന്‍കൂട്ടി തീരുമാനിച്ച നിഗമനങ്ങളില്‍ അധിഷ്ഠിതവുമാണെന്നായിരുന്നു ഇതുസംബന്ധിച്ച കേന്ദ്ര വിശദീകരണം.

വ്യക്തികളുടെ സ്വകാര്യത മൗലികാവകാശമാണെന്ന് 2017 ആഗസ്റ്റില്‍ ജസ്റ്റിസ് ജെ എസ് ഖഹാര്‍ അധ്യക്ഷനായ ഒമ്പതംഗ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഏകകണ്ഠമായി വിധി പ്രസ്താവിച്ചതാണ്. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും സംരക്ഷണം ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ 21ാം വകുപ്പിനൊപ്പം മറ്റു മൗലികാവകാശങ്ങളിലും സ്വകാര്യതക്കുള്ള അവകാശം ഉള്‍പ്പെടുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നിട്ടും ദേശസുരക്ഷയുടെ പേരില്‍ ഏത് പൗരന്റെയും സ്വകാര്യതയിലേക്ക് സര്‍ക്കാര്‍ കടന്നുകയറുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലവിലുള്ളത്. ഇതിനെതിരെയുള്ള മുന്നറിയിപ്പും താക്കീതുമാണ് കോടതി വിധി. ദേശസുരക്ഷ മറയാക്കി വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറരുതെന്ന ശക്തമായ നിലപാടാണ് ഇതിലൂടെ കോടതി ഉയര്‍ത്തിപ്പിടിച്ചത്.