Connect with us

National

കര്‍ഷകസമരം; ഒരു കര്‍ഷകന്‍ കൂടി മരിച്ചു

ഇന്നലെ രാത്രി ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ദര്‍ശന്‍ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| കര്‍ഷകസമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. പഞ്ചാബ് ബത്തിന്‍ഡ ജില്ലയിലെ അമര്‍പുര ഗ്രാമത്തില്‍ നിന്നുള്ള ദര്‍ശന്‍ സിങ്ങ് (62) ആണ് മരിച്ചത്. ഇന്നലെ രാത്രി ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ദര്‍ശന്‍ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും മുപ്പതോളം പേര്‍ക്ക് പരുക്കേറ്റതായും ഹരിയാന പോലീസ് പറഞ്ഞു. കര്‍ഷകര്‍ക്കെതിരെ 1980ലെ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

ശംഭു അതിര്‍ത്തിയില്‍ മാര്‍ച്ച് തടയുന്നതിനായി സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്യാനുള്ള ശ്രമം കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി അംബാല പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമാധാനാന്തരീക്ഷം ഇല്ലതാക്കി, ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലെറിഞ്ഞു, പൊതുസ്വത്ത് നശിപ്പിച്ചു എന്നെല്ലാം കര്‍ഷകര്‍ക്കെതിരെ ആരോപണമുണ്ട്. സര്‍ക്കാര്‍ സ്വത്തുക്കള്‍ നശിപ്പിച്ചതിന് കര്‍ഷകരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികളും ഹരിയാന പോലീസ് ആരംഭിച്ചു.

അതേസമയം കര്‍ഷകസമരത്തിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ശുഭ് കരണ്‍ സിങ്ങിന്റെ (23) കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍ പറഞ്ഞു. ശുഭ്കരണിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവകര്‍ഷകന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.

ശുഭ്കരണ്‍ കൊല്ലപ്പെട്ടതില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും ആഭ്യന്തര മന്ത്രി അനില്‍ വിജിനും എതിരെ കൊലക്കുറ്റം ചുമത്തണമെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടിരുന്നു. രാജ്യമെമ്പാടുമുള്ള 40 കര്‍ഷക യൂണിയനുകളെ പ്രതിനിധീകരിക്കുന്നതാണ് സംയുക്ത കിസാന്‍ മോര്‍ച്ച. അവര്‍ ഫെബ്രുവരി 26ന് ദേശീയതലത്തില്‍ ട്രാക്ടര്‍ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. മാര്‍ച്ച് 14ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ അഖിലേന്ത്യാ അഖില കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത് വിളിച്ചുകൂട്ടുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നതാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനം.

 

 

 

 

Latest