Connect with us

Kerala

വര്‍ഗീയ ചേരിതിരിവിന് വിഷം ചീറ്റാന്‍ പി സി ജോര്‍ജ് കരു

ക്രൈസ്തവ സമൂഹത്തില്‍ അടുത്ത കാലത്ത് ഒരു വിഭാഗം തീവ്രമായ മു വിരോധവുമായി രംഗത്തുവന്നിട്ടുണ്ട്. ഇവരെ ഉപയോഗപ്പെടുത്തി രാഷ്ട്രീയപാർട്ടി രൂപീകരിക്കാനുള്ള നീക്കമാണ് സംഘപരിവാരം ലക്ഷ്യമിടുന്നത്. ഇത്തരം ഒരു പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. പി സി ജോര്‍ജിനെ പോലെ കടുത്ത മുസ്‍ലിം വിരോധികളെ ഇതിന്റെ അമരത്തിരുത്തി വര്‍ഗീയ ചേരിതിരിവു രൂക്ഷമാക്കുകയാണു ലക്ഷ്യമെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

Published

|

Last Updated

കോഴിക്കോട് | കേരളത്തില്‍ വേരൂന്നാന്‍ ശക്തമായ വര്‍ഗീയ ചേരിതിരിവിനു ശ്രമിക്കുന്ന സംഘപരിവാര ആസൂത്രണത്തിന്റെ ശബ്ദമാണ് പി സി ജോര്‍ജിലൂടെ പുറത്തുവന്നതെന്നു വിലയിരുത്തല്‍. ബാബരി മസ്ജിദ് ധ്വംസനവും അതിനുമുന്നോടിയായ രഥയാത്രയും രാജ്യത്താകമാനം ജനങ്ങളെ വര്‍ഗീയമായി വിഭജിച്ചപ്പോഴും മതേതരത്വം ഉയര്‍ത്തിപ്പിടിച്ച കേരളം സംഘ പരിവാര വര്‍ഗീയയതെ ഇപ്പോഴും പുറത്തുനിര്‍ത്തുന്നു. ഈ മതേതര പാരമ്പര്യത്തെ എന്തുവിലകൊടുത്തും തകര്‍ക്കാനുള്ള നീക്കങ്ങളാണ് സംഘ നേതൃത്വത്തില്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസം ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രന്‍, കേരളത്തില്‍ പാര്‍ട്ടി വേരൂന്നാന്‍ നടത്തുന്ന നീക്കങ്ങളെക്കുറിച്ചു ചില വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെയാണ് പി സി ജോര്‍ജിന്റെ വിഷം ചീറ്റല്‍. ആലപ്പുഴയിലും പാലക്കാട്ടും കൊലപാതകത്തിലൂടെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ നടന്ന ശ്രമങ്ങള്‍ താല്‍ക്കാലികമായി അടങ്ങിയെങ്കിലും ഈ നീക്കം ഇനിയും വിവിധ ജില്ലകളില്‍ അരങ്ങേറുമെന്നാണ് പോലീസ് ഇന്റലിജന്‍സ് നല്‍കുന്ന വിവരം. തന്ത്രങ്ങള്‍ പലത് പയറ്റിയിട്ടും കേരളത്തില്‍ ജനങ്ങളെ വര്‍ഗീയ വല്‍ക്കരിക്കാന്‍ സംഘപരിവാരത്തിനു കഴിയുന്നില്ല. ഉത്തരേന്ത്യന്‍ വര്‍ഗീയ രീതികളൊന്നും ഇവിടെ വിലപ്പോവാത്ത സാഹചര്യത്തിലാണ് പുതിയ കരുക്കള്‍ നീക്കുന്നത്.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പിക്ക് ഒരു സീറ്റു കിട്ടിയെങ്കിലും 2021 ലെ തിരഞ്ഞെടുപ്പില്‍ അതും നഷ്ടമായി. ഏറെ പ്രതീക്ഷയുണ്ടായിരുന്ന തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ്. ഏറ്റവും കുറഞ്ഞത് 5 മണ്ഡലങ്ങളിലെങ്കിലും വിജയം പ്രതീക്ഷിച്ചെങ്കിലും ജനം ഒരു സീറ്റ് പോലും നല്‍കാതെ പുറന്തള്ളി.

ഈ സാഹചര്യത്തിലാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരണ നീക്കം നടക്കുന്നതായി കഴിഞ്ഞ ദിവസം സൂചന പുറത്തുവന്നത്. ക്രൈസ്തവ സമൂഹത്തില്‍ അടുത്ത കാലത്ത് ഒരു വിഭാഗം തീവ്രമായ മുസ്്ലിം വിരോധവുമായി രംഗത്തുവന്നിട്ടുണ്ട്. ഇവരെ ഉപയോഗപ്പെടുത്തിയുള്ള നീക്കമാണ് സംഘപരിവാരം ലക്ഷ്യമിടുന്നത്. ഇത്തരം ഒരു പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. പി സി ജോര്‍ജിനെ പോലെ കടുത്ത മുസ്്ലിം വിരോധികളെ ഇതിന്റെ അമരത്തിരുത്തി വര്‍ഗീയ ചേരിതിരിവു രൂക്ഷമാക്കുകയാണു ലക്ഷ്യമെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

രണ്ട് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളിലെ രണ്ട് മുന്‍ എം എല്‍ എമാര്‍, വിരമിച്ച ഒരു ബിഷപ്പ് എന്നിവരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരത്തില്‍ ചര്‍ച്ച നടന്നു എന്നാണു വിവരം. തെക്കന്‍കേരളത്തിലെ ഒരു രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടിയുടെ ചര്‍ച്ച നടക്കന്നത്. പെന്തക്കോസ്തു വിഭാഗങ്ങളെയും പുതിയ സംഘടനയുമായി സഹകരിപ്പിക്കാന്‍ ശ്രമമുണ്ട്.

ഈ നീക്കം മുന്നില്‍ കണ്ടുകൊണ്ടാണ് കേരളത്തില്‍ 71 സീറ്റെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനുള്ള സാഹചര്യം ഒരുങ്ങിയതായി കെ സൂരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സംസ്ഥാന ഘടകമെന്ന നിലയില്‍ ബി ജെ പി വളരെ ശക്തമാണെന്നും കേരളത്തില്‍ ബി ജെ പിക്ക് 71 സീറ്റെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന ആത്മവിശ്വാസമുണ്ടെന്നുമായിരുന്നു പ്രസ്താവന.
സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടുകയെന്നതാണ് സ്വാധീനം വര്‍ധിപ്പിക്കാനും പ്രധാന കക്ഷിയാകാനുമുള്ള ഏറ്റവും മികച്ച വഴിയെന്ന് മനസ്സിലാക്കിയെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി ജെ പി വിജയമാണ് കേരളത്തില്‍ ക്രൈസ്തവ സംഘടനകളെ ഇറക്കി കളിക്കാന്‍ പ്രേരിപ്പിക്കുന്നത്. കേരളത്തില്‍ പാര്‍ട്ടിക്ക് ശക്തമായ കേഡര്‍ സംവിധാനമുണ്ട്. എന്നാല്‍ വോട്ട് ബാങ്ക് ദുര്‍ബലമാണ്. കേരളത്തില്‍ ബി ജെ പി നേരിടന്ന വലിയ ഭീഷണി ന്യൂനപക്ഷങ്ങള്‍ പിന്തുണക്കുന്നില്ല എന്നതാണെന്ന് തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ് ക്രൈസ്തവ – മുസ്്ലിം ന്യൂനപക്ഷങ്ങളെ പരസ്പരം ശത്രുക്കളാക്കിയുള്ള നീക്കം നടക്കുന്നത്.

ഉത്തരേന്ത്യയില്‍ ക്രൈസ്തവ-മുസ്്ലിം ന്യൂനപക്ഷങ്ങളെ ഒരുപോലെ ശത്രുക്കളായി പ്രഖ്യാപിച്ചാണ് ഹിന്ദു ഭൂരിപക്ഷത്തെ സംഘടിപ്പിക്കുന്നത്. എന്നാല്‍, കേരളത്തില്‍ ഹിന്ദു സമുദായത്തിലെ ഭൂരിപക്ഷം വോട്ടുകളും ഇടതു പക്ഷത്തിനാണു ലഭിക്കുന്നത്. ഇതില്‍ വിള്ളല്‍ വരുത്താന്‍ സാധ്യമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് മുസ്്ലിം- ക്രൈസ്തവ ന്യൂനപക്ഷങ്ങളെ തമ്മില്‍ അകറ്റി ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള ശ്രമം. രൂക്ഷമായ മുസ്്ലിം വിരോധം പ്രചരിപ്പിച്ചുകൊണ്ടുമാത്രമേ ഇതിനു കഴിയൂ എന്നാണ് ബി ജെ പി കരുതുന്നത്.

ബി ജെ പി യുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ കരുക്കള്‍ നീക്കി ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍(കാസ) എന്ന സംഘടന കുറച്ചുകാലമായി രംഗത്തിറങ്ങിയിട്ടുണ്ട്. മുസ്്ലിംകള്‍ക്കെതിരായ കലാപത്തിനുള്ള പരസ്യമായ ആഹ്വാനമാണ് ഈ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ വ്യാപകമായ പരാതി ഉയര്‍ന്നിട്ടും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ക്രിസ്ത്യന്‍ യുവാക്കളെ തീവ്രവാദത്തിലേ ക്ഷണിക്കുന്ന ഹൃസ്വ ചിത്രം വരെ ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. വിദ്വേഷ പ്രചാരണത്തിനു സാമൂഹ്യ മാധ്യമങ്ങളെ ഇവര്‍ നന്നായി ഉപയോഗിക്കുന്നുണ്ട്.

സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിനെതിരെ കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തെ മുന്‍ നിര്‍ത്തി സംഘപരിവാരം അഴിച്ചുവിട്ട മുസ്്ലിം വിരുദ്ധ പ്രചാരണത്തിന്റെ ചുവടു പിടിച്ച് ക്രൈസ്തവരായ ചിലര്‍ രൂപം നല്‍കിയ പൈതൃക സംരക്ഷണ സമിതിയാണു പിന്നീട് കാസയായി രൂപപ്പെട്ടത്. ഇതിന്റെ നേതൃത്വം ആര്‍ എസ് എസുമായി നിരന്തരം ആശയ വിനിമയം നടത്തുന്നവരാണെന്നു വിവരമുണ്ട്.

ഹിന്ദു ഹെല്‍പ് ലൈന്‍ പോലുള്ള വര്‍ഗീയ പ്രചാരണം ലക്ഷ്യമിട്ടു ക്രിസ്ത്യന്‍ ഹെല്‍പ് ലൈനും ഇവരുണ്ടാക്കി. ലവ് ജിഹാജ്, നര്‍കോടിക് ജിഹാദ് പോലുള്ള വ്യാജ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നതില്‍ ഇത്തരം കേന്ദ്രങ്ങള്‍ വലിയ പങ്കാണു വഹിക്കുന്നത്. മധ്യ കേരളവും വടക്കേ മലബാറും കേന്ദ്രീകരിച്ചാണ് ഇവര്‍ വിദ്വേഷ പ്രചാരണം രൂക്ഷമാക്കുന്നത്. ഇത്തരം പ്രചാരണം ഏറ്റു പിടിച്ചുകൊണ്ടു കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.

ഈ ചരടുവലികളുടെ തുടര്‍ച്ചയായാണ് തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തിലേക്ക് പി സി ജോര്‍ജിനെ കൊണ്ടുവന്നതും കടുത്ത മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിച്ചതും എന്നാണു വിവരം. ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നും അടക്കമുള്ള അപകടകരമായ വിദ്വേഷ പ്രസംഗമാണ് പി സി ജോര്‍ജ് നടത്തിയത്. എം എ യൂസുഫലി മലപ്പുറത്തും കോഴിക്കോട്ടും ലുലുമാള്‍ ആരംഭിക്കാതെ തിരുവനന്തപുരത്ത് ആരംഭിച്ചത് ഹിന്ദുക്കളുടെ പണം തട്ടാനാണെന്നും പി സി തട്ടിവിട്ടു. ഓരോ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കും ആരവത്തോടെ സദസ്സ് കൈയ്യടിക്കുന്നതും കേള്‍ക്കാം.

ശബരിമലയിലെ സ്ത്രീ പ്രവേശനം പോലുള്ള വിഷയങ്ങള്‍ സുവര്‍ണാവസരമായിക്കണ്ട് വര്‍ഗീയത ഊതിക്കത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജനം സംഘപരിവാര നീക്കത്തെ തള്ളിക്കളഞ്ഞിരുന്നു. വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ജനം ഒറ്റക്കെട്ടായി രംഗത്തുവരുമെന്നാണ് കേരളത്തിന്റെ പാരമ്പര്യം. പി സി ജോര്‍ജിന്റെ വിഷ വാക്കുകള്‍ക്കെതിരെ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പുകള്‍ ിഇതു തന്നെയാണ് സൂചിപ്പിക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest