editorial
ഫലസ്തീന്‍ ഐക്യകരാര്‍: ഇസ്‌റാഈല്‍ വിറക്കുന്നുണ്ട്
ബീജിംഗ് കരാര്‍ ശക്തവും ദീര്‍ഘകാല പരിഹാരവുമാണെന്ന് പ്രതീക്ഷിക്കാം. സര്‍വ അന്താരാഷ്ട്ര കരാറുകളും നിര്‍ദേശങ്ങളും അവഗണിച്ച് യു എസ് പിന്തുണയുടെ ഹുങ്കില്‍ അധിനിവേശ കൂട്ടക്കൊല തുടരുന്ന സയണിസ്റ്റുകള്‍ക്ക് മുമ്പില്‍ ഫലസ്തീന്‍ ഗ്രൂപ്പുകള്‍ക്ക് മറ്റൊരു വഴിയില്ല. ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി യിസ്‌റാഈല്‍ കാറ്റ്‌സിന്റെ വാക്കുകളില്‍ നിരാശ പ്രകടമാണ്.

നീതിയുക്തമായ ഫലസ്തീന്‍ രാഷ്ട്രം സാധ്യമാകണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും ആശ്വാസം പകരുന്ന വാര്‍ത്തയാണ് ബീജിംഗില്‍ നിന്ന് കേട്ടത്. വെസ്റ്റ്ബാങ്കിന്റെ അധികാരം കൈയാളുന്ന ഫതഹും ഗസ്സ ഭരിക്കുന്ന ഹമാസും മറ്റ് വിവിധ ഫലസ്തീന്‍ ഗ്രൂപ്പുകളും ദേശീയ ഐക്യ കരാര്‍ ഒപ്പുവെച്ചുവെന്നതാണ് ആവേശകരവും ആശാവഹവുമായ ആ വാര്‍ത്ത. ചൈനീസ് മാധ്യസ്ഥ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ച ഫലം കാണുകയായിരുന്നു. ഗസ്സാ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഊര്‍ജിതമായ ഘട്ടത്തിലാണ് ഒരിക്കല്‍ കൂടി ഫലസ്തീന്‍ ഐക്യം സാധ്യമാകുന്നത്.
ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വംശഹത്യാ ആക്രമണത്തില്‍ ചാവുനിലമായി തീര്‍ന്ന ഗസ്സയെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ദേശീയ ഐക്യ സര്‍ക്കാര്‍ നിലവില്‍ വരണമെന്ന കാര്യത്തില്‍ ബീജിംഗ് ഉച്ചകോടി യോജിച്ച തീരുമാനത്തിലെത്തി. ഇസ്‌റാഈലിന്റെ നരമേധവും ക്രൂരമായ അധിനിവേശവും ഫലസ്തീന്‍ ഗ്രൂപ്പുകളെ ഐക്യം അനിവാര്യമാണെന്ന ബോധ്യത്തിലേക്ക് നയിച്ചുവെന്നതാണ് സത്യം. സര്‍വ നാശം വേണോ വിട്ടുവീഴ്ച വേണോ എന്നതായിരുന്നു ചോദ്യം.
മൂന്ന് ദിവസമായി നടന്നുവന്ന ചര്‍ച്ചയില്‍ 14 ഫലസ്തീന്‍ സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. ഹമാസിനെ പ്രതിനിധാനം ചെയ്ത് മൂസ അബൂ മര്‍സൂഖും ഫതഹിന് വേണ്ടി സംഘടനയുടെ സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മഹ്മൂദ് അല്‍ അലൂലും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുടെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പുവെച്ചു. യു എന്‍ രക്ഷാ സമിതി പ്രമേയം നിര്‍ദേശിക്കുന്നത് പോലെ ഗസ്സ ആക്രമണം അവസാനിപ്പിച്ച് ഇസ്‌റാഈല്‍ സൈന്യം പിന്‍വാങ്ങിയാല്‍ ഗസ്സയിലെ ഭരണം എങ്ങനെ മുന്നോട്ട് പോകണമെന്നതായിരുന്നു ചര്‍ച്ചയുടെ കാതല്‍. ഒക്‌ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണത്തില്‍ ഉലഞ്ഞു പോയ ഇസ്‌റാഈല്‍ ഇത്തവണ അത്യന്തം ക്രൂരമായ ഉന്‍മൂലന ആക്രമണത്തിലേക്ക് നീങ്ങിയതിന് പിന്നില്‍ കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു.
ഗസ്സയിലെ ഹമാസ് ഭരണം അവസാനിപ്പിക്കുക എന്നതായിരുന്നു ആ ലക്ഷ്യങ്ങളുടെ കേന്ദ്ര ബിന്ദു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുദ്ധ ക്യാബിനറ്റ് ഉണ്ടാക്കിയതും പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ ആര്‍ജിക്കാന്‍ ശ്രമിച്ചതും ദീര്‍ഘകാല ലക്ഷ്യത്തിലേക്കുള്ള സഞ്ചാരം സുഗമമാക്കാനായിരുന്നു. പക്ഷേ, അഭിപ്രായ ഐക്യത്തിന് പകരം അക്ഷരാര്‍ഥത്തില്‍ അടിച്ചുപിരിയുകയായിരുന്നു വാര്‍ ക്യാബിനറ്റ്. ഒടുവില്‍ അത് പിരിച്ചു വിടേണ്ടി വന്നു നെതന്യാഹുവിന്. പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെ കൊന്നു തള്ളിയിട്ടും ഒന്നും നേടിയില്ലെന്ന യാഥാര്‍ഥ്യമാണ് വാര്‍ ക്യാബിനറ്റിലെ എണ്ണത്തുണിയേറിന് അടിസ്ഥാന കാരണം.
ഗസ്സയിലെ മനുഷ്യരെ മുഴുവന്‍ ആട്ടിയോടിച്ച് നിയന്ത്രണം കൈക്കലാക്കുകയെന്നതായിരുന്നു നെതന്യാഹു സര്‍ക്കാറിന്റെ ഒരു പദ്ധതി. അതിന് ഹമാസിനെ പൂര്‍ണമായി തകര്‍ക്കണം. അത് വെറും മനപ്പായസമാണെന്ന് സൈനിക നേതൃത്വം തന്നെ വ്യക്തമാക്കി. പിന്നെയൊരു സാധ്യത മുന്നോട്ട് വെച്ചത് ഗസ്സയുടെ ഭരണം കൂടി ഫലസ്തീന്‍ അതോറിറ്റിയെ ഏല്‍പ്പിക്കുകയെന്നതായിരുന്നു.
മഹ്മൂദ് അബ്ബാസ് നയിക്കുന്ന ഫലസ്തീന്‍ അതോറിറ്റിക്ക് മൃദു സമീപനമാണെന്നും അവരുമായുള്ള ഇടപാടുകള്‍ ഇസ്‌റാഈലിന് സ്വീകാര്യമാണെന്നുമുള്ള ധ്വനിയാണ് നെതന്യാഹു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്. എന്നുവെച്ചാല്‍ ഹമാസാണ് പ്രശ്‌നമെന്ന് വരുത്തിത്തീര്‍ത്ത് ഭിന്നത രൂക്ഷമാക്കുക തന്നെ. ഇസ്‌റാഈല്‍ നിര്‍ദേശിക്കുന്ന അറബ് കൂട്ടായ്മ ഗസ്സയുടെ ഭരണം കൈയാളുകയെന്നതായിരുന്നു മറ്റൊരു അഭിപ്രായം. ഈ അഭിപ്രായങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിനിടെ കൊല്ലലും ആട്ടിയോടിക്കലും തുടരുകയാണ് ജൂതരാഷ്ട്രം. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ഇടങ്കോലിട്ട് പരമാവധി ആക്രമണം നീട്ടിക്കൊണ്ടുപോകുകയാണ്.
പ്രക്ഷോഭഭരിതമായ ഇസ്‌റാഈല്‍ തെരുവുകളെ നെതന്യാഹു അവഗണിക്കുന്നു.
ഇവിടെയാണ് ഫലസ്തീന്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഐക്യ ചര്‍ച്ച പ്രസക്തമാകുന്നത്. ഇസ്‌റാഈല്‍ പിന്‍വാങ്ങിയാല്‍ ഐക്യ സര്‍ക്കാറാകും ഗസ്സയെയും വെസ്റ്റ് ബാങ്കിനെയും നിയന്ത്രിക്കുകയെന്ന് ഈ കരാര്‍ വ്യക്തമാക്കുന്നു. സ്വതന്ത്ര തിരഞ്ഞെടുപ്പ് നടക്കും. ഫലസ്തീന്‍ നാഷനല്‍ കൗണ്‍സില്‍ നിലവില്‍ വരും. ഒരു ആശയക്കുഴപ്പവുമില്ലാതെ ഈ കരാര്‍ നടപ്പാക്കിയാല്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമാകും ഫലസ്തീന് ഉണ്ടാക്കാനാകുക. യു എന്നില്‍ കൂടുതല്‍ ശക്തമായ ഇടപെടലുണ്ടാകും. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നുണ്ടായത് പോലുള്ള ഇടപെടലുകള്‍ ഫലസ്തീന് അനുകൂലമായി സാധ്യമാകും. അറബ് രാജ്യങ്ങളും ഐക്യപ്പെട്ട ഫലസ്തീന്റെ കൂടെനില്‍ക്കും. ഗസ്സ കീഴടക്കിക്കളയാമെന്ന നെതന്യാഹുവിന്റെ സ്വപ്‌നം പൊലിയും. ദ്വിരാഷ്ട്ര പരിഹാരം അനുവദിക്കില്ലെന്ന നെതന്യാഹുവിന്റെ ശാഠ്യത്തിനുള്ള മറുപടിയാണ് ഫലസ്തീന്‍ ഐക്യം.
സായുധപാതയില്‍ അടിയുറച്ച് നില്‍ക്കുമെന്ന് പ്രഖ്യാപിച്ച ഹമാസ് ആ നിലപാടില്‍ നിന്ന് അല്‍പ്പം പിന്നോട്ട് പോയാണ് 2006ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്നവര്‍ ഗസ്സയില്‍ കൂറ്റന്‍ ഭൂരിപക്ഷം നേടി. ഇതോടെ ഗസ്സയെ ശിക്ഷിക്കാന്‍ ഇസ്‌റാഈലിനും കൂട്ടാളികള്‍ക്കും എളുപ്പമായി. അവര്‍ ഫലസ്തീന്‍ അതോറിറ്റിയെ തലോടി. ഗസ്സക്ക് മേല്‍ ബോംബ് വര്‍ഷിച്ചു. ഫലസ്തീന്‍ അതോറിറ്റിക്ക് അന്താരാഷ്ട്ര സഹായം പ്രവഹിച്ചു കൊണ്ടിരുന്നു. ഗസ്സക്ക് ഉപരോധം മാത്രം. ഫതഹും ഹമാസും നിരന്തരം ഏറ്റുമുട്ടി. പലപ്പോഴും അത് തെരുവുയുദ്ധത്തോളം എത്തി. 2014 ജൂണ്‍ രണ്ടിന് ഹമാസും ഫതഹും ആത്യന്തികമായ അനുരഞ്ജന കരാറില്‍ ഒപ്പു വെച്ചു. ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവര്‍ തീരുമാനിച്ചു.
വിഭജിച്ച് ഭരിക്കുകയെന്ന സാമ്രാജ്യത്വ അജന്‍ഡ എക്കാലവും വിജയിക്കാന്‍ പോകുന്നില്ലെന്ന് അന്നത്തെ കരാര്‍ പ്രഖ്യാപിച്ചു. പക്ഷേ, 2015ഓടെ തന്നെ ഈ ഐക്യത്തിന് വിള്ളല്‍ വീഴാന്‍ തുടങ്ങി. പിന്നെയും പല ശ്രമങ്ങളും നടന്നെങ്കിലും പൂര്‍ണ വിജയത്തിലെത്തിയില്ല. ബീജിംഗ് കരാര്‍ ശക്തവും ദീര്‍ഘകാല പരിഹാരവുമാണെന്ന് പ്രതീക്ഷിക്കാം. സര്‍വ അന്താരാഷ്ട്ര കരാറുകളും നിര്‍ദേശങ്ങളും അവഗണിച്ച് യു എസ് പിന്തുണയുടെ ഹുങ്കില്‍ അധിനിവേശ കൂട്ടക്കൊല തുടരുന്ന സയണിസ്റ്റുകള്‍ക്ക് മുമ്പില്‍ ഫലസ്തീന്‍ ഗ്രൂപ്പുകള്‍ക്ക് മറ്റൊരു വഴിയില്ല. ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി യിസ്‌റാഈല്‍ കാറ്റ്‌സിന്റെ വാക്കുകളില്‍ നിരാശ പ്രകടമാണ്. മഹ്മൂദ് അബ്ബാസ് കൊലയാളികളെ പുണര്‍ന്നിരിക്കുന്നു. ഗസ്സ ഭരിക്കുന്നത് ഇസ്‌റാഈല്‍ തന്നെയായിരിക്കുമെന്നാണ് കാറ്റ്‌സിന്റെ വാക്കുകള്‍. ഐക്യം പ്രവര്‍ത്തിക്കുന്നുണ്ട്. അക്രമി ഭരണാധിപന്‍മാര്‍ക്ക് വിറക്കുന്നുണ്ട്.