Kerala
കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഫലസ്തീന്‍ പ്രമേയമാക്കിയ മൈം ഷോ തടഞ്ഞു
മൈം മുഴുപ്പിക്കുന്നതിന്റെ മുന്‍പേ അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. തുടര്‍ന്നു നടത്തേണ്ട കലോത്സവം നിര്‍ത്തിവയ്ക്കുകയും ചെയ്തു

കാസര്‍കോട് | സ്‌കൂള്‍ കലോത്സവ വേദിയില്‍ ഫലസ്തീന്‍ അവസ്ഥ പ്രമേയമാക്കിയ മൈം ഷോ അധ്യാപകന്‍തടഞ്ഞു. കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം മുഴുപ്പിക്കുന്നതിന്റെ മുന്‍പേ അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. തുടര്‍ന്നു നടത്തേണ്ട കലോത്സവം നിര്‍ത്തിവയ്ക്കുകയും ചെയ്തു.
ഗസയില്‍ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്ന ആശയം കാണിച്ചു കൊണ്ടാണ് പ്ലസ് ടൂ വിദ്യാര്‍ഥികള്‍ മൈം അവതരിപ്പിച്ചത്. എന്നാല്‍ പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേയ്ക്കും അധ്യാപകന്‍ കര്‍ട്ടനിടുകയായിരുന്നു. കര്‍ട്ടനിട്ട ഉടന്‍ തന്നെ മറ്റെല്ലാ പരിപാടികളും നിര്‍ത്തിവെച്ചതായും അറിയിപ്പ് നല്‍കി. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് എന്തെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
സംഭവത്തിന് പിന്നാലെ അധ്യാപകര്‍ പോലീസിനെ വിളിച്ചുവരുത്തിയെന്നും വിദ്യാര്‍ഥികളെ വിരട്ടിയോടിച്ചുവെന്നുമുള്ള ആരോപണവും ഉയരുന്നുണ്ട്. പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേസില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂളിനു മുന്നില്‍ ഇന്നു പ്രതിഷേധം നടന്നു.