From the print
ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം ഷോ വീണ്ടും അരങ്ങില്‍
വീണ്ടും അരങ്ങിലെത്തിയത് കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൈം ഷോ.

കാസര്‍കോട് | കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്ലസ് ടു വിദ്യാര്‍ഥികളുടെ മൈം ഷോ വീണ്ടും അരങ്ങിലെത്തി. ശനിയാഴ്ച നിര്‍ത്തിവെച്ച സ്‌കൂള്‍ കലോത്സവം ഇന്നലെ പുനഃരാരംഭിച്ചതോടെയാണ് കഴിഞ്ഞ ദിവസം തടസ്സപ്പെട്ട മൈം ഷോ വീണ്ടും അവതരിപ്പിച്ചത്. ആരോപണ വിധേയരായ അധ്യാപകരെ മാറ്റിനിര്‍ത്തി ഉച്ചക്ക് 12ഓടെയാണ് വിദ്യാര്‍ഥികള്‍ മൈം ഷോ അവതരിപ്പിച്ചത്.
എന്നാല്‍, ഇതില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. അമ്പതോളം വരുന്ന പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് സ്‌കൂള്‍ കവാടത്തില്‍ പോലീസ് തടഞ്ഞതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമായി. കനത്ത പോലീസ് സുരക്ഷയിലാണ് ഇന്നലെ കലോത്സവം നടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫലസ്തീന്‍ വിഷയം പ്രമേയമാക്കി കുട്ടികള്‍ അവതരിപ്പിച്ച മൈം ഷോ അധ്യാപകര്‍ തടഞ്ഞത്. പത്ത് മിനുട്ട് ദൈര്‍ഘ്യമുള്ള മൈം രണ്ട് മിനുട്ടും പത്ത് സെക്കന്‍ഡും മാത്രമാണ് അവതരിപ്പിച്ചത്. തുടര്‍ന്ന് മത്സരാര്‍ഥികള്‍ ഗസ്സാ ദൈന്യതയുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയപ്പോള്‍ രണ്ട് അധ്യാപകരെത്തി കര്‍ട്ടന്‍ താഴ്ത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കലോത്സവത്തിന്റെ ഭാഗമായ എല്ലാ പരിപാടികളും നിര്‍ത്തിവെച്ചു.
ബി ജെ പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ മൈം ഷോക്കെതിരെ എതിര്‍പ്പ് ഉന്നയിച്ച പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്‌കൂള്‍ പരിസരത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. വിദ്യാര്‍ഥികളെ പരിശോധനക്ക് ശേഷമാണ് സ്‌കൂളിലേക്ക് കടത്തിവിട്ടത്.