Kerala
പാലക്കാട് ദേശീയ കായിക താരത്തിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം;പോലീസ് കേസെടുത്തു
വിഷയത്തില്‍ ആറു വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.
പാലക്കാട്|പാലക്കാട് റോളര്‍ സ്‌കേറ്റിങ്ങ് ദേശീയ താരത്തിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം. പാലക്കാട് പിഎംജി സ്‌കൂളിലെ ദേശീയ കായിക താരത്തെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. കല്ലേക്കാട് സ്വദേശി അബ്ദുള്‍ നിഹാലിനാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ അബ്ദുള്‍ നിഹാലിന്റെ ഇടത് കൈക്ക് ഗുരുതര പരുക്കേറ്റു. വിഷയത്തില്‍ ആറു വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. പരുക്കേറ്റതോടെ അബ്ദുള്‍ നിഹാലിന്റെ കായിക പരിശീലനം ഒരു വര്‍ഷം മുടങ്ങും.
ഈ വര്‍ഷത്തെ കായിക മേളയില്‍ റിലേയില്‍ സ്വര്‍ണ മെഡല്‍ നേടിയ പാലക്കാട് ജില്ലാ ടീമംഗമാണ് അബ്ദുള്‍ നിഹാല്‍. ദേശീയ റോളര്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടുതവണ കേരളത്തിനു വേണ്ടി സ്വര്‍ണം നേടിയിട്ടുണ്ട്. മാര്‍ച്ചില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിനായുള്ള ഒരുക്കത്തിനിടെയാണ് സംഭവമുണ്ടായത്.
സംഭവത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് നിഹാലിന്റെ പിതാവ് നിസാര്‍ പറഞ്ഞു. സംഭവത്തില്‍ സ്‌കൂളിലെ ആറു വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്ത് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തു. എഫ്‌ഐആറില്‍ ഉള്‍പ്പെട്ട ആറു വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ പിടിഎ യോഗം ചേര്‍ന്ന് പത്തു ദിവസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.


