Connect with us

Kerala

രാജിക്കൊരുങ്ങി പാലക്കാട്ടെ ബി ജെ പി കൗണ്‍സിലര്‍മാര്‍; വരവേല്‍ക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ആശയങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ അവരെ സ്വീകരിക്കുമെന്നും അവര്‍ നിലപാട് വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസ് ചര്‍ച്ച നടത്തുമെന്നും നേതാക്കള്‍

Published

|

Last Updated

പാലക്കാട് | ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പാലക്കാട് ബി ജെ പിയിലുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബി ജെ പി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് ക്ഷണിച്ച് നേതാക്കള്‍.

പരാജയ കാരണം നഗരസഭാ ഭരണമാണെന്ന ആരോപണം നേരിടുന്ന പശ്ചാത്തലത്തില്‍ നേതൃത്വവുമായി പിണങ്ങി നില്‍ക്കുകയാണ് പാലക്കാട്ടെ 18 ബി ജെ പി കൗണ്‍സിലര്‍മാര്‍. ഇവരെയാണ് ഡി സി സി പ്രസിഡന്റ് എ തങ്കപ്പനും വികെ ശ്രീകണ്ഠന്‍ എം പിയും കോണ്‍ഗ്രസ്സിലേക്ക് സ്വാഗതം ചെയ്തത്. സന്ദീപ് വാര്യരുടെ വഴി പിന്തുടര്‍ന്ന് മതേതര ചേരിയിലേക്ക് വരാന്‍ ഈ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അവസരം ഒരുക്കുകയാണ്. കോണ്‍ഗ്രസ് ആശയങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ അവരെ സ്വീകരിക്കുമെന്നും അവര്‍ നിലപാട് വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസ് ചര്‍ച്ച നടത്തുമെന്നും എ തങ്കപ്പന്‍ പറഞ്ഞു.

അതൃപ്തരായ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും സ്വാഗതമെന്നും നഗരസഭാധ്യക്ഷയെ അടക്കം കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയാണെന്നും ജനപ്രതിനിധികള്‍ക്ക് ബി ജെ പിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്നും വികെ ശ്രീകണ്ഠന്‍ എം പി പറഞ്ഞു. പാലക്കാട്ടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് നല്‍കിയ ലഡ്ഡു സന്തോഷത്തോട നഗരസഭാധ്യക്ഷ കഴിച്ചു. സി കൃഷ്ണകുമാറിനെതിരായ സാമ്പത്തിക ആരോപണം അതീവ ഗുരുതരമാണ്. തമിഴ്‌നാട്ടിലെ ബ്ലേഡ് കമ്പനിയെ കുറിച്ച് അന്വേഷിക്കണം. സന്ദീപ് വാര്യര്‍ക്ക് പിന്നാലെ ഇനിയും നേതാക്കള്‍ വരുമെന്നും വി കെ ശ്രീകണ്ഠന്‍ എം പി പറഞ്ഞു.

പാലക്കാട് തോല്‍വിക്ക് കാരണം 18 കൗണ്‍സിലര്‍മാരാണെന്ന് സുരേന്ദ്ര പക്ഷം പരാതിപ്പെട്ടതിന് പിന്നാലെബി ജെ പി കൗണ്‍സിലര്‍മാര്‍ പരസ്യമായി ബി ജെ പി നേതൃത്വത്തിനെതിരെ രംഗത്തെത്തി. പ്രഭാരിയും കെ സുരേന്ദ്രന്റെ സന്തത സഹചാരിയുമായ പി രഘുനാഥിനും എതിരെ ആഞ്ഞടിച്ച് ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജനും രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച യാണ് തോല്‍വിയ്ക്ക് കാരണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനും ആരോപിച്ചു. നടപടിയുമായി മുന്നോട്ടു പോകാനാണ് നേതൃത്വത്തിന്റെ തീരുമാനമെങ്കില്‍ കൂട്ടരാജി യിലേക്ക് പോകാനാണ് കൗണ്‍സിലര്‍മാരുടെ നീക്കം.

 

---- facebook comment plugin here -----

Latest