Connect with us

International

പാക്കിസ്ഥാനിൽ പ്രളയദുരിതം രൂക്ഷം; മൂന്ന് ദശലക്ഷത്തിലേറെ ആളുകളെ ബാധിച്ചു; മരണം ആയിരം കവിഞ്ഞു

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പ്രളയ ദുരിതമാണ് പാക്കിസ്ഥാൻ നേരിടുന്നത്.

Published

|

Last Updated

ഇസ്ലാമാബാദ് | അതിരൂക്ഷമായ പ്രളയത്തിൽ വീർപ്പുമുട്ടി പാക്കിസ്ഥാൻ. രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് ആളുകളെ പ്രളയം ബാധിച്ചു. ആയിരത്തിലധികം ആളുകൾ മരിച്ചു. ഒരു ദശലക്ഷത്തോളം വീടുകൾ നശിപ്പിക്കപ്പെടുകയോ കനത്ത നാശം നേരിടുകയോ ചെയ്തു. ഹെക്ടർ കണക്കിന് കൃഷി നശിച്ചു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പ്രളയ ദുരിതമാണ് പാക്കിസ്ഥാൻ നേരിടുന്നത്.

ഗുരുതരമായ പ്രകൃതി ദുരന്തമെന്നാണ് കാലാവസ്ഥാ മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. അഭൂതപൂർവമായ മഴക്കാലം രാജ്യത്തെ നാല് പ്രവിശ്യകളെയും ബാധിച്ചു. ദശലക്ഷക്കണക്കിന് വീടുകൾ തകർക്കപ്പെട്ടതിന് പുറമെ നിരവധി റോഡുകൾ സഞ്ചാരയോഗ്യമല്ലാതായിത്തീർന്നു. വൈദ്യുതി തടസ്സം വ്യാപകമാണ്. ഭക്ഷണവും വസ്ത്രങ്ങളുമില്ലാതെ ദുരിതക്കയത്തിലാണ് ഭൂരിഭാഗം പേരും. കുറഞ്ഞത് 33 ദശലക്ഷം ആളുകളെയെങ്കിലും ദുരിതം ബാധിക്കുന്നുവെന്നാണ് കണക്ക്.

ലക്ഷക്കണക്കിന് ആളുകളെ വെള്ളപ്പൊക്ക മേഖലകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചർസദ്ദയിൽ നിന്ന് 180,000 പേരെയും നൗഷേര ജില്ലയിൽ നിന്ന് 150,000 പേരെയും ഒഴിപ്പിച്ചതായി പ്രവിശ്യാ ഗവൺമെന്റിന്റെ വക്താവ് കമ്രാൻ ബംഗഷ് പറഞ്ഞു. പലരും വഴിയോരങ്ങളിൽ അഭയം പ്രാപിക്കുകയാണ്.

ജൂൺ പകുതി മുതൽ പാകിസ്ഥാനിൽ വ്യാപകമായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1,061 ൽ എത്തിയതായി അധികൃതർ അറിയിച്ചു, ഞായറാഴ്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വെള്ളപ്പൊക്ക ബാധിത ബലൂചിസ്ഥാൻ പ്രവിശ്യയ്ക്ക് 45 മില്യൺ ഡോളർ ദുരിതാശ്വാസ ഫണ്ട് പ്രഖ്യാപിച്ചു. വീട് നഷ്ടപ്പെട്ട എല്ലാവർക്കും സർക്കാർ വീട് നൽകുമെന്ന് ഷെരീഫ് പറഞ്ഞു.

സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തു. പാക്കിസ്ഥാന് വിവിധ രാജ്യങ്ങൾ സഹായം നൽകുന്നുണ്ട്. തുർക്കിയിൽ നിന്നും യുഎഇയിൽ നിന്നും ടെന്റുകളും ഭക്ഷണവും മറ്റ് നിത്യോപയോഗ സാധനങ്ങളും വഹിച്ച് വിമാനങ്ങൾ പാക്കിസ്ഥാനിൽ എത്തി. ഖത്തർ റെഡ് ക്രസന്റ് അടിയന്തര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest