Idukki
നിയന്ത്രണംവിട്ട ആംബുലന്‍സ് കാറില്‍ ഇടിച്ച് മറിഞ്ഞു; നഴ്സിന് ദാരുണാന്ത്യം
കട്ടപ്പന സ്വദേശിയായ മെയില്‍ നഴ്‌സ് ജിതിനാണ് മരിച്ചത്. ഇടുക്കി കാഞ്ചിയാറില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്.

ഇടുക്കി | ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ നിയന്ത്രണം നഷ്ടമായ 108 ആംബുലന്‍സ് കാറില്‍ ഇടിച്ച് മറിഞ്ഞ് നഴ്സ് മരിച്ചു. കട്ടപ്പന സ്വദേശിയായ മെയില്‍ നഴ്‌സ് ജിതിനാണ് മരിച്ചത്. ഇടുക്കി കാഞ്ചിയാറില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗികളായ ഇടുക്കി നെടുങ്കണ്ടം സ്വദേശി ഷിനി, തങ്കമ്മ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂര്‍ പാലാ റോഡില്‍ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലന്‍സ് എതിര്‍ ദിശയില്‍ നിന്നും എത്തിയ കാറില്‍ ഇടിച്ച് മറിയുകയായിരുന്നു. ആംബുലന്‍സിനും കാറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. നാട്ടുകാര്‍ ചേര്‍ന്നാണ് പരുക്കേറ്റവരെ മൂന്നു വാഹനങ്ങളിലായി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പാലാ റോഡില്‍ ഗതാഗത തടസ്സമുണ്ടായി.