Connect with us

Kerala

മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം; സംഘര്‍ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

വനിതാ പ്രവര്‍ത്തകര്‍ പോലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഒരു പ്രവര്‍ത്തകയ്ക്ക് തലയ്ക്ക് പരുക്കേറ്റതോടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Published

|

Last Updated

തിരുവനന്തപുരം| കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിലേക്ക് മഹിളാ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിയിടാന്‍ ശ്രമിക്കുകയും അവയ്ക്ക് മുകളില്‍ കയറി പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തങ്ങളുടെ രണ്ട് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി വനിതാ പ്രവര്‍ത്തകര്‍ പോലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഒരു പ്രവര്‍ത്തകയ്ക്ക് തലയ്ക്ക് പരുക്കേറ്റതോടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെയും ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലീസ് ബസ് തടഞ്ഞും പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പോലീസുമായി ഉന്തും തള്ളുമുണ്ടായി. ജില്ലാ ജനറല്‍ ആശുപത്രികളിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. കാസര്‍കോട്ടും ആലപ്പുഴയിലും കൊല്ലത്തും തൃശൂരിലും പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി.

അതിനിടെ, കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകള്‍ നവമിയെ ശസ്ത്രക്രിയയ്ക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മുടങ്ങിയ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു. സെപ്തംബറില്‍ പുതിയ ബ്ലോക്ക് പൂര്‍ണമായും തുറക്കും.

 

 

Latest