From the print
ഓപറേഷന്‍ സിന്ദൂര്‍: കൂടുതല്‍ വീഡിയോ പുറത്തുവിട്ട് സൈന്യം
സാമൂഹിക മാധ്യമമായ എക്സിലൂടെ കരസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡ് ആണ് വീഡിയോ പുറത്തുവിട്ടത്.

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൈന്യം. സാമൂഹിക മാധ്യമമായ എക്സിലൂടെ കരസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡ് ആണ് വീഡിയോ പുറത്തുവിട്ടത്. ‘ആസൂത്രണം ചെയ്തു, പരിശീലിച്ചു, നിര്‍വഹിച്ചു, നീതി നടപ്പാക്കി’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
ഒരു സംഘം സൈനികരുടെ ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ‘ഇതിന്റെയെല്ലാം തുടക്കം പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിന്നാണ്. ഉരുകിയ ലാവ പോലെയായിരുന്നു ക്രോധം. മനസ്സില്‍ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ- ഇത്തവണ നമ്മള്‍ അവരെ തലമുറകളോളം ഓര്‍മിച്ചുവെക്കുന്ന ഒരു പാഠം പഠിപ്പിക്കും. ഇതൊരു പ്രതികാര നടപടിയല്ല. ഇത് നീതിയാണ്’, ഒരു സൈനികന്‍ പറയുന്നത് കാണാം. തുടര്‍ന്നാണ് ആക്രമണത്തിന്റെ ദൃശ്യങ്ങളുള്ളത്.
ഈ മാസം ഒമ്പതിന് രാത്രി ഒമ്പതോടെ, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ശത്രുവിന്റെ മുഴുവന്‍ പോസ്റ്റുകളും ഇന്ത്യന്‍ സൈന്യം തകര്‍ക്കുകയും ശത്രുക്കളെ ഓടിക്കുകയും ചെയ്തു. ഓപറേഷന്‍ സിന്ദൂര്‍ വെറുമൊരു നടപടിയായിരുന്നില്ല, പതിറ്റാണ്ടുകളായിട്ടും പഠിക്കാത്ത പാകിസ്താന് വേണ്ടിയുള്ള ഒരു പാഠമായിരുന്നുവെന്ന് സൈനികന്‍ പറയുന്നതും വീഡിയോയിലുണ്ട്.
സമയപരിധി നിശ്ചയിച്ചിട്ടില്ല
ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ ധാരണക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് സൈന്യം അറിയിച്ചു. വെടിനിര്‍ത്തല്‍ ധാരണ ഇന്നലെ അവസാനിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സൈന്യം ഇക്കാര്യം വിശദീകരിച്ചത്.
ഈ മാസം 12ന് നടത്തിയ ഡി ജി എം ഒ തലത്തിലുള്ള ചര്‍ച്ചയില്‍ ഇന്നലെ വരെ വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായെന്നാണ് പാകിസ്താന്‍ പറഞ്ഞിരുന്നത്. ഇന്ന് വീണ്ടും ഡി ജി എം ഒ തലത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍നീക്കമെന്നായിരുന്നു പ്രചാരണം. ഇക്കാര്യം തള്ളിയ സൈന്യം, വെടിനിര്‍ത്തല്‍ ധാരണക്ക് സമയപരിധി തീരുമാനിച്ചിരുന്നില്ലെന്നും അറിയിച്ചു.