Connect with us

National

കടയില്‍ സിസിടിവി സ്ഥാപിച്ച് സൈനിക വിവരങ്ങള്‍ പാകിസ്താന് കൈമാറി; പഞ്ചാബില്‍ ഒരാള്‍ അറസ്റ്റില്‍

നിരീക്ഷണ ദൃശ്യങ്ങള്‍ പാകിസ്ഥാനിലും വിദേശത്തുമുള്ള ചാരന്മാര്‍ക്ക് ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴി തത്സമയം കൈമാറിയിരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ദല്‍ജീന്ദര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി |  പഞ്ചാബിലെ പഠാന്‍കോട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ചാരശൃംഖല തകര്‍ത്ത് പോലീസ്. ഇന്ത്യന്‍ സൈന്യത്തിന്റെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയതിന് ഒരാളെ അറസ്റ്റ് ചെയ്തു.ദേശീയപാത-44-ല്‍ പഠാന്‍കോട്ട്-ജമ്മു പാതയിലെ ഒരു പാലത്തിന് സമീപമുള്ള കടയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് സൈന്യത്തിന്റെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങള്‍ നിരീക്ഷിച്ച ചക്ക ധരിവാള്‍ ഗ്രാമവാസിയായ ബല്‍ജിത് സിംഗ് എന്ന ബിട്ടു ആണ് പിടിയിലായത്.

ഈ നിരീക്ഷണ ദൃശ്യങ്ങള്‍ പാകിസ്ഥാനിലും വിദേശത്തുമുള്ള ചാരന്മാര്‍ക്ക് ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴി തത്സമയം കൈമാറിയിരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ദല്‍ജീന്ദര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു.

ചോദ്യം ചെയ്യലില്‍, ജനുവരിയില്‍ സുജാന്‍പൂരിന് സമീപമുള്ള ഹൈവേയിലെ ഒരു കടയില്‍ താന്‍ സിസിടിവി ക്യാമറ സ്ഥാപിച്ചതായി സിംഗ് സമ്മതിച്ചു. ദുബായിലുള്ള ഒരാളില്‍ നിന്നാണ് ഇയാള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നത്. ഇതിനായി ഇയാള്‍ക്ക് 40,000 രൂപയും ലഭിച്ചിരുന്നു. ഒരു സിസിടിവി ക്യാമറയും ഇന്റര്‍നെറ്റ് വൈഫൈ റൂട്ടറും ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

ഹൈവേയിലെ പഠാന്‍കോട്ട്-ജമ്മു പാതയില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്. തുടര്‍ന്ന് സുജാന്‍പൂര്‍ പോലീസ് നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ബല്‍ജിത് സിംഗിന് പുറമെ വിക്രംജിത് സിംഗ് എന്ന വിക്ക, ബല്‍വിന്ദര്‍ സിംഗ് എന്ന വിക്കി, തരണ്‍പ്രീത് സിംഗ് എന്ന തന്നു എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. പ്രതികള്‍ ക്രിമിനല്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഈ ശൃംഖലയുടെ അതിര്‍ത്തി കടന്നുള്ള ബന്ധങ്ങള്‍ കണ്ടെത്താനും ചാരപ്രവര്‍ത്തനത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനുമുള്ള തുടര്‍ അന്വേഷണം നടന്നുവരികയാണ്. ഒളിവിലുള്ള മറ്റ് പ്രതികളെ പിടികൂടാന്‍ റെയ്ഡുകള്‍ തുടരുകയാണ്

Latest