Kerala
തിരുവഞ്ചൂര്‍ ഉത്തമ മാതൃകയെന്ന് മുഖ്യമന്ത്രി; നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനാകട്ടെയെന്ന് പിണറായി
സുദീര്‍ഘമായ പ്രവര്‍ത്തന പരിചയമുള്ളയാളാണ് തിരുവഞ്ചൂരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
തിരുവനന്തപുരം | നിയമസഭ സ്പീക്കറായി തിരഞ്ഞെടുത്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഭിനന്ദനവുമായി മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. തിരുവഞ്ചൂര്‍ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനാണെന്നും. ഒരു നിയമസഭാ സാമാജികന്‍ എങ്ങനെ നിയോജകമണ്ഡലത്തിലും സഭയിലും പ്രവര്‍ത്തിക്കണമെന്നതിന് ഉത്തമ മാതൃകയാണ് അദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സുദീര്‍ഘമായ പ്രവര്‍ത്തന പരിചയമുള്ളയാളാണ് തിരുവഞ്ചൂരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. വിവിധ വകുപ്പുകളുടെ ചുമതല വഹിച്ച അനുഭവമുണ്ട്.വൈവിധ്യമാര്‍ന്ന അനുഭവ പശ്ചാത്തലമാണ് തിരുവഞ്ചൂരിന്റേത്. വിദ്യാര്‍ഥി കാലഘട്ടം മുതലുള്ള രാഷ്ട്രീയ അനുഭവം സഭയിലെ ഇടപെടലുകള്‍ക്കും പ്രേരകമാകട്ടെയെന്ന് പിണറായി വിജയന്‍ പറഞ്ഞു. ബാറ്റിംഗ് സൈഡ് നിയമിച്ച അമ്പയര്‍ ആയി സ്പീക്കര്‍ മാറാതിരിക്കട്ടെ എന്നും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നുവെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.







