From the print
ഇന്ത്യക്ക് നൽകുന്ന എണ്ണക്ക് വീണ്ടും വില കുറയും; കൂടുതലടുത്ത് റഷ്യ
മൂന്ന് മുതൽ നാല് ഡോളർ വരെ വില കുറച്ചേക്കും

ന്യൂഡൽഹി | ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വില കുറച്ച് റഷ്യ. ബാരലിന് മൂന്ന് ഡോളർ മുതൽ നാല് ഡോളർ വരെ വിലകുറച്ച് നൽകാനാണ് റഷ്യയുടെ തീരുമാനം. കഴിഞ്ഞ ദിവസം ചൈനയിൽ നടന്ന ഷാംഗ്‌ഹായ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
ഇന്ത്യക്ക് മേൽ യു എസ് 50 ശതമാനം താരിഫ് ചുമത്തിയതിനിടെയാണ് റഷ്യ ഇന്ത്യക്ക് നൽകുന്ന എണ്ണക്ക് വില കുറച്ചത്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ തുടർന്നാണ് യു എസ് ഇന്ത്യക്ക് ഉയർന്ന താരിഫ് ചുമത്തിയത്. ഈ മാസം അവസാനവും ഒക്ടോബറിലും കയറ്റുമതി ചെയ്യുന്ന യുരാൾസ് ഗ്രേഡിൽപ്പെട്ട ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചതായി ബ്ലൂംബെർഗ് റിപോർട്ട് ചെയ്തു. ജൂലൈയിൽ ബാരലൊന്നിന് ഒരു ഡോളർ വിലക്കിഴിവിലാണ് നൽകിയിരുന്നതെങ്കിൽ കഴിഞ്ഞയാഴ്ചയോടെ 2.50 ഡോളർ വിലക്കിഴിവിലാണ് നൽകിയതെന്നും ബ്ലൂംബെർഗ് റിപോർട്ട് ചെയ്തു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. 2022 മുതൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിൽ വൻ വർധനവാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്.
2024-25 കാലയളവിൽ ഇന്ത്യയുടെ പ്രതിദിനം 5.4 ദശലക്ഷം ബാരൽ ഇറക്കുമതിയുടെ 36 ശതമാനവും വഹിക്കുന്നത് റഷ്യയാണ്. ഇറാഖ്, സഊദി അറേബ്യ, യു എ ഇ, യു എസ് എന്നിവയെ മറികടന്നാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ വർധനവ് രേഖപ്പെടുത്തിയത്. റഷ്യയുമായുള്ള എണ്ണ വ്യാപാരം അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതല്ലെന്ന് ഇന്ത്യ അറിയിച്ചു.
അമേരിക്കയുടെ ഒരു ഉപരോധവും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ പിന്നോട്ടടിപ്പിക്കില്ലെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.
ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി കുറക്കാൻ നീക്കം നടത്തുന്ന ട്രംപ് ഭരണകൂടം, റഷ്യയുമായുള്ള രാജ്യത്തിന്റെ ക്രൂഡ് വ്യാപാരത്തിന് മേൽ സമ്മർദം കടുപ്പിച്ചിരുന്നു.
യുക്രൈനിലെ കൂട്ടക്കൊല നിർത്താൻ എല്ലാവരും ആവശ്യപ്പെടുന്ന സാഹചര്യത്തിൽപ്പോലും റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയായിരുന്നു ഇന്ത്യക്കെതിരെ ട്രംപ് തീരുവ ഏർപ്പെടുത്തിയത്.
25 ശതമാനം തീരുവയായിരുന്നു ഇന്ത്യക്കെതിരെ ആദ്യം ട്രംപ് പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാൻ ഇന്ത്യ തയ്യാറാകാത്തതിനെ തുടർന്ന് 25 ശതമാനം കൂടി അധികമായി ചുമത്തിയിരുന്നു.
അതേസമയം, ഇന്ത്യയുടെ തീരുവ ആശങ്കകൾക്കിടെ, യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപനം നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ത്യയുടെ മേൽ 50 ശതമാനം തീരുവ ഉയർത്തിയ സാഹചര്യം, എസ് സി ഒ ഉച്ചകോടിയിൽ ഇന്ത്യയും ചൈനയും റഷ്യയും തമ്മിലുള്ള പുതിയ ബന്ധം, റഷ്യ-യുക്രൈൻ സംഘർഷം അവസാനിക്കാത്ത സാഹചര്യം എന്നിവ മുന്നിൽനിൽക്കേയാണ് ട്രംപിന്റെ പ്രഖ്യാപനം വരുന്നത്.