Connect with us

Career Education

ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ; ഡിഗ്രിക്കാർക്കു അപേക്ഷിക്കാം

അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജിൻസ് ഓഫീസർ (ACIO) തസ്തികയിൽ 3717ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി|ഇന്റലിജൻസ് ബ്യൂറോ (ഐബി) വൻതോതിലുള്ള റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചു. അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജിൻസ് ഓഫീസർ (ACIO) തസ്തികയിൽ 3717ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇത് സമീപ വർഷങ്ങളിലെ ഏറ്റവും വലിയ നിയമനങ്ങളിൽ ഒന്നാണ്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവരും 18 നും 27 നും ഇടയിൽ പ്രായമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഏഴാം ശമ്പള കമ്മീഷന്റെ ലെവൽ 7 പ്രകാരം 44,900 രൂപ-1,42,400 രൂപ ശമ്പള സ്കെയിലിൽ, ആഭ്യന്തര സുരക്ഷയിലും ഇന്റലിജൻസിലും കേന്ദ്ര സർക്കാർ ജോലി തേടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് ഒരു അവസരമാണ്..

ഐബി, എസിഐഒ ഗ്രേഡ് II/എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് 2025 ന് യോഗ്യത നേടുന്നതിന്, ഉദ്യോഗാർത്ഥികൾ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബാച്ചിലേഴ്സ് ബിരുദം നേടിയിരിക്കണം. 2025 ഓഗസ്റ്റ് 10 അടിസ്ഥാനമാക്കി പ്രായപരിധി 18 മുതൽ 27 വയസ്സ് വരെയാണ്. എസ് എസ് എൽ സി ബുക്കിലുള്ള പേരും ജനന തിയ്യതിയും മാത്രമേ സ്വീകരിക്കുകയുള്ളൂ . മറ്റൊരു രേഖകളും സ്വീകാര്യമല്ല . എസ്‌സി/എസ്ടിക്ക് 5 വർഷം, ഒബിസിക്ക് 3 വർഷം, കൂടാതെ ഡിപ്പാർട്ട്‌മെന്റൽ ഉദ്യോഗാർത്ഥികൾക്കും മുൻ സൈനികർക്കും അർഹത ഉള്ള മറ്റുള്ളവർക്കും സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് സംവരണവും പ്രായപരിധിയിൽ ഇളവും ലഭിക്കും. അടിസ്ഥാന കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ പ്രാവീണ്യം അഭികാമ്യമാണ്.

എങ്ങനെ അപേക്ഷിക്കാം

അപേക്ഷകർ ഓൺലൈൻ ആയി https://cdn.digialm.com/EForms/configuredHtml/1258/94319/Registration.html എന്ന ലിങ്ക് വഴി രജിസ്ട്രേഷന് ശേഷം https://cdn.digialm.com/EForms/configuredHtml/1258/94319/Index.html എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കണം. അപേക്ഷകർ രജിസ്ട്രേഷൻ ചെയ്യുമ്പോൾ സ്വന്തം ഇ മെയിൽ ഐഡിയും മൊബൈൽ നമ്പറും രേഖപ്പെടുത്തണം .നിയമനം സംബന്ധിച്ച എല്ലാ നിർദ്ദേശങ്ങളും ഇമെയിൽ വഴിയാണ് നടക്കുക. നിശ്ചിത അളവിലുള്ള ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്താൽ മാത്രമേ അപേക്ഷ പൂർത്തിയാവുകയുള്ളു. അപേക്ഷിക്കാനുള്ള അവസാനതിയ്യതി ആഗസ്ത് 10 ആണ് . ആഗസ്ത് 12 വരെ ഫീസ് അടക്കാം. അപേക്ഷാ ഫീസ് ഓൺലൈനായോ എസ്ബിഐ ചലാൻ വഴിയോ അടയ്ക്കുക .

ജനറൽ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം പുരുഷ അപേക്ഷകർ എന്നിവർ : 650 രൂപ മൊത്തം ഫീസായി അടക്കണം .പട്ടിക ജാതി പട്ടിക വർഗം ,സ്ത്രീകൾ, വിമുക്ത ഭടന്മാർ എന്നിവർ പരീക്ഷ ഫീസ് ആയ 100 രൂപ അടക്കേണ്ടതില്ല . പക്ഷെ അവർ അപേക്ഷ ഫീസ് ആയ 550 അടക്കണം . ഓൺലൈൻ പേയ്‌മെന്റ് അല്ലെങ്കിൽ എസ്‌ബി‌ഐ ചലാൻ വഴി പണമടക്കാം. ഒരിക്കൽ ഫീസ് അടച്ചാൽ റീഫണ്ട് ചെയ്യാൻ കഴിയില്ല, അതിനാൽ പണമടക്കുന്നതിനു മുമ്പ് യോഗ്യത ഉറപ്പാക്കുക.

ACIO ഗ്രേഡ് II/എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഇന്റലിജൻസ് ബ്യൂറോ വിജ്ഞാപനം ചെയ്തിട്ടുള്ള ഒഴിവുകൾ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാണ്. അപേക്ഷകർ ഇന്ത്യയിൽ എവിടെയും ജോലി ചെയ്യാൻ തയ്യാറുള്ളവർ ആയിരിക്കണം. എറണാകുളം, കണ്ണൂർ, കൊല്ലം, കോഴിക്കോട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നീ പരീക്ഷ കേന്ദ്രങ്ങളാണ് കേരളത്തിൽ ഉള്ളത്. ഇതിൽ 5 കേന്ദ്രങ്ങൾ മുൻഗണന ക്രമത്തിൽ അപേക്ഷയിൽ രേഖപ്പെടുത്തണം.

മൂന്ന് തലങ്ങളിലുള്ള നിയമന പ്രക്രിയയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്:
ടിയർ I: ഒബ്ജക്റ്റീവ്-ടൈപ്പ് എഴുത്തുപരീക്ഷ
ടിയർ II: വിവരണാത്മക എഴുത്തുപരീക്ഷ
ടിയർ III: വ്യക്തിഗത അഭിമുഖം

പരീക്ഷാ പാറ്റേൺ വിശദാംശങ്ങൾ

ടിയർ I:  കറന്റ് അഫയേഴ്‌സ്, ന്യൂമെറിക്കൽ ആപ്റ്റിറ്റ്യുഡ്, റീസണിംഗ് /ലോജിക്കൽ ആപ്റ്റിറ്റ്യുഡ്, ഇംഗ്ലീഷ്, ജനറൽ സ്റ്റഡീസ് എന്നിവ ഉൾക്കൊള്ളുന്ന ഒബ്ജക്റ്റീവ് ടെസ്റ്റ് (1 മണിക്കൂർ, 100 മാർക്ക്). തെറ്റായ ഉത്തരത്തിന് 0.25 നെഗറ്റീവ് മാർക്ക് ഉണ്ടാവും. ഓരോ വിഭാഗത്തിനും നിശ്ചിത കട്ട് ഓഫ് മാർക്കും ഉണ്ട്.
ടിയർ II: ഉപന്യാസം തയ്യാറാക്കാനുള്ള കഴിവ് ,ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം , കറന്റ് അഫയേഴ്‌സ്,എക്കണോമിക്സ്, സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങൾ എന്നിവയിലെ അറിവ് പരീക്ഷിക്കുന്ന വിവരണാത്മക പേപ്പർ (50 മാർക്ക്).
ടിയർ III: വ്യക്തിത്വവും ബുദ്ധിപരമായ പ്രവർത്തനത്തിനുള്ള അനുയോജ്യതയും വിലയിരുത്തുന്നതിനുള്ള അഭിമുഖ റൗണ്ട് (100 മാർക്ക്). സ്വഭാവ പരിശോധന വിജയകരമായി പൂർത്തിയാക്കിയവരുടെ വൈദ്യപരിശോധന കൂടി നടത്തിയതിനുശേഷമായിരിക്കും തസ്തികകളിലേക്കുള്ള അന്തിമ തിരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കാൻ അവസാന ദിവസത്തേക്ക് കാത്തിരിക്കരുതെന്നു നിർദ്ദേശമുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ കാരണം അപേക്ഷ സമർപ്പിക്കാൻ കഴിയാതെ വന്നേക്കാം. ഈ സാഹചര്യം ഒഴിവാക്കാൻ ഉടൻ അപേക്ഷ സമർപ്പിക്കുക.

 

 

കരിയർ വിദഗ്ദ്ധൻ

Latest