Connect with us

Editorial

മാനസികാരോഗ്യ കേന്ദ്ര വികസനത്തിന് ഒച്ചിന്റെ വേഗത

മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള നടപടി അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഒളിച്ചോട്ടക്കാരുടെ എണ്ണവും അന്തേവാസികള്‍ക്കിടയിലെ അക്രമവും അനിഷ്ട സംഭവങ്ങളും ഇനിയും വര്‍ധിക്കും.

Published

|

Last Updated

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയിലേക്കും രോഗീപരിചരണത്തിലെ അപാകതകളിലേക്കും വിരല്‍ ചൂണ്ടുന്നതാണ് ഇതുസംബന്ധിച്ചു നടത്തിയ അന്വേഷണ റിപോര്‍ട്ടുകള്‍. മാനസികാരോഗ്യ കേന്ദ്രത്തിലെ ഒരു അന്തേവാസിനി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും അഞ്ച് അന്തേവാസികള്‍ തുടരെത്തുടരെ ഒളിച്ചോടുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസറും മനുഷ്യാവകാശ കമ്മീഷനും സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റും അന്വേഷണം നടത്തിയത്. ജീവനക്കാരുടെ കുറവും നിലവിലുള്ള ജീവനക്കാരുടെ അനാസ്ഥയും കാരണം രോഗികള്‍ക്ക് മതിയായ തോതിലുള്ള പരിചരണമോ ചികിത്സയോ സുരക്ഷയോ ലഭിക്കുന്നില്ലെന്നാണ് റിപോര്‍ട്ടുകളിലെ വിലയിരുത്തല്‍. നാഷനല്‍ ഹെല്‍ത്ത് മിഷന്റെ സഹായത്തോടെ കോഴിക്കോട്, തൃശൂര്‍, തിരുവനന്തപരം മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും 2018ല്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെയും അത് നടപ്പായതുമില്ല. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി 400 കോടി രൂപയുടെ ഒരു പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. അന്താരാഷ്ട്ര നിലവാരത്തില്‍ മാനസികാരോഗ്യ ചികിത്സ നല്‍കുന്ന ഒരു കേന്ദ്രമാക്കി ഉയര്‍ത്തുകയും അസുഖം മാറിയവര്‍ക്ക് മികച്ച പുനരധിവാസ കേന്ദ്രം സജ്ജീകരിക്കുകയുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ചെന്നൈയിലെ മുകേഷ് അസ്സോസിയേറ്റാണ് മാസ്റ്റര്‍ പ്ലാനും പ്രൊജക്ട് റിപോര്‍ട്ടും തയ്യാറാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വികസന ട്രസ്റ്റ് ചെയര്‍മാനായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ തുടര്‍ നടപടികള്‍ മന്ദഗതിയിലാണ് നീങ്ങുന്നത്.

ഫെബ്രുവരി പത്തിനാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ട് എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്ന് രാത്രി അന്തേവാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായതിന് പിന്നാലെയായിരുന്നു സംഭവം. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. മറ്റൊരു അന്തേവാസിയാണ് കൃത്യം ചെയ്തത്. ഫെബ്രുവരി 13നാണ് മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിയായ യുവാവും കോഴിക്കോട് നടക്കാവ് സ്വദേശിയായ സ്ത്രീയും ചാടിപ്പോയത്. രാവിലെ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് പുരുഷനായ അന്തേവാസി രക്ഷപ്പെട്ടത്. മതില്‍ വെള്ളം നനച്ചു കുതിര്‍ത്ത ശേഷം പ്ലേറ്റ് ഉപയോഗിച്ച് തുരന്ന് ദ്വാരമുണ്ടാക്കിയാണ് സ്ത്രീ പുറത്തു കടന്നത്. 18ാം തീയതി 21കാരനായ മറ്റൊരു അന്തേവാസി ശുചിമുറിയുടെ വെന്റിലേഷന്‍ തകര്‍ത്ത് ഒളിച്ചോടി. ഫെബ്രുവരി 20 ഞായറാഴ്ച പുലര്‍ച്ചെ മഹാരാഷ്ട്ര സ്വദേശിനിയായ 17കാരി ഓട് പൊളിച്ച് പുറത്തു ചാടി. ഏറ്റവും ഒടുവില്‍ ചൊവ്വാഴ്ച കുന്ദമംഗലം സ്വദേശിയായ യുവാവാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടത്. ആരോഗ്യ കേന്ദ്രത്തിനു ചുറ്റുമതിലുണ്ടെങ്കിലും വൃക്ഷങ്ങളില്‍ പിടിച്ചും കെട്ടിടങ്ങളുടെ ഓരത്തു കൂടെയും മതില്‍ ചാടി രക്ഷപ്പെടാനാകും. സി സി ടി വി ക്യാമറകള്‍ മിക്കതും പ്രവര്‍ത്തനരഹിതമാണ്.

ജീവനക്കാരുടെ കുറവാണ് മുഖ്യപ്രശ്നം. 168 സ്ത്രീകളും 301 പുരുഷന്മാരുമായി 469 അന്തേവാസികളുള്ള ഇവിടെ നിലവില്‍ നാല് താത്കാലിക സുരക്ഷാ ജീവനക്കാര്‍ മാത്രമാണുള്ളത്. ഓരോ വാര്‍ഡിലും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടതാണെങ്കിലും 11 വാര്‍ഡുകളുള്ളതില്‍ ഒരിടത്തു പോലും നിലവില്‍ സുരക്ഷാ ജീവനക്കാരില്ല. അന്തേവാസികള്‍ തമ്മില്‍ പ്രശ്നമുണ്ടായാല്‍ അവരെ പിടിച്ചുമാറ്റാന്‍ ആളില്ല. മതിയായ ചികിത്സയും ഇവര്‍ക്ക് ലഭ്യമാകുന്നില്ല. പലപ്പോഴും സെല്ലുകളില്‍ എത്തുന്ന നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് അന്തേവാസികളില്‍ നിന്ന് മര്‍ദനമേല്‍ക്കാറുണ്ട്. മാനസികാരോഗ്യ കേന്ദ്രത്തിലെ മിക്ക കെട്ടിടങ്ങളും നാശത്തിന്റെ വക്കിലാണ്. ഭിത്തികള്‍ പലതും പൊട്ടിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു അന്തേവാസി ചുമരു തുരന്ന് ചാടിപ്പോയത് കെട്ടിടത്തിന്റെ ഈ ശോച്യാവസ്ഥ മൂലമാണ്.

ശാരീരികാരോഗ്യം പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് മാനസികാരോഗ്യവും. കൊവിഡിന്റെ അനന്തര ഫലമായ സാമ്പത്തിക പ്രതിസന്ധി, തൊഴില്‍ നഷ്ടം, കൊവിഡാനന്തര രോഗങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ സമീപ വര്‍ഷങ്ങളിലായി മനോരോഗികളുടെ എണ്ണം വര്‍ധിക്കുകയുമാണ്. ശരിയായ പരിചരണത്തിലൂടെയും ചികിത്സയിലൂടെയുമാണ് ഇത് മാറ്റിയെടുക്കേണ്ടത്. ഇത്തരം അസുഖങ്ങളുള്ള രോഗിയുടെ മാനസിക വ്യാപാരം പഠിക്കാനും അതിനെ അവലോകനം ചെയ്യാനും കഴിവും പ്രാഗത്ഭ്യവുമുള്ള ഡോക്ടര്‍ ആവശ്യമാണെന്നതു പോലെ രോഗികളെ ശരിയായ രീതിയില്‍ പരിചരിക്കാന്‍ പ്രാപ്തിയുള്ള മറ്റു ജീവനക്കാരും ആവശ്യമാണ്. 2016ലെ കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ റിപോര്‍ട്ട് പ്രകാരം കേരളത്തില്‍ 12.43 ശതമാനം പേരും ചികിത്സ ആവശ്യമായ മാനസിക രോഗികളാണ്. അതില്‍ തന്നെ 15 ശതമാനം ആളുകള്‍ക്ക് മാത്രമേ ശാസ്ത്രീയമായ ചികിത്സയും സഹായവും ലഭിക്കുന്നുള്ളൂ. എല്ലാ മനോരോഗികള്‍ക്കും അത് ലഭ്യമാക്കാനുള്ള നടപടികളും പദ്ധതികളും നടപ്പാക്കേണ്ടതുണ്ട്. ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള നടപടിയെങ്കിലും അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഒളിച്ചോട്ടക്കാരുടെ എണ്ണവും അന്തേവാസികള്‍ക്കിടയിലെ അക്രമവും അനിഷ്ട സംഭവങ്ങളും ഇനിയും വര്‍ധിക്കും. ഫെബ്രുവരി പത്തിന് വൈകുന്നേരം ആറിനും ആറരക്കും ഇടയിലാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ വനിതാ അന്തേവാസി കൊല്ലപ്പെട്ടത്. മരണ വിവരം ആശുപത്രി അധികൃതര്‍ അറിഞ്ഞത് അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചരക്ക് മാത്രമാണ്. ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു കൊലപാതകം സംഭവിക്കുമായിരുന്നില്ലെന്നാണ് അഡീഷനല്‍ ഡി എം ഒ സമര്‍പ്പിച്ച റിപോര്‍ട്ടിലെ വിലയിരുത്തല്‍. റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉടനടി നടപ്പാക്കിയില്ലെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Latest