Kerala
സോനക്ക് മികച്ച ചികിത്സ ഉറപ്പാക്കും; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി
വര്‍ക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരി തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്
തിരുവനന്തപുരം | വര്‍ക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരിക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടിയന്തിര നിര്‍ദ്ദേശം നല്‍കി.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീക്കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി എന്ന സോന തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കഴിഞ്ഞ രാത്രി കേരള എക്‌സ്പ്രസിലെ യാത്രയ്ക്കിടെയാണ് പത്തൊമ്പതുകാരിയെ സഹയാത്രികന്‍ തള്ളിയിട്ടത്. ആലുവയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോള്‍ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരിലാണ് അതിക്രമമെന്നാണ് മൊഴി. വാതില്‍ക്കല്‍ നിന്ന് മാറാത്തതിന്റെ വൈരാഗ്യത്തിലാണ് പ്രതി പെണ്‍കുട്ടിയെ പിന്നില്‍ നിന്ന് തള്ളിയിട്ടതെന്നാണ് എഫ്‌ഐആര്‍. പെണ്‍കുട്ടിവീണ സ്ഥലത്ത് ഫൊറന്‍സിക് സംഘം തെളിവ് ശേഖരിച്ചു.
റെയില്‍വെ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാര്‍ കുറ്റം സമ്മതിച്ചു.ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ഇടപെട്ട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കിയത്.





