Kerala
നഗരസഭ വാങ്ങിയ വാഹനം ഉദ്ഘാടനം ചെയ്യുന്നതിനിടെ പുഴയിലേക്കു വീണു
പുഴയില്‍ വീണ രണ്ടുപേരെ രക്ഷിച്ചു
തൃശ്ശൂര്‍ | വടക്കാഞ്ചേരി നഗരസഭ വാങ്ങിയ വാഹനം ഉദ്ഘാടനം ചെയ്യുന്നതിനിടെ പുഴയിലേക്കു വീണു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരവിന്ദാക്ഷനും ഡ്രൈവര്‍ ബിന്ദുവും വാഹനത്തോടൊപ്പം പുഴയില്‍ വീണു.
നഗരസഭ ചെയര്‍മാന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത വാഹനം ഉദ്ഘാടനത്തിനായി സ്റ്റാര്‍ട്ടാക്കിയപ്പോഴാണ് അപകടം. പുഴയില്‍ വീണ രണ്ടുപേരെയും രക്ഷിച്ചു. നഗരസഭയുടെ പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികളുടെ കൈമാറ്റക്കടയുടെ ആവശ്യങ്ങള്‍ക്കായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണ് വാഹനം പുഴയിലേക്ക് വീണത്. ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രനാണ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തത്. തുടര്‍ന്ന് വാഹനം മുന്നോട്ട് എടുത്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് നേരെ പുഴയിലേക്ക് പതിക്കുകയായിരുന്നു.
വാഹനം എടുത്തപ്പോള്‍ മുന്‍ഭാഗത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ വെള്ളത്തില്‍ മുങ്ങിപ്പോയെങ്കിലും കരയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ വെള്ളത്തില്‍ ചാടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് വാഹനം വലിച്ചു കയറ്റി.


