Connect with us

local body election 2025

വോട്ടർപ്പട്ടികയിലില്ല; മഞ്ചേരിയിൽ മത്സരിക്കാനാകാതെ രണ്ട് പേര്‍

നഗരസഭ ആറാം വാര്‍ഡില്‍ മത്സരിക്കാന്‍ നിശ്ചയിച്ച കോണ്‍ഗ്രസ്സ് സ്ഥാനാർഥിയായ പി എന്‍ എ രശ്മി പ്രഭയും 20ാം വാര്‍ഡിൽ എല്‍ ഡി എഫ് തീരുമാനിച്ച സ്വതന്ത്ര സ്ഥാനാർഥി സുകേഷുമാണ് വോട്ടർപ്പട്ടികയില്‍ പേരുള്‍പ്പെടാത്തതിനാല്‍ മത്സരരംഗത്ത് നിന്ന് പിന്മാറിയത്.

Published

|

Last Updated

മഞ്ചേരി | സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടും വോട്ടർപ്പട്ടികയില്‍ പേര് വരാത്തത് മൂലം മത്സരിക്കാനാകാതെ മഞ്ചേരി നഗരസഭയില്‍ രണ്ട് സ്ഥാനാർഥികള്‍.

നഗരസഭ ആറാം വാര്‍ഡില്‍ മത്സരിക്കാന്‍ നിശ്ചയിച്ച കോണ്‍ഗ്രസ്സ് സ്ഥാനാർഥിയായ പി എന്‍ എ രശ്മി പ്രഭയും 20ാം വാര്‍ഡിൽ എല്‍ ഡി എഫ് തീരുമാനിച്ച സ്വതന്ത്ര സ്ഥാനാർഥി സുകേഷുമാണ് വോട്ടർപ്പട്ടികയില്‍ പേരുള്‍പ്പെടാത്തതിനാല്‍ മത്സരരംഗത്ത് നിന്ന് പിന്മാറിയത്.

നേരത്തെ സ്ഥാനാർഥിത്വം ഉറപ്പുലഭിച്ചതിനാല്‍ ഇരുവരും പ്രചാരണ രംഗത്ത് ഏറെ മുന്നേറിയിരുന്നു. വോട്ട് ചോദിക്കുന്നതിനായി വീട് സന്ദര്‍ശനവും മറ്റുമായി രശ്മി പ്രഭ കഴിഞ്ഞ ഒരാഴ്ചയിലേറെയായി സജീവമായിരുന്നു.

വാര്‍ഡുകളില്‍ ഇവരുടെ ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ വോട്ട് ചെയ്തിരുന്നതായി ഇരുവരും പറയുന്നു. നഗരസഭയിലെ ഏതെങ്കിലും വാര്‍ഡില്‍ വോട്ടില്ലെങ്കില്‍ മത്സരിക്കാനാകില്ലെന്നതിനാല്‍ ഇരുവര്‍ക്കും പിന്മാറേണ്ടി വന്നു.

എന്നാല്‍, രശ്മി പ്രഭയുടെ മകളായ സ്‌നേഹയെ സ്ഥാനാർഥിയായി നേതൃത്വം പ്രഖ്യാപിച്ചതോടെ കരുവമ്പ്രം വാര്‍ഡിലെ യു ഡി എഫ് സ്ഥാനാർഥിത്വം സംബന്ധിച്ച പ്രശ്‌നത്തിന് പരിഹാരമായി.
പയ്യനാട് വാര്‍ഡില്‍ സുകേഷിന് പകരം മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എൽ ഡി എഫ്.