Connect with us

Editorial

എല്ലാ പാലും പാലല്ല

കൊഴുപ്പ് കൂട്ടാനും കേടുവരാതെ ദിവസങ്ങളോളം സൂക്ഷിക്കാനുമായി ചേര്‍ക്കുന്ന മാരക രാസവസ്തുക്കള്‍ അടങ്ങിയതാണ് ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന പാലുകളില്‍ ഭൂരിഭാഗവും. ഭക്ഷ്യ സുരക്ഷാ-നിലവാര അതോറിറ്റി (എഫ് എസ് എസ് എ ഐ) 2016ല്‍ നടത്തിയ പഠനത്തില്‍ രാജ്യത്ത് വില്‍ക്കപ്പെടുന്നതില്‍ 68.4 ശതമാനം പാലും രാസവസ്തുക്കള്‍ കലര്‍ന്നതാണെന്ന് കണ്ടെത്തിയിരുന്നു.

Published

|

Last Updated

പോഷക സമൃദ്ധമായ മികച്ച ഭക്ഷ്യവസ്തുവാണ് പശുവിന്‍ പാല്‍. വിവിധയിനം പോഷകങ്ങളാല്‍ സമ്പന്നമായ, ശരീരത്തിന് ഏറ്റവും കൂടുതല്‍ ഊര്‍ജമേകുന്ന പാനീയം. മറ്റു പോഷക ഭക്ഷ്യ വസ്തുക്കളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന പാല്‍ കാലങ്ങളായി മിക്ക വീടുകളിലും മുതിര്‍ന്നവര്‍ കുടിക്കുകയും കുട്ടികള്‍ക്ക് നല്‍കി വരികയും ചെയ്യുന്നു. വൈദ്യശാസ്ത്രവും പാല്‍ കുടിക്കാന്‍ കല്‍പ്പിക്കാറുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളിലൊന്നുമാണ് പാല്‍. എന്നാല്‍ ഇന്ന് ലഭ്യമാകുന്ന പാലുകള്‍- പാക്കറ്റ് പാലാകട്ടെ വീടുകളില്‍ നിന്ന് ലഭിക്കുന്ന പാലുകളാകട്ടെ- സൂക്ഷിച്ചു വേണം കുടിക്കാനെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കൊഴുപ്പ് കൂട്ടാനും കേടുവരാതെ ദിവസങ്ങളോളം സൂക്ഷിക്കാനുമായി ചേര്‍ക്കുന്ന മാരക രാസവസ്തുക്കള്‍ അടങ്ങിയതാണ് ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന പാലുകളില്‍ ഭൂരിഭാഗവും. ഭക്ഷ്യ സുരക്ഷാ-നിലവാര അതോറിറ്റി (എഫ് എസ് എസ് എ ഐ) 2016ല്‍ നടത്തിയ പഠനത്തില്‍ രാജ്യത്ത് വില്‍ക്കപ്പെടുന്നതില്‍ 68.4 ശതമാനം പാലും രാസവസ്തുക്കള്‍ കലര്‍ന്നതാണെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യ ശരീരത്തിന് ഏറെ ദോഷകരമായ കാസ്റ്റിക് സോഡ, വെളുത്ത പെയിന്റ്, സോപ്പ്, സ്റ്റാര്‍ച്ച് തുടങ്ങിയവ ചേര്‍ക്കുന്നതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2022 ആഗസ്റ്റില്‍ മീനാക്ഷിപുരം ചെക്ക്‌പോസ്റ്റില്‍ നിന്ന് പിടികൂടിയ 12,700 ലിറ്റര്‍ പാല്‍ പരിശോധനക്കു വിധേയമാക്കിയപ്പോള്‍ മാരകമായ ഫോര്‍മാലിനും യൂറിയയും ചേര്‍ന്നതായി കണ്ടെത്തി. പാലക്കാട് നേര്യമംഗലത്തുള്ള ക്ഷീരവികസന വകുപ്പിന്റെ ചെക്ക്‌പോസ്റ്റില്‍ പരിശോധന നടത്തിയപ്പോള്‍ ആന്റി ബയോട്ടിക് മരുന്നിന്റെ അംശവും കഴിഞ്ഞ മാസം കൊല്ലം ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പിടികൂടിയ പാലില്‍ മാരക വിഷമായ ഹൈഡ്രജന്‍ പെറോക്‌സൈഡും കണ്ടെത്തുകയുണ്ടായി. കിഡ്‌നി, ഹൃദയ ധമനികള്‍, കരള്‍, തലച്ചോറ് തുടങ്ങി ശരീരത്തിന്റെ ആന്തരിക അവയവങ്ങളെ ബാധിക്കുന്നതാണ് ഈ രാസവസ്തുക്കള്‍.

തമിഴ്‌നാട്ടില്‍ നിന്ന് കവറുകളിലാക്കിയും ടാങ്കറുകളിലും കേരളത്തിലെത്തുന്ന പാല്‍ അവിടെ കറക്കുന്നത് ഒരാഴ്ച മുമ്പെങ്കിലുമായിരിക്കും. അത് വിറ്റഴിക്കുന്നത് വരെ കേട് വരാതിരിക്കാനാണ് ഫോര്‍മാലിന്‍ പോലുള്ള മാരക രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. കൊഴുപ്പും രുചിയും വര്‍ധിക്കുന്നതിനും രാസവസ്തുക്കള്‍ ചേര്‍ക്കും. പാലില്‍ ആന്റി ബയോട്ടിക് ചേര്‍ത്താല്‍ വേണ്ടാത്തതും വേണ്ടതുമായ എല്ലാ തരം ബാക്ടീരിയകളും നശിക്കുകയും പാലിന്റെ ഗുണം നഷ്ടപ്പെടുകയും ചെയ്യും. ഇത് കുട്ടികള്‍ക്ക് കുടിക്കാന്‍ കൊടുത്താല്‍ പിന്നീട് അസുഖത്തിന് ആന്റി ബയോട്ടിക് മരുന്നുകള്‍ നല്‍കിയാല്‍ ഫലപ്പെടാന്‍ പ്രയാസമാണ്.

പാക്കറ്റ് പാല്‍ ഒഴിവാക്കി വീടുകളില്‍ നിന്ന് പാല്‍ വാങ്ങാമെന്നു വെച്ചാലും രക്ഷയില്ല. അടുത്തിടെ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച നാടന്‍ പാലുകള്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‌ളാടോക്‌സിന്റെ സാന്നിധ്യം ബോധ്യപ്പെട്ടു. കാലിത്തീറ്റയിലൂടെയാണ് ഇത് പാലില്‍ കലരുന്നതെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ പാലിന് ഗുണമേന്മ വളരെ കുറവായി അനുഭവപ്പെട്ട പശ്ചാത്തലത്തിലാണ് ക്ഷീര വികസന വകുപ്പ് വിവിധ സര്‍ക്കിളുകളില്‍ നിന്നായി ശേഖരിച്ച പാലിന്റെ 452 സാമ്പിളുകള്‍ പരിശോധിച്ചത്. വന്‍കിട കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, പ്രാദേശിക ഡയറി ഫാമുകള്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കാലിത്തീറ്റകളിലാണ് രാസവസ്തുക്കള്‍ കൂടുതല്‍. മികച്ച കാലിത്തീറ്റയാണെന്നും പാല്‍ ഉത്പാദനം ഇരട്ടിയാക്കുമെന്നും പ്രചരിപ്പിച്ചാണ് തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ദിനംപ്രതി ടണ്‍ കണക്കിന് മായം കലര്‍ന്ന കാലിത്തീറ്റകള്‍ സംസ്ഥാനത്ത് വ്യാപകമായി ഇറക്കുമതി ചെയ്യുന്നത്. ഈ കുപ്രചാരണങ്ങള്‍ക്കു പുറമെ മില്‍മ കാലിത്തീറ്റയുടെ അമിത വില കൂടിയാണ് കര്‍ഷകര്‍ ഇറക്കുമതി കാലിത്തീറ്റയെ ആശ്രയിക്കാനുള്ള കാരണം. സംസ്ഥാന അതിര്‍ത്തിയില്‍ മാത്രം അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന മുപ്പതോളം കാലിത്തീറ്റ നിര്‍മാണ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

ആന്ധ്ര, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലെ ബിയര്‍ കമ്പനികളില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന ബിയര്‍ വേയ്സ്റ്റ്, മക്കാ ചോളം പൊടി, വിവിധ തരം തവിടുകള്‍ എന്നിവയും കേടുവരാതെ സൂക്ഷിക്കാനായി യൂറിയ, നിലവാരം ഇല്ലാത്ത ഉപ്പ് തുടങ്ങിയവയും ചേര്‍ത്താണ് ഈ കാലി ആഹാരം ഉണ്ടാക്കുന്നത് കാലിത്തീറ്റകളില്‍ പാറപ്പൊടിയും മറ്റും കലര്‍ത്തുന്നതായി ക്ഷീരകര്‍ഷകരില്‍ നിന്ന് പരാതി ലഭിക്കുന്നതായി ഇതിനിടെ ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വെളിപ്പെടുത്തിയിരുന്നു. ഇത്തരം കാലിത്തീറ്റകള്‍ ഉപയോഗിക്കുന്നത് പാലിന്റെ ഗുണമേന്മ കുറയാന്‍ ഇടയാക്കും. പുറമെ കറവപ്പശുക്കള്‍ക്ക് അകിട് വീക്കം, ചര്‍മ രോഗം തുടങ്ങിയ രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്.

കേരളത്തിനാവശ്യമായ പാല്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കുകയും അത് മായം ചേര്‍ക്കാതെ വിപണിയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ശുദ്ധമായ പാല്‍ ലഭ്യമാക്കാനുള്ള മാര്‍ഗം. കാലിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ധന കാരണം ക്ഷീരകൃഷി ലാഭകരമല്ലാതായി മാറിയിട്ടുണ്ട്. മിതമായ നിരക്കില്‍ കാലിത്തീറ്റകള്‍ ലഭ്യമാക്കിയെങ്കിലേ കൂടുതല്‍ പേര്‍ ക്ഷീരകൃഷി മേഖലയിലേക്ക് കടന്നു വരികയും പാലുത്പാദനത്തില്‍ സംസ്ഥാനത്തിന് സ്വയംപര്യാപ്തത കൈവരികയും ചെയ്യൂ. സ്വകാര്യ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന വിലക്കൂടുതലുള്ള കാലിത്തീറ്റക്ക് പകരം സംസ്ഥാന സര്‍ക്കാറിന്റെ ഗുണമേന്മയും വിലക്കുറവുമുള്ള കേരള ഫീഡ്‌സ് കാലിത്തീറ്റ ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന് പത്തനംതിട്ട ഓമല്ലൂരില്‍ ഇ-സമൃദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവെ 2022 മെയില്‍ മന്ത്രി ജെ ചിഞ്ചുറാണി പ്രസ്താവിച്ചിരുന്നു. കട്ടിയുള്ള പാലിനും കന്നുകാലികളുടെ പരിപൂര്‍ണ വളര്‍ച്ചക്കും സഹായകരമായ ചോളം കൃഷി കേരള ഫീഡ്സിന്റെ നേതൃത്വത്തില്‍ ആരംഭിക്കാനും പദ്ധതിയിട്ടിരുന്നു ക്ഷീരവകുപ്പ്. ഈ പദ്ധതികള്‍ എത്രയും വേഗത്തില്‍ പ്രാവര്‍ത്തികമാക്കുകയും അതോടൊപ്പം ഇറക്കുമതി പാലുകളുടെ വിശ്വാസ്യത ഉറപ്പ് വരുത്താന്‍ പരിശോധനകള്‍ ഊര്‍ജിതമാക്കുകയും ചെയ്യേണ്ടതുണ്ട്.

Latest