Connect with us

atm robberry

എ ടി എമ്മുകളിൽ തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യൻ സംഘം പിടിയിൽ

നൂറിലധികം എ ടി എം കാർഡുകളും 35,000 രൂപയും പിടിച്ചെടുത്തു

Published

|

Last Updated

തൃശൂർ | എ ടി എമ്മുകളുടെ സെൻസറുകൾ പ്രവർത്തനരഹിതമാക്കി ബേങ്കുകളെ കബളിപ്പിച്ച് പണം തട്ടുന്ന ഉത്തരേന്ത്യൻ സംഘം അറസ്റ്റിൽ. ഉത്തർ പ്രദേശ് കാൺപൂർ ഗോവിന്ദ് നഗർ സ്വദേശി മനോജ് കുമാർ (55), സൗത്ത് കാൺപൂർ സോലാപുർ സൗത്ത് സ്വദേശി അജയ് സംഘ്‌വാർ (33), കാൺപൂർ പാങ്കി പതാറ സ്വദേശി പങ്കജ് പാണ്ഡെ (25), കാൺപൂർ ധബോളി സ്വദേശി പവൻ സിംഗ് (29) എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് നൂറിലധികം എ ടി എം കാർഡുകളും 35,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ഈ മാസം ഒമ്പത്, 12 തീയതികളിലായി തൃശൂർ അശ്വനി ആശുപത്രിക്ക് സമീപമുള്ള എസ് ബി ഐയുടെ എ ടി എമ്മിൽ 1,50,000 രൂപയുടെ ദൂരൂഹ ഇടപാട് നടന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് എസ് ബി ഐ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലെ എ ടി എം ചാനൽ മാനേജർ ഷിനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

വിവിധ ബേങ്കുകളുടെ അക്കൗണ്ടുകളും എ ടി എം കാർഡുകളും സംഘടിപ്പിക്കുകയാണ് ഇവർ ആദ്യം ചെയ്യുന്നത്. ഇത്തരം അക്കൗണ്ടുകളിൽ ചെറിയ തുകകൾ നിക്ഷേപിക്കുന്നു. എ ടി എമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുന്നു. പിന്നീട് എ ടി എമ്മുകൾ പണം പുറംതള്ളുന്ന സമയം സെൻസറുകളിൽ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ തിരുകിക്കയറ്റി അതിനെ പ്രവർത്തനരഹിതമാക്കും. തട്ടിപ്പുകാർക്ക് പണം ലഭിക്കുമെങ്കിലും പണം പിൻവലിക്കപ്പെട്ടതായി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുകയില്ല. മാത്രമല്ല, എ ടി എമ്മിൽ സാങ്കേതിക തകരാർ മൂലം പണം നൽകാൻ സാധിച്ചില്ലെന്ന് കാണിക്കുകയും ചെയ്യും.

എ ടി എമ്മിലൂടെ പണം ലഭിച്ചില്ലെന്ന് കാണിച്ച് തട്ടിപ്പുകാർ ബേങ്കിൽ പരാതി നൽകും. റിസർവ് ബേങ്ക് നിയമപ്രകാരം ഇത്തരത്തിൽ പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം ഇടപാടുകാരന് പണം മടക്കി നൽകണം. അതോടെ ബേങ്ക് പണം നൽകാൻ ബാധ്യസ്ഥരാകുന്നു. ഇത്തരത്തിൽ നിരവധി തവണ ആവർത്തിക്കുകയും വിവിധ അക്കൗണ്ടുകൾ വഴിയും ഇതുപോലെ ശ്രമിക്കുകയും ചെയ്യുന്നു. ഇതോടെ ലക്ഷങ്ങൾ ഇവർക്ക് ലഭിക്കും.

ബേങ്ക് അധികാരികളുടെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തെ തുടർന്ന് എ ടി എമ്മുകളിലെ സി സി ടി വി ക്യാമറകളിൽ നിന്ന് പ്രതികളുടെ ദൃശ്യങ്ങൾ ഈസ്റ്റ് പോലീസിന് ലഭിച്ചിരുന്നു. ഇതടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ തൃശൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ വെച്ച് പിടികൂടിയത്. ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി ലാൽകുമാർ, സബ് ഇൻസ്‌പെക്ടർ പ്രമോദ്, സീനിയർ സി പി ഒ ഷെല്ലാർ, സി പി ഒ വിജയരാജ്, ട്രാഫിക് പോലീസ് സ്റ്റേഷൻ സി പി ഒ ഷാജഹാൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്ന് ഇവർ ഇത്തരത്തിൽ തട്ടിപ്പുനടത്തിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പോലീസ് കരുതുന്നത്. പിടികൂടിയ എ ടി എം കാർഡുകളുടെ ഉടമകളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.