Kannur
അംഗീകാരവുമില്ല, അഭിനന്ദങ്ങളുമില്ല; ജഗന്നാഥ് തുന്നിക്കൂട്ടിയത് നിരവധി മെഡലുകൾ
കഴിഞ്ഞ 22 വർഷങ്ങളായി ജഗന്നാഥ് സീസൺ ടൈലേഴ്സിലെ തയ്യൽക്കാരനാണ്. ഇവിടുന്ന് കിട്ടുന്ന വരുമാനമുൾപ്പെടെ സ്വരുക്കൂട്ടി വെച്ച് സ്വന്തം ചിലവിൽ പരിശീലനങ്ങൾ നടത്തിയും വിവിധ സ്ഥലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുത്തുമാണ് സ്വർണമുൾപ്പെടെ മെഡലുകൾ കരസ്ഥമാക്കുന്നത്.
കണ്ണൂർ | അംഗീകാരങ്ങളോ അഭിനന്ദനങ്ങളോ ഇല്ലാതെ ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ വാരിക്കൂട്ടുകയാണ് കണ്ണൂർ മേലെ ചൊവ്വയിലെ സീസൺ ടൈലേഴ്സിലെ ടൈലർ ജീവനക്കാരൻ പി ജഗന്നാഥ്. ഭാരോദ്വഹനം, ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്താണ് മെഡലുകൾ കരസ്ഥമാക്കിയത്. കഴിഞ്ഞ 22 വർഷങ്ങളായി ജഗന്നാഥ് സീസൺ ടൈലേഴ്സിലെ തയ്യൽക്കാരനാണ്. ഇവിടുന്ന് കിട്ടുന്ന വരുമാനമുൾപ്പെടെ സ്വരുക്കൂട്ടി വെച്ച് സ്വന്തം ചിലവിൽ പരിശീലനങ്ങൾ നടത്തിയും വിവിധ സ്ഥലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുത്തുമാണ് സ്വർണമുൾപ്പെടെ മെഡലുകൾ കരസ്ഥമാക്കുന്നത്.
കഴിഞ്ഞ മാസം ന്യൂസിലാന്റിൽ നടന്ന 50 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ക്ലാസിക്ക് ബെഞ്ച് പ്രസ്സിലും എക്വൂപ്പ്ഡ് ബെഞ്ച് പ്രസ്സിലും സ്വർണവും ഭാരോദ്വഹനത്തിൽ നാല് വെങ്കലവുമുൾപ്പടെ ജഗന്നാഥ് നേടിയിട്ടുണ്ട്. എട്ട് തവണ സ്ട്രോംഗ് മാൻ ഓഫ് കേരള, സീനിയർ പവർ ലിഫ്റ്റ് ചാമ്പ്യൻ, സീനിയർ സൗത്ത് ഇന്ത്യ മെഡൽ നേടുകയും നിരവധി തവണ ഓൾ ഇന്ത്യ ചാമ്പ്യനാവുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം കസാഖിസ്ഥാനിൽ നടന്ന വേൾഡ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ആറാമനായിരുന്നു. 1984 മുതൽ കണ്ണൂരിലെ ആര്യബന്ധു ജിംനേഷ്യത്തിൽ പരിശീലനം ആരംഭിച്ച ജഗന്നാഥ് 1989 മുതൽ ബാർബൽ ക്ലബ്ബിലൂടെയാണ് ഭാരോദ്വഹനത്തിൽ പങ്കെടുത്ത് തുടങ്ങിയത്.
നിലവിൽ പയ്യാമ്പലം യുവഹൃദയ ഹെൽത്ത് ക്ലബ്ബിൽ വിഷ്ണു നിത്യാനന്തിന്റെ കീഴിലാണ് പരിശീലനം. ദേശീയ നേട്ടങ്ങൾ ഉൾപ്പടെ സ്വന്തമാക്കുമ്പോയും അംഗീകാരങ്ങളോ അഭിനന്ദങ്ങളോ ഒന്നും ജഗന്നാഥിനെ തേടിവന്നിരുന്നില്ല.
എന്നാലും ഈ കായിക ഇനത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം ജഗന്നാഥ് മത്സരങ്ങളിലെല്ലാം പങ്കെടുക്കും. ഇത്തവണ ന്യൂസിലാന്റിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ മാത്രം നാല് ലക്ഷം രൂപയാണ് ചെലവ് വന്നത്. യുവഹൃദയ ക്ലബ്ബു വഴി അരലക്ഷം രൂപ ലഭിച്ചതൊഴിച്ചാൽ ബാക്കി മൂന്നര ലക്ഷവും സ്വയം കണ്ടെത്തിയതാണ്. ഈ നേട്ടങ്ങൾക്കെല്ലാം പിന്തുണയുമായി ഭാര്യ ഷീനയും മക്കളായ ഗോഗുൽനാഥും അഖിൽനാഥും കൂടെയുണ്ട്. എളയാവൂർ സൗത്തിലാണ് ജഗന്നാഥും കുടുംബവും താമസിക്കുന്നത്.





