Kerala
രാജ്യത്ത് ഇത് വരെയും പുതുതായി ഒമിക്രോണ്‍ വകഭേദം കണ്ടെത്തിട്ടില്ല: ആരോഗ്യ മന്ത്രി
രാജ്യത്തെ വൈറസ് ബാധ നിരക്ക് നേരിയ തോതില്‍ വര്‍ദ്ധിച്ചുവെന്നും ഇത് ആശങ്കകള്‍ ഉയര്‍ത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.

കുവൈത്ത് സിറ്റി | കുവൈത്തില്‍ പുതുതായി ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹ്. രാജ്യത്തെ ആരോഗ്യ സ്ഥിതി നിലവില്‍ സുസ്ഥിരമാണെന്നും എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരില്‍ പോസിറ്റീവ് കേസുകള്‍ കണ്ടെത്തുന്ന പ്രവണത വര്‍ദ്ധിച്ചിട്ടുണ്ടെന്നും കൊറോണ എമര്‍ജ്ജന്‍സി കമ്മിറ്റി യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.ഇത് മൂലം രാജ്യത്തെ വൈറസ് ബാധ നിരക്ക് നേരിയ തോതില്‍ വര്‍ദ്ധിച്ചുവെന്നും ഇത് ആശങ്കകള്‍ ഉയര്‍ത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് മന്ത്രി സഭാ തീരുമാനങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞു. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക, മാസ്‌ക് ധരിക്കുക എന്നിവയാണു അതില്‍ ഏറ്റവും പ്രധാനം. അടച്ചിട്ട സ്ഥലങ്ങളിലും , ഒത്തുചേരലുകള്‍ നടക്കുമ്പോഴും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.കൊറോണ വകഭേദം സംബന്ധിച്ച ഓരോ
സംഭവവികാസങ്ങളും കൊറോണ എമര്‍ജന്‍സി കമ്മിറ്റി ഇപ്പോഴും തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.