Kerala
നിമിഷ പ്രിയ കേസ്: കാന്തപുരത്തിന്റെ ഇടപെടല്‍ അംഗീകരിക്കണമെന്ന് പി എസ് ശ്രീധരന്‍ പിള്ള
വധശിക്ഷ മരവിപ്പിച്ചതില്‍ കാന്തപുരത്തിന് പങ്കില്ലെന്ന ബി ജെ പി വാദത്തിന് മറുപടി

കൊച്ചി | നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിക്കുന്നതിന് ഇടപെട്ട കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രശംസിച്ച് ബി ജെ പി നേതാവും ഗോവ മുന്‍ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ള. കാന്തപുരത്തിന്റെത് ഈശ്വരീയമായ കര്‍മമാണെന്നും അതിനെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും വേണമെന്നും അദ്ദേഹം സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു. കാന്തപുരത്തിന് വിഷയത്തില്‍ പങ്കില്ലെന്ന വിധത്തില്‍ വിദ്വേഷ പ്രചാരണം നടത്തുന്ന ബി ജെ പിക്കുള്ള മറുപടി കൂടിയാണ് ശ്രീധരന്‍ പിള്ളയുടേത്.
കാന്തപുരവുമായുള്ള സഹകരണത്തിന്റെ പേരില്‍ ചെളിവാരി എറിയലിന് വിധേയനായ ആളാണ് ഞാനെന്നും നീതി ബോധത്തില്‍ മാത്രമേ മുന്നോട്ട് പോകൂവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കാന്തപുരവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. നിമിഷ പ്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടക്കുമ്പോഴും അദ്ദേഹത്തിന്റെ സെക്രട്ടറി എന്നെ വിളിച്ചിരുന്നു. കാന്തപുരം ചെയ്തത് നല്ല പ്രവൃത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.