Uae
കൃഷിയിടങ്ങളെ സംരക്ഷിക്കാൻ പുതിയ നിയമം വരുന്നു
പുതിയ ഫെഡറൽ നിയമം ഉടൻ പ്രാബല്യത്തിലാവും.
ദുബൈ|കൃഷിയിടങ്ങളെ കീടങ്ങളിൽ നിന്നും സസ്യരോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി പുതിയ ഫെഡറൽ നിയമം വരുന്നു. പുതിയ ഫെഡറൽ നിയമം ഉടൻ പ്രാബല്യത്തിലാവും. കാർഷിക ക്വാറന്റീൻ സംബന്ധിച്ച കരട് നിയമം അവലോകനം ചെയ്യുന്നതിനുള്ള പ്രവർത്തന പദ്ധതിക്ക് ഫെഡറൽ നാഷണൽ കൗൺസിലിന്റെ ഭരണഘടനാ, നിയമനിർമാണ, അപ്പീൽ, പരാതി കമ്മിറ്റി അംഗീകാരം നൽകിയതിനെ തുടർന്നാണിത്.
യു എ ഇയുടെ ജൈവസുരക്ഷ വർധിപ്പിക്കുന്നതിനും കാർഷിക സമ്പത്ത് സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന നിയമനിർമാണ സംരംഭമാണ് കാർഷിക ക്വാറന്റീൻ നിയമം. കാർഷിക വിഭവങ്ങൾ സംരക്ഷിക്കുന്നതിനും രാസനിയന്ത്രണങ്ങളുടെ ആവശ്യകത കുറയ്ക്കുന്നതിനും അതുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടം ലഘൂകരിക്കുന്നതിനും ഈ നിയമം സഹായിക്കും. കീടനാശിനികളുടെയും മറ്റ് മലിനീകരണ വസ്തുക്കളുടെയും ഉപയോഗം കുറച്ച് പരിസ്ഥിതി സംരക്ഷണത്തിനും ഇത് നിർണായക പങ്കുവഹിക്കും. എന്നാൽ അന്താരാഷ്ട്ര പ്ലാന്റ്പ്രൊട്ടക്ഷൻ കൺവെൻഷൻ പോലുള്ള ആഗോള മാനദണ്ഡങ്ങളിലെ നിരന്തരമായ പരിണാമവും നവീകരണവും ദേശീയ കാർഷിക ക്വാറന്റീൻ നിയമങ്ങളിൽ കാലികമായ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാക്കുന്നു.രാജ്യത്തിന്റെ നിയമനിർമാണ ചട്ടക്കൂട് മെച്ചപ്പെടുത്തുന്നതിന് അനുസൃതമായി കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം 1979 ലെ നിയമം സമഗ്രമായി അവലോകനം ചെയ്തു.
യു എ ഇയിലേക്ക് കീടങ്ങൾ പ്രവേശിക്കുന്നതും വ്യാപിക്കുന്നതും തടയുക, പരിസ്ഥിതിയെയും സസ്യജാലങ്ങളെയും എല്ലാത്തരം കാർഷിക കീടങ്ങളിൽ നിന്നും സംരക്ഷിക്കുക, രാസകീടനാശിനികളുടെ ഉപയോഗം കുറയ്ക്കുക, അതുവഴി പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുക എന്നിവയാണ് പുതിയ കരട് നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.



