Connect with us

First Gear

ടാറ്റ ആള്‍ട്രോസ് നിരയിലേക്ക് പുതിയ എക്‌സ് ഇ പ്ലസ് വേരിയന്റ്

ആള്‍ട്രോസിന് മുമ്പുണ്ടായിരുന്ന എക്‌സ്എം വേരിയന്റിനെ പിന്‍വലിച്ചാണ് കമ്പനി എക്‌സ്ഇ പ്ലസ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ടാറ്റയുടെ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ വേരിയന്റ് നിരയില്‍ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് കമ്പനി. കഴിഞ്ഞ മാസം ആള്‍ട്രോസ് നിരയിലേക്ക് എക്‌സ്ഇ പ്ലസ് എന്നൊരു പുതിയ വേരിയന്റിനെ കൂട്ടിച്ചേര്‍ത്താണ് പരിഷ്‌ക്കാരം നടപ്പിലാക്കിയത്. ഈ മോഡലിന് 6.35 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില.

ഈ വേരിയന്റ് പ്രീമിയം ഹാച്ച്ബാക്കിന്റെ ബേസ് എക്‌സ് ഇ വേരിയന്റിന് മുകളിലായാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. ആള്‍ട്രോസിന് മുമ്പുണ്ടായിരുന്ന എക്‌സ്എം വേരിയന്റിനെ പിന്‍വലിച്ചാണ് കമ്പനി എക്‌സ്ഇ പ്ലസ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കുകയും ചെയ്യാം. പെട്രോള്‍, ഡീസല്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ് ഇ പ്ലസ് വേരിയന്റുകള്‍ക്ക് അതത് എക്‌സ് ഇ മോഡലുകളേക്കാള്‍ 45,000 രൂപയും 50,000 രൂപയും വില കൂടുതലാണ്.

ആള്‍ട്രോസിന്റെ എക്‌സ്ഇ പ്ലസ് മോഡലില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫൈന്‍ഡ് മി ഹെഡ്ലാമ്പ് ഫംഗ്ഷനുകള്‍, ഒരു മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, നാല് പവര്‍ വിന്‍ഡോകള്‍, ഫോഗ് ലൈറ്റുകള്‍ എന്നിവ പോലുള്ള സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകള്‍ ടാറ്റ ആള്‍ട്രോസിന്റെ എക്‌സ്ഇ പ്ലസ് വേരിയന്റില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

നിലവില്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഹാച്ച്ബാക്ക് സ്വന്തമാക്കാം. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ യൂണിറ്റ്, 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ്, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ എന്നിവയാണ് ടാറ്റ ആള്‍ട്രോസിന് തുടിപ്പേകുന്ന എഞ്ചിന്‍ ഓപ്ഷനുകള്‍. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ 85 ബിഎച്ച്പി കരുത്തില്‍ 113 എന്‍എംടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. മറുവശത്ത് ഓയില്‍ ബര്‍ണര്‍ പരമാവധി 89 ബിഎച്ച്പി പവറില്‍ 200 എന്‍എം ടോര്‍ക്ക് ആണ് നല്‍കുന്നത്. കൂടുതല്‍ പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാന്‍ പറ്റിയ വേരിയന്റാണ് ആള്‍ട്രോസ് ടര്‍ബോ. ഈ എഞ്ചിന്‍ 109 ബിഎച്ച്പി കരുത്തില്‍ 140 എന്‍എംടോര്‍ക്ക് വികസിപ്പിക്കാന്‍ പ്രാപ്തമാണ്. മൂന്ന് എഞ്ചിനുകളും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.

കാറിന് നിലവില്‍ ഓട്ടോമാറ്റിക് ഓപ്ഷനില്ല എന്നത് ഒരു വലിയ പോരായ്മയാണ്. എന്നാല്‍ ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് പരിചയപ്പെടുത്താനുള്ള തയാറെടുപ്പും കമ്പനി ആരംഭിച്ചിട്ടുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് നിലവില്‍ എക്‌സ്ഇ, എക്‌സ്ഇപ്ലസ്, എക്‌സ്എംപ്ലസ്, എക്‌സ്ടി, എക്‌സ് സെഡ്, എക്‌സ് സെഡ് (ഒ), എക്‌സ് സെഡ് പ്ലസ് എന്നിങ്ങനെ ഏഴ് വകഭേദങ്ങളിലാണ് അണിനിരക്കുന്നത്. ആള്‍ട്രോസിന് 5.89 ലക്ഷം മുതല്‍ 9.64 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. ആള്‍ട്രോസിന്റെ സിഎന്‍ജി പതിപ്പ് ഉടന്‍ പുറത്തിറക്കാനും ടാറ്റ മോട്ടോര്‍സ് പദ്ധതിയിടുന്നുണ്ട്. കൂടാതെ ഹാച്ച്ബാക്കിന്റെ ഒരു ഇലക്ട്രിക് പതിപ്പും അധികം വൈകാതെ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗും 3 സ്റ്റാര്‍ ചൈല്‍ഡ് സേഫ്റ്റി റേറ്റിംഗും നേടിയ ടാറ്റ ആള്‍ട്രോസ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ്.