Kerala
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; വീണ്ടും സുപ്രീം കോടതിയെ സമീപിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍
തമിഴ്നാടിന് ജല ലഭ്യത ഉറപ്പാക്കിക്കൊണ്ട് പുതിയ അണക്കെട്ട് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.
		
      																					
              
              
            തിരുവനവന്തപുരം | മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന ആവശ്യത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ . തമിഴ്നാടിന് ജല ലഭ്യത ഉറപ്പാക്കിക്കൊണ്ട് പുതിയ അണക്കെട്ട് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ചുള്ള കേരളത്തിന്റെ ആശങ്കയും പരിഗണിക്കപ്പെടണം. അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ച് അന്താരാഷ്ട്ര സമിതിയെ വച്ച് പഠനം നടത്തണം. അതേ സമയം മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്നാടിന്റെ ആവശ്യങ്ങളോട് കേരളത്തിന് എതിര്‍പ്പില്ലെന്നും മന്ത്രി വ്യക്തമാക്കി
അതേ സമയം മുല്ലപെരിയാര്‍ ഡാം സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തുമെന്ന് കഴിഞ്ഞ വര്‍ഷം മേല്‍നോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വതന്ത്ര പഠനത്തിന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കെ, ഇതിനുള്ള നടപടികള്‍ തമിഴ്‌നാട് സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മില്‍ കൂടിയാലോചനകള്‍ നടത്തി ധാരണയിലെത്തിയാല്‍ പരിശോധനയുമായി തമിഴ്‌നാട് മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കേരളത്തിലെ പ്രളയ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതു സംബന്ധിച്ച വിവരം മുന്‍കൂര്‍ അറിയിക്കുന്ന കാര്യത്തില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിനു താല്‍ക്കാലിക പരിഹാരം കാണാനാണ് നിലവില്‍ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
