Connect with us

hajj 2022

പുതിയ സർക്കുലർ; 70 കഴിഞ്ഞവർക്ക് സഹായിയായി ഹജ്ജ് ചെയ്തവരെ പരിഗണിക്കും

സ്ത്രീ അപേക്ഷകർ 300 രൂപ അടക്കണം

Published

|

Last Updated

കോഴിക്കോട് | 70 കഴിഞ്ഞ അപേക്ഷകർക്ക് സഹായിയായി മുമ്പ് ഹജ്ജ് ചെയ്തവരെ പരിഗണിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി. എന്നാൽ, ഹജ്ജ് ചെയ്യാത്ത സഹായികൾ ഇല്ലെങ്കിൽ മാത്രമേ ഇത്തരത്തിലുള്ളവരെ പരിഗണിക്കു. ഇത് സംബന്ധിച്ച് കേന്ദ്രം സർക്കുലറിറക്കി. അപേക്ഷിക്കുന്നവരുടെ ഉയർന്ന പ്രായപരിധി കഴിഞ്ഞ ദിവസം എടുത്തുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സർക്കുലർ. ഹജ്ജ് ചെയ്യാത്ത സ്ത്രീകൾക്ക് മെഹ്‌റം ഇല്ലെങ്കിൽ മെഹ്‌റമായി മുമ്പ് ഹജ്ജ് ചെയ്തവരെ പരിഗണിക്കുമെന്ന് മാർഗനിർദേശത്തിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ഹജ്ജ് നയപ്രകാരം മുമ്പ് ചെയ്തവർക്ക് കമ്മിറ്റി മുഖേന അപേക്ഷിക്കാൻ അർഹതയില്ല. എന്നാൽ, പ്രത്യേക കേസുകളാക്കി പരിഗണിച്ചാണ് 70 കഴിഞ്ഞവർക്ക് സഹായിയായും സ്ത്രീകൾക്ക് മെഹ്‌റമായും മുമ്പ് ഹജ്ജ് ചെയ്തവരെ പരിഗണിക്കുന്നത്. മുമ്പ് ഹജ്ജ് ചെയ്ത സഹായികളും മെഹ്‌റമും പ്രത്യേക ഫോറത്തിൽ സത്യവാങ്മൂലം നൽകണം.

ഹജ്ജിന് അപേക്ഷിക്കുന്നവർ മൂന്ന് വിഭാഗത്തിലുള്ളവരാണ്. ജനറൽ കാറ്റഗറിയും 70 കഴിഞ്ഞ സംവരണമുള്ളവരും മെഹ്‌റമില്ലാത്ത സ്ത്രീകളുടെ വിഭാഗവും. 45 പൂർത്തിയായ സത്രീകളെയാണ് മെഹ്‌റമില്ലാത്ത വിഭാഗത്തിൽ പരിഗണിക്കുക. ഹജ്ജിന് ആഗ്രഹിക്കുകയും എന്നാൽ പോകാൻ മെഹ്‌റം ലഭ്യമല്ലാത്തവരുമാണ് ഈ വിഭാഗത്തിൽ അപേക്ഷിക്കേണ്ടത്. ഇതിൽ ഓരോ കവറിലും ചുരുങ്ങിയത് നാല് സ്ത്രീകളാണ് ഉണ്ടാവുക. 2020ലും ഈ വർഷവും മെഹ്‌റമില്ലാത്ത വിഭാഗത്തിൽ ഹജ്ജിന് അപേക്ഷിച്ചവരെ ഇത്തവണ 300 രൂപ പ്രൊസസിംഗ് ഫീസ് നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, അടുത്ത വർഷത്തെ ഹജ്ജിന് ഇവർ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഈ വിഭാഗത്തിലല്ലാതെ കഴിഞ്ഞ രണ്ട് തവണ ഹജ്ജിന് അപേക്ഷിച്ച സ്ത്രീ അപേക്ഷകർ ഇത്തവണ 300 രൂപ അടക്കണം. എന്നാൽ, യോഗ്യരാണെങ്കിൽ അടുത്ത വർഷത്തെ ഹജ്ജിന് ഇവർക്ക് മെഹ്‌റമില്ലാത്ത വിഭാഗത്തിൽ അപേക്ഷിക്കാം. 70 കഴിഞ്ഞ സംവരണ വിഭാഗത്തിൽ പെട്ടവർക്കും സഹായിയായോ മെഹ്‌റമായോ ഹജ്ജിന് പോകും മുമ്പ് ഹജ്ജ് ചെയ്തവർക്കുമുള്ള സത്യവാങ്മൂലം കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest