Connect with us

Uae

സാമ്പത്തിക തർക്കങ്ങൾക്കായി പുതിയ പാപ്പരത്ത കോടതി

അബൂദബി ഫെഡറൽ കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസിൽ ആസ്ഥാനം

Published

|

Last Updated

അബൂദബി|പാപ്പരത്തവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങൾ കൈകാര്യം ചെയ്യാൻ യു എ ഇ പുതിയ പാപ്പരത്ത കോടതി സ്ഥാപിച്ചു. നീതിന്യായ മന്ത്രാലയം ഇത് സംബന്ധിച്ച തീരുമാനം ഇന്നലെ പ്രഖ്യാപിച്ചു. സാമ്പത്തിക പുനഃസംഘടനയും പാപ്പരത്തവും സംബന്ധിച്ച ഫെഡറൽ ഡിക്രി-നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും തർക്കങ്ങളും ഈ കോടതി പരിഗണിക്കും. അബൂദബി ഫെഡറൽ കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസിലാകും കോടതിയുടെ ആസ്ഥാനം.
ഫെഡറൽ ജുഡീഷ്യറി കൗൺസിലിന് പ്രധാന കോടതിക്ക് കീഴിൽ മറ്റ് എമിറേറ്റുകളിൽ ഒന്നോ അതിലധികമോ ശാഖകൾ സ്ഥാപിക്കാനും സാധിക്കും. നീതിന്യായ മന്ത്രിയും ഫെഡറൽ ജുഡീഷ്യറി കൗൺസിൽ ചെയർമാനുമായ അബ്ദുല്ല സുൽത്താൻ ബിൻ അവാദ് അൽ നുഐമിയാണ് തീരുമാനം പുറപ്പെടുവിച്ചത്. സമ്പദ്്്വ്യവസ്ഥയെ പിന്തുണക്കുന്ന നീതിന്യായപരമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകളും പാപ്പരത്തവും സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നതുമാണ് ഇതിന്റെ ലക്ഷ്യം.
കോടതിയിൽ അപ്പീൽ ജഡ്ജിയുടെ റാങ്കിൽ കുറയാത്ത ഒരു ചീഫ് ജഡ്ജിയും ഫെഡറൽ ജുഡീഷ്യറി കൗൺസിൽ നിയമിക്കുന്ന നിരവധി സ്‌പെഷ്യലൈസ്ഡ് ജഡ്ജിമാരും ഉണ്ടായിരിക്കും. ഒരു പാപ്പരത്ത വിഭാഗവും രൂപീകരിക്കും. കടബാധ്യതയുള്ളവരുടെ ഫണ്ടുകളും ബിസിനസ് പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുക, മുൻകരുതൽ നടപടികൾ നടപ്പാക്കുക, നടപടിക്രമങ്ങൾ വേഗത്തിലാക്കുക, കടം കൊടുത്തവരുമായി കൂടിക്കാഴ്ച നടത്തുക തുടങ്ങിയവ ഇത് കൈകാര്യം ചെയ്യും.
സാമ്പത്തിക പ്രവർത്തനങ്ങളുടെ തുടർച്ചയും തമ്മിൽ ഉയർന്ന കാര്യക്ഷമതയും സുതാര്യതയുമുള്ള ഒരു നിയമപരമായ അന്തരീക്ഷം സ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്.