Health
അറിയണം പി സി ഒ ഡി
ചിട്ടയായ വ്യായാമം, നല്ല ഉറക്കം, കൃത്യമായ സമയത്തുള്ള ഭക്ഷണവും കൃത്യമായ അളവിലും അനുപാതത്തിലും ഭക്ഷണം ക്രമീകരിക്കാനും അതിൽ കൂടുതൽ ശാസ്ത്രീയമായി കൃത്യത വരുത്താനും ഒരു പോഷകാഹാര വിദഗ്ധയുടെ നിർദേശങ്ങൾ സ്വീകരിക്കുന്നത് ഉചിതമായിരിക്കും. ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും രോഗിയുടെയും സമ്മിശ്ര പരിശ്രമത്തോട് കൂടി പി സി ഒ എസ് എന്ന വില്ലനെ അകറ്റിനിർത്താൻ സാധിക്കും.

ഇന്നത്തെ യുവതലമുറയിലെ പെൺകുട്ടികളിൽ പി സി ഒ ഡി അല്ലെങ്കിൽ പി സി ഒ എസ് എന്നത് വളരെ സാധാരണയായി മാറിയിട്ടുണ്ട്. പത്ത് വർഷം മുന്പ് ഏകദേശം അഞ്ച് ശതമാനം പെൺകുട്ടികളെയാണ് ഇത് ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ 30 മുതൽ 40 ശതമാനം പേരിലും ഇത് കാണപ്പെടുന്നു.
സ്ത്രീകളുടെ അണ്ഡാശയത്തെയും പ്രത്യുത്പാദന അവയവങ്ങളെയും ബാധിക്കുന്ന രോഗമാണ് പി സി ഒ ഡി. ശരീരത്തിലെ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനം ഇതിനൊരു കാരണമാണ്. ഈ അവസ്ഥയിൽ സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെയും പ്രൊജസ്ട്രോണിന്റെയും ഉത്പാദനം കുറയുകയും പുരുഷ ഹോർമോണായ ആൻഡ്രോജന്റെ ഉത്പാദനം കൂടുകയും ചെയ്യുന്നു. ഓവറിയിൽ സിസ്റ്റുകൾ കാണപ്പെടുന്ന ഒരു അവസ്ഥയാണിത്. ഇതിനെ നമ്മൾ ശ്രദ്ധിക്കാതെ അല്ലെങ്കിൽ മതിയായ പ്രാധാന്യം നൽകാതെ മുന്പോട്ടു പോയാൽ വന്ധ്യതക്കും മറ്റു ജീവിതശൈലീ രോഗങ്ങൾക്കും കാരണമാകാം.
എന്തുകൊണ്ട് ?
15 മുതൽ 50 വയസ്സ് വരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലുമാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. രോഗികളുടെ വിന്യാസം നമുക്ക് കാണിച്ചുതരുന്നത് മാറിയ ഭക്ഷണ രീതിയും വ്യായാമമില്ലായ്മയും മാനസിക സമ്മർദവും ഉള്ളവരിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നതിന്റെ ഉത്തമ സൂചികയാണ്.
പ്രധാന ലക്ഷണങ്ങൾ
അമിതവണ്ണം, മേൽച്ചുണ്ടിലും താടിയിലും ഉള്ള അമിത രോമവളർച്ച, ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ട്, മുടികൊഴിച്ചിൽ, വിഷാദം, മാനസിക സമ്മർദം, കുടവയർ പ്രത്യേകിച്ച് പൊക്കിളിനു താഴെയായി, ശബ്ദത്തിന് വ്യത്യാസം, തുടകൾക്കും ബട്ടക്്സിനും വണ്ണം വെക്കുക, കഴുത്തിലും കക്ഷത്തിലും മറ്റും കറുപ്പ് നിറം വരിക, അമിത രക്തസ്രാവം മുതലായവയാണ് പ്രധാന ലക്ഷങ്ങൾ. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി, ഉറക്കമില്ലായ്മ, ടെൻഷൻ ഇവയെല്ലാം പി സി ഒ എസ് ഉള്ളവരിൽ കാണുന്നത് വെറും ആകസ്മികമായി കരുതുക വയ്യ.
സ്വയം ചികിത്സ, വിപരീത ഫലം
പരിചിതമല്ലാത്ത ഒരു അസുഖം ആയതിനാലും ലജ്ജ കാരണവും വിദഗ്ധാഭിപ്രായം സമയോചിതമായി തേടാതെയിരുന്നാൽ പ്രമേഹം, കൊളസ്ട്രോൾ, ഫാറ്റിലിവർ, സന്ധിവേദന, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടുക ഇത്തരം ജീവിതശൈലീ രോഗങ്ങളിലേക്കുനയിച്ചേക്കാം. ലക്ഷണങ്ങളിൽ പലതും അമിതഭക്ഷണം മൂലമാണെന്ന തെറ്റിദ്ധാരണയിലൂടെ സ്വയം ഭക്ഷണം ഒഴിവാക്കുന്നത് പലർക്കും വിപരീത ഫലവും ഉണ്ടാക്കുന്നുണ്ട്. കൂടാതെ പോഷക ശോഷണം മൂലം വരുന്ന അസുഖങ്ങളും.
ഭക്ഷണക്രമീകരണം ഒരു മരുന്ന്
നിലവിൽ ലഭ്യമായ മരുന്നുകളിലൂടെ, പരിപൂർണ സൗഖ്യം സാധ്യമല്ലെങ്കിലും ഒരു സമീകൃത ആഹാരക്രമവും ചിട്ടയായ വ്യായാമവും ശീലിക്കുന്നതു വഴി, ഇത് ഫലപ്രദമായി നിയന്ത്രിച്ചു നിർത്താൻ നമുക്ക് സാധ്യമാണ്. മൂന്ന് നേരത്തെ പ്രധാന ഭക്ഷണങ്ങളും ഇടനേരങ്ങളിൽ കലോറി മൂല്യം കുറഞ്ഞ പാനീയങ്ങളായ സംഭാരം, നാരങ്ങാവെള്ളം, നന്നാറിവെള്ളം, കസ്കസ് ചേർത്ത പച്ചക്കറി ജ്യൂസുകൾ (മധുരം ചേർക്കാത്തത് ആയിരിക്കണം), നാരുകളും പ്രോട്ടീനും അടങ്ങിയ മുളപ്പിച്ച പയർവർഗങ്ങളും പുഴുങ്ങിയ കടലകളും പഴങ്ങളും ഓരോരുത്തർക്കും അനുവദനീയമായ അളവിൽ നല്ലതാണ്. ഇതുവഴി ശരീരഭാരം ക്രമീകരിക്കാനും ഇൻസുലിന്റെ പ്രവർത്തനക്ഷമത കൂട്ടാനും സാധിക്കും. കൊഴുപ്പ്, റിഫൈൻഡ് കാർബോ ഹൈഡ്രേറ്റ് അതായത് സ്റ്റാർച്ച് കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ ഇവയെല്ലാം നിയന്ത്രിക്കുകയും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ പയർ വർഗങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലും പാലുത്പന്നങ്ങളും ( 200ml വരെ), മീൻ, മുട്ട, കൊഴുപ്പ് കുറഞ്ഞ മാംസങ്ങൾ എന്നിവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. തവിട് കൂടിയതും നാരുകൾ കൂടുതൽ അടങ്ങിയ ബാർലി, ബാജ്റ, റാഗി, തിന, തവിടു കൂടിയ കുത്തരി ഇവയെല്ലാം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കാൻ മറക്കരുത്. ശരിയായ ദഹനത്തിനും ശരീരത്തിൽ നിന്നും വിഷാംശം പുറന്തള്ളുന്നതിനും ഇത് അത്യാവശ്യമാണ്.
വ്യായാമം
ശരീരഭാരം കുറയ്ക്കുക എന്നത് ഒരുഭാരമേറിയ ജോലി ആയി തോന്നാമെങ്കിലും നിലവിലുള്ള ഭാരത്തിൽ നിന്നും അഞ്ച് ശതമാനം എങ്കിലും കുറയ്ക്കാൻ സാധിച്ചാൽ, അത് വളരെ ഗുണകരമായ മാറ്റങ്ങൾ വരുത്തുന്നത് നേരിൽ കാണാകുന്നതാണ്. യോഗ ചെയ്യുന്നത് നമ്മുടെപിരിമുറുക്കം കുറച്ചു മനസ്സിനും ശരീരത്തിനും ശാന്തി ലഭിക്കാൻ സഹായിക്കുന്നു. ശ്വസനവ്യായാമങ്ങൾ / പ്രാണായാമങ്ങൾ ചെയ്യുന്നതു വഴി പി സി ഒ എസ് നേരിടുന്നവർക്ക് അവരുടെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയെ ക്രമീകരിക്കാൻ സാധിക്കും.
ഇതൊക്കെയാണെങ്കിലും ചിട്ടയായ വ്യായാമം, നല്ല ഉറക്കം, കൃത്യമായ സമയത്തുള്ള ഭക്ഷണവും, കൃത്യമായ അളവിലും അനുപാതത്തിലും ഭക്ഷണം ക്രമീകരിക്കാനും അതിൽ കൂടുതൽ ശാസ്ത്രീയമായി കൃത്യത വരുത്താനും ഒരു പോഷകാഹാര വിദഗ്ധയുടെ നിർദേശങ്ങൾ സ്വീകരിക്കുന്നത് ഉചിതമായിരിക്കും. അങ്ങനെയൊരു ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും രോഗിയുടെയും സമ്മിശ്ര പരിശ്രമത്തോടു കൂടി പി സി ഒ എസ് എന്ന വില്ലനെ അകറ്റിനിർത്താൻ സാധിക്കുക തന്നെ ചെയ്യും.