തെളിയോളം
പേരിന് പോര പേരുവിളി, പേർത്തും പേർത്തും വേണം
സംസാരത്തിൽ മറുവശത്തുള്ള ആളുടെ പേര് പറഞ്ഞു നോക്കൂ, പെരുന്നാള് നേരത്തെ വന്നതുപോലെ അവരുടെ മുഖം പ്രകാശിക്കുന്നത് നിങ്ങൾക്ക് കാണാം. സ്വന്തം പേര് കേൾക്കുന്നത് നമുക്കായി മാത്രം എഴുതിയ ഒരു തീം സോംഗ് കേൾക്കുന്നത് പോലെയാണ്. നമ്മുടെ തലച്ചോർ സ്വന്തം പേരുകളുടെ ശബ്ദത്തോട് അദ്വിതീയമായും പോസിറ്റീവായും പ്രതികരിക്കുന്നതായി ന്യൂറോ സയൻസ് പറയുന്നു

“നിങ്ങളുടെ ശമ്പളം അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുണ്ട്’, “നാളെ മുതൽ രണ്ടാഴ്ച അവധിയാണ്’ എന്നിങ്ങനെയുള്ള വളരെ സന്തോഷകരമായ അറിയിപ്പുകളേക്കാൾ ആളുകൾ രഹസ്യമായി കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു വാക്ക് ഉണ്ട്. ആ മാന്ത്രിക വാക്കാണ് – അവരുടെ സ്വന്തം പേര്. പരസ്പരമുള്ള സംഭാഷണത്തിൽ ഒരാളുടെ പേര് ഉപയോഗിക്കുന്നത് ഒരു മാനസിക ശക്തി സംഭരണ തന്ത്രം കൂടിയാണ്. വാക്കുകൊണ്ടുള്ള ഒരു മധുര ചോക്ലേറ്റ് പോലെയാണത്.
സംസാരത്തിൽ മറുവശത്തുള്ള ആളുടെ പേര് പറഞ്ഞു നോക്കൂ, പെരുന്നാള് നേരത്തെ വന്നതുപോലെ അവരുടെ മുഖം പ്രകാശിക്കുന്നത് നിങ്ങൾക്ക് കാണാം. സ്വന്തം പേര് കേൾക്കുന്നത് നമുക്കായി മാത്രം എഴുതിയ ഒരു തീം സോംഗ് കേൾക്കുന്നത് പോലെയാണ്. നമ്മുടെ തലച്ചോർ സ്വന്തം പേരുകളുടെ ശബ്ദത്തോട് അദ്വിതീയമായും പോസിറ്റീവായും പ്രതികരിക്കുന്നതായി ന്യൂറോ സയൻസ് പറയുന്നു. അത് നമുക്ക് പ്രാധാന്യത്തിന്റെ ഒരു ചെറു സ്പർശം നൽകുന്നു, “ഹേയ്, ഞാൻ നിലവിലുണ്ട്!’ എന്ന വ്യക്തിപരമായ ഒരു കോരിത്തരിപ്പ് സമ്മാനിക്കുന്നു. ഒരു കല്യാണപ്പാർട്ടി നടക്കുന്നിടത്ത് നിങ്ങൾ നിൽക്കുമ്പോൾ ഒരാൾ അടുത്തേക്ക് വന്ന്, “നല്ല ഷർട്ട്, കൊള്ളാം അടിപൊളി’ എന്ന് പറയുന്നതു പോലെയല്ല “ബാബൂ, ഷർട്ട് നന്നായിട്ടുണ്ട് ട്ടോ’ എന്ന് പറയുന്നത്. രണ്ടാമത്തെ പറച്ചിലിൽ ഷർട്ട് കാണുന്നു എന്നതിനൊപ്പം അവർ നിങ്ങളെ കൂടി കാണുന്നത് പോലെ ഒരു ഫീൽ ഉണ്ടാവുന്നുണ്ട്. മാർകറ്റിൽ ബ്രാൻഡുകൾ ഈ തന്ത്രം നന്നായി ഉപയോഗിക്കാറുണ്ട്. സ്റ്റാർബക്സ് കപ്പിൽ “അമൽ’ എന്ന് നിങ്ങളുടെ ആ പേര് എഴുതിയത് ചായ കുടിക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ രുചി തോന്നാൽ ഇടവരുത്തുന്നില്ലേ!.
വ്യക്തിജീവിതത്തിലോ പ്രൊഫഷനിലോ ബിസിനസ്സിലോ ഒക്കെ ഒരു പേര് ഉപയോഗിക്കുന്നത് ഒട്ടേറെ സന്ദർഭങ്ങളിൽ മഞ്ഞുരുക്കത്തിന് കാരണമാകും. കുർത്തയിൽ തുന്നിച്ചേർത്ത ഏറ്റവും ഇഷ്ടപ്പെട്ട ഡിസൈൻ പോലെ സംഭാഷണങ്ങളിൽ ഏറ്റവും അനുയോജ്യമായ ഒരു ഡക്കറേഷൻ ആണ് പേരുകൾ. “പ്രിയ, നീ പറഞ്ഞത് ശരിയാണ്’ എന്ന് പറയുന്ന ഒരു മാനേജരും “ജമാലിന്റെ ഉത്തരം വളരെ വ്യത്യസ്തമായിട്ടുണ്ട്’ എന്ന് പറയുന്ന അധ്യാപകനുമൊക്കെ അതത് സമയത്ത് ആ മനുഷ്യരിൽ വലിയ സ്ഥിര നിക്ഷേപമാണ് ആ വാക്കുകളിലൂടെ നടത്തുന്നത്. “ആ, രണ്ടാം നിരയിലെ പെൺകുട്ടി പറയൂ’, “ആ ചുവന്ന സാരിയുടുത്ത ചേച്ചി’ എന്ന തരത്തിലുള്ള അഭിസംബോധനകളേക്കാൾ മുൻ പറഞ്ഞ രീതി അവരുമായി കൂടുതൽ ബന്ധം കൂടി സൃഷ്ടിക്കും.
“രവി, നീ ആ റിപ്പോർട്ട് നന്നായി ചെയ്തു കേട്ടോ’ എന്ന് പറയുന്ന മേലുദ്യോഗസ്ഥനെ തീർച്ചയായും രവി അവന്റെ വീട്ടിൽ നടക്കുന്ന ഏറ്റവും ലഘുവായ വിവാഹ വാർഷികാഘോഷത്തിലേക്ക് പോലും ക്ഷണിച്ചേക്കാം. ആളുകളെ സ്വാധീനിക്കുക, അവരെ ആകർഷിക്കുക, അല്ലെങ്കിൽ അവരെ നല്ലവരാക്കി മാറ്റുക – ഇതെല്ലാം നിങ്ങൾ അവരുടെ പേര് ഉപയോഗിക്കുമ്പോൾ ഏറ്റവും എളുപ്പമാകുന്നുണ്ട് എന്നർഥം. നിങ്ങൾ അവരെ ശ്രദ്ധിച്ചുവെന്നും പരിഗണിച്ചുവെന്നും ഇത് സൂചിപ്പിക്കുന്നു. സൂക്ഷ്മവും എന്നാൽ ഏറ്റവും ശക്തവുമായ ഒരു ഈഗോ മസാജാണിത്. പേര് ഉൾപ്പെടുത്തി ഒരു നീണ്ട ഇമെയിലയച്ചു നോക്കൂ, കിട്ടിയ ആൾ മുഴുവൻ വായിക്കും, പേര് വെച്ച് അയച്ച ഒരു ഹോട്ടൽ പാർസലിൽ സലാഡ് വെക്കാൻ മറന്നാലും അത് കസ്റ്റമർ ക്ഷമിക്കും.
പേര് വിളിക്കുമ്പോൾ തെറ്റിപ്പോകാതിരിക്കാനുള്ള ജാഗ്രതയും അനിവാര്യമാണ്. ചിലരുണ്ട്, ഭയങ്കര ധൈര്യത്തോടെ പേര് തെറ്റി വിളിക്കുന്നവർ. ഇത്തരക്കാരെ തിരുത്തിയാൽ പോലും “ഉറപ്പാണോ, നിന്റെ പേര് രമേഷ് തന്നെയല്ലേ, ഉമേഷ് അല്ലല്ലോ!’ എന്ന് പോലും അവർ ആത്മവിശ്വാസം കാണിക്കും. ഏറ്റവും പരിചയമുള്ള എന്നാൽ കണ്ടുമറന്ന ആളുകളെ അവരുടെ ശരിയായ പേര് കിട്ടും വരെ മറ്റു വല്ലതും വിളിച്ച് അപഹാസ്യരാവാതിരിക്കാനും ശ്രദ്ധിക്കണം. ഒരാളെ ആദ്യം പരിചയപ്പെടുമ്പോൾ ചുമ്മാ തലയാട്ടി മുന്നോട്ട് പോകാതെ ആ പേര് ഉറക്കെ ഒന്ന് പറയുക. അതിനെ എന്തിനോടെങ്കിലും ബന്ധപ്പെടുത്തുക. സൂര്യപ്രകാശം പോലെ പുഞ്ചിരിക്കുന്ന സുനിൽ, നീണ്ട പുരികങ്ങളുള്ള നിസാർ എന്നിങ്ങനെ ഓർക്കാൻ പാകത്തിന് ഒരടയാളം മനസ്സിൽ ഇട്ടുവെക്കുക. നിങ്ങൾ ഏത് മേഖലയിലുള്ള ആളാണെങ്കിലും പേരുകൾ നിങ്ങളുടെ സൂപ്പർ പവറാണ്. അവ ആൾക്കൂട്ടത്തെ ബന്ധങ്ങളാക്കി മാറ്റുന്നു.
ആത്യന്തികമായി, പേരുകൾ ഉപയോഗിക്കുന്നത് ഒരു കേവല മര്യാദ മാത്രമല്ല – അത് സഹാനുഭൂതി കൂടിയാണ്. ഒരു നേരിയ കൂടിക്കാഴ്ച പോലെയുള്ള ഈ ജീവിതത്തിൽ ആളുകൾ പരസ്പരം കണ്ട് കടന്നു പോകുന്ന ഒരു ലോകത്ത്, ഒരാളുടെ പേര് ഓർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് ഒരാളെ പ്രത്യേകമായി കണക്കിലെടുത്തതിന്റെ ഏറ്റവും ലളിതമായ അടയാളമാണ്. ഒരാളുടെ കണ്ണിൽ നോക്കി “നിങ്ങൾക്ക് ഞാൻ പ്രാധാന്യം കൽപ്പിക്കുന്നു’ എന്ന് പറയുന്ന ഹൃദയത്തോട് ചേർക്കലിന്റെ പതിപ്പാണിത്.