Connect with us

Cover Story

എന്റെ ശൈഖ്, നമ്മുടെ ശൈഖുനാ

ഒരിക്കൽ താമരശ്ശേരിയിൽ വെച്ച് കണ്ടപ്പോൾ സ്ഫുടമായ അറബിയിൽ ഒരു കവിത പോലെ എന്നോട് ഇങ്ങനെ ചൊല്ലി: അമാ ഖുൽതു ലക ലാ തഖഫ്, ഫഅഖൂലു ലകൽആൻ ലാ തഹ്‌സൻ ( ഭയപ്പെടേണ്ട എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ, ഇപ്പോൾ ഞാൻ പറയുന്നു, നിങ്ങൾ മുഷിപ്പാവുകയും വേണ്ട). ശേഷം നീണ്ട ഒരുപദേശമായിരുന്നു. "സത്യത്തിൽ ഉറച്ചു നിൽക്കുക, ഒരിക്കലും ആശങ്ക പാടില്ല'. ജീവിതത്തിന് കരുത്തും പ്രവർത്തനങ്ങൾക്ക് ആവേശവും കിട്ടുന്നതിന് ശൈഖുനായുടെ ഇത്തരം മാർഗനിർദേശങ്ങളായിരുന്നു എപ്പോഴും ഒരു തുണ. സുന്നി പ്രസ്ഥാനത്തിന്റെ ഊർജവും തന്റെ വഴികാട്ടിയുമായ വലിയുല്ലാഹി മടവൂർ സി എം അബൂബക്കർ മുസ്‌ലിയാരെ കുറിച്ചുള്ള ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ അനുഭവങ്ങളും ഓർമകളും. ഉടൻ പുറത്തിറങ്ങുന്ന "വിശ്വാസപൂർവം' എന്ന ആത്മകഥയിൽ നിന്നുള്ള ഭാഗങ്ങൾ വായിക്കാം.

Published

|

Last Updated

ഉസ്താദ് കുറ്റിക്കാട്ടൂർ ഇമ്പിച്ചാലി മുസ്‌ലിയാർക്കുണ്ടായ ഒരു മനോവേദനക്ക് ആശ്വാസമാകട്ടെ എന്ന് കരുതിയാണ് പ്രിയ ശിഷ്യൻ മടവൂർ സി എം അബൂബക്കർ മുസ്‌ലിയാർ കൊടുവള്ളിയിൽ നിന്ന് മങ്ങാട്ടെ ദർസിലേക്ക് വരുന്നത്. 1953 -54 കാലത്താണിത്. അന്ന് പൂനൂർ പുഴമാട്ടുമ്മലിൽ വെച്ചു നടന്ന മുസ്്ലിം ലീഗിന്റെയും എളേറ്റിൽ വട്ടോളിയിൽ നടന്ന കോൺഗ്രസ്സിന്റെയും സമ്മേളനങ്ങളിലേക്ക് ദർസിലെ കുട്ടികളാരും പോകേണ്ട എന്ന് ഇമ്പിച്ചാലി ഉസ്താദ് നിലപാടെടുത്തു. എളേറ്റിൽ വട്ടോളിയിലെ പരിപാടിയിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് പള്ളി മുതവല്ലി കൂടിയായ ആർ മരക്കാർ ഹാജി ആവശ്യപ്പെട്ടിട്ടും ഉസ്താദ് സമ്മതിച്ചില്ല. എന്നാൽ, ഉസ്താദിന്റെ നിർദേശത്തിന് വിരുദ്ധമായി ആറ് കുട്ടികൾ പുഴമാട്ടുമ്മലിലെ മുസ്്ലിം ലീഗ് സമ്മേളനത്തിന് പോയി. അവർ ആറ് പേരെയും ദർസിൽ നിന്ന് പുറത്താക്കി. പറഞ്ഞതു കേൾക്കാതെ വിദ്യാർഥികൾ പുഴമാട്ടുമ്മലിൽ പോയതിലും തുടർന്ന് നാട്ടിലുണ്ടായ പുകിലുകളിലും ഇമ്പിച്ചാലി ഉസ്താദിന് വലിയ മനോവിഷമമുണ്ടായി.

അന്നൊരിക്കൽ മങ്ങാട്ടെ അമ്മാവന്റെ വീട്ടിൽ വിരുന്നിനു പോയതായിരുന്നു ഞാൻ. എന്റെ പഠനവും താമസവും കാന്തപുരത്താണെങ്കിലും മങ്ങാട്ട് പതിവായി പോകും. പോകുന്ന വഴിയിൽ പള്ളിയിൽ കയറി ദർസിലെ വിദ്യാർഥികളോട് സംസാരിക്കുന്ന പതിവുണ്ട്. മലയമ്മ അബൂബക്കർ മുസ്‌ലിയാരുടെ കൊടുവള്ളി ദർസിൽ നിന്നും പുതുതായി വന്ന മുതഅല്ലിമിനെ പരിചയപ്പെടുത്തി തന്നത് അവരാണ്. “ഞാൻ മുമ്പും ഇമ്പിച്ചാലി ഉസ്താദിന്റെയടുത്ത് ഓതിയിട്ടുണ്ട്. പിന്നീട് വിട്ടുപോയിരുന്നതാണ്. ഇപ്പോൾ ഉസ്താദിനെ ധിക്കരിച്ചു കൊണ്ട് ആരൊക്കെയോ ഇറങ്ങിപ്പോയെന്നു കേട്ടു. അതുകൊണ്ടാണ് ഞാനിങ്ങോട്ടേക്ക് വന്നത്’. അക്കാര്യം സി എം അവർകൾ തന്നെയാണ് എന്നോട് പറഞ്ഞത്. അന്നദ്ദേഹം ദർസീ പഠനത്തിന്റെ അവസാന ഘട്ടത്തിലെത്തിയ മുതിർന്ന വിദ്യാർഥിയായിരുന്നു. ഞങ്ങൾക്കിടയിൽ ഇപ്പോഴും തുടരുന്ന ഒരു ആത്മീയ സഞ്ചാരത്തിന്റെ വിനീതമായ തുടക്കമായിരുന്നു അത്. ഞാൻ വെല്ലൂർ ബാഖിയാത്തിലേക്ക് ഉപരി പഠനത്തിനു പോകുന്നതിന്റെ തൊട്ടു മുമ്പത്തെ വർഷമാണ്‌ സി എം ബാഖിയാത്തിൽ നിന്നും തിരിച്ചു വരുന്നത്. മങ്ങാട്ട് നിന്നും കൊയിലാണ്ടി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാരുടെയടുത്ത് അൽപ്പകാലം ഓതിപ്പഠിച്ച ശേഷമാണ് സി എം അവർകൾ വെല്ലൂർ ബാഖിയാത്തിലേക്ക് പോയത്.

മടവൂരിലെ ഖാസിമാർ എന്ന നിലയിൽ ശൈഖുനാ മടവൂർ സി എം അബൂബക്കർ മുസ്‌ലിയാരുടെ കുടുംബത്തെ നേരത്തെ തന്നെ എനിക്കറിയാം. മടവൂർകാരാണെങ്കിലും ഞങ്ങളുടെ നാടിനടുത്തുള്ള നെടിയനാട്ടാണ് അവരുടെ കുടുംബ വേരുകൾ. സി എം അവർകളുടെ വലിയുപ്പ കുഞ്ഞിമായിൻ മുസ്‌ലിയാരാണ് നെടിയനാട്ടിൽ നിന്നും മടവൂരിലേക്ക് ആദ്യമായി താമസമാക്കിയത്. ഉപ്പ കുഞ്ഞിമായിൻ കോയ മുസ്‌ലിയാരാകട്ടെ മടവൂരിനു പുറമെ പൂനൂരിലും ഞാൻ ഓതിപ്പഠിച്ച വാവാട്ടും ദീർഘകാലം ദർസുകൾ നടത്തിയിട്ടുണ്ട്. പഴയ തലമുറയിലെ ശ്രദ്ധേയനായ പ്രഭാഷകനുമാണദ്ദേഹം. പൂനൂർ ഖാളി കുഞ്ഞിബ്റാഹിം മുസ്‌ലിയാരും ഇ കെ അബൂബക്കർ മുസ്‌ലിയാരും ആ ദർസുകളിൽ ഓതിപ്പഠിച്ചവരാണ്. ആ ദർസിനെ കുറിച്ചും പ്രഭാഷണങ്ങളെ കുറിച്ചും ഞാൻ കേട്ടിട്ടേയുള്ളൂ. പക്ഷേ ചെറുപ്പം മുതലേയുള്ള ഈ കേൾവികളിലൂടെ മനസ്സിൽ ഉറച്ചുപോയ കുഞ്ഞിമായിൻ കോയ മുസ്‌ലിയാരുടേതാണ് തികവൊത്ത ഒരു മുസ്‌ലിയാരെ കുറിച്ചുള്ള ആദ്യത്തെ ചിത്രങ്ങളിലൊന്ന്. അദ്ദേഹത്തിന്റെ പേരു പറയുമ്പോൾ വരുന്ന പ്രധാനപ്പെട്ട ഒരോർമ അവേലത്തെ തറവാട്ട് വീട്ടിലെ വാതിൽപ്പാളിയിലെ അതിമനോഹരമായ അറബിക് കാലിഗ്രഫിയാണ്. അവേലത്തെ വീട്ടിലെത്തുന്ന ഏതൊരാളുടെയും ശ്രദ്ധയിൽ മരത്തിൽ കൊത്തിയ ആ വിശുദ്ധ വചനങ്ങൾ ഉണ്ടാകും. അതു വായിക്കാൻ ശ്രമിക്കുന്നവരോട് കുഞ്ഞിമായിൻ കോയ മുസ്‌ലിയാരുടെ കലാവിരുതാണതെന്ന് അവേലത്ത് തങ്ങൾ പരിചയപ്പെടുത്തും. സ്വന്തമായി ഡിസൈൻ ചെയ്ത് കുഞ്ഞിമായിൻ കോയ മുസ്‌ലിയാർ തന്നെ ആശാരിമാരെക്കൊണ്ട് കൊത്തിച്ചെടുപ്പിച്ചതായിരുന്നു ആ അറബിക് കാലിഗ്രഫി.

ഏതാണ്ട് സമകാലികരായ ദർസ് വിദ്യാർഥികൾ എന്ന നിലക്കും ഒരേ ഉസ്താദിന്റെ ശിഷ്യന്മാർ എന്ന നിലക്കുമാണ് മടവൂർ സി എം അവർകളുമായുള്ള എന്റെ ബന്ധം തുടങ്ങുന്നതും വളരുന്നതും. എന്നാൽ അക്കാലത്തുതന്നെ അനുകരണീയമായ ഒട്ടേറെ മാതൃകകൾ ആ മുതഅല്ലിമിൽ ഉണ്ടായിരുന്നു. സാധാരണ സൗഹൃദത്തെയൊക്കെ കവച്ചുവെക്കുന്ന ഒരു സൗന്ദര്യവും ആകർഷണീയതയും അദ്ദേഹത്തിന്റെ സംസാരത്തിലും നോട്ടത്തിലും പെരുമാറ്റത്തിലും അനുഭവിച്ചിട്ടുണ്ട്. ലളിതമെങ്കിലും ഇസ്തിരിയിട്ട് മിനുക്കിയ വസ്ത്രവും വൃത്തിയും ആരുമൊന്നു ശ്രദ്ധിച്ചുപോകും. ബാഖിയാത്തിലെ പഠനത്തിനു ശേഷം മടവൂരിലായിരുന്നു സി എം അവർകൾ ദർസ് നടത്തിയത്. ഞാൻ ബാഖിയാത്തിൽ നിന്ന് തിരിച്ചെത്തി മങ്ങാട്ട് ദർസ് തുടങ്ങിയപ്പോഴേക്കും സി എം ദർസ് അവസാനിപ്പിച്ചു തുടങ്ങി. കൂടെയുണ്ടായിരുന്ന വിദ്യാർഥികളെയൊക്കെ ഘട്ടംഘട്ടമായി ദർസിൽ നിന്നും പറഞ്ഞയച്ചു. ഒടുവിൽ നരിക്കുനിക്കാരൻ മഹ്്മൂദ് മുസ്‌ലിയാർ മാത്രം ബാക്കിയായി.

1962ലെ ഹജ്ജ് യാത്രക്ക് ശേഷമായിരുന്നു സി എമ്മിന്റെ ജീവിത ശൈലിയിലും സമീപനത്തിലും പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. സംസാരം കുറഞ്ഞു; ഭക്ഷണവും. ഏകാന്തമായിരിക്കുകയും രാവും പകലുമെന്ന വ്യത്യാസമില്ലാതെ ആരാധനകളിൽ കഴിഞ്ഞുകൂടുകയും ചെയ്യും. ത്യാഗ പരിശീലനത്തിനു വേണ്ടി ശരീരത്തെ മെരുക്കിയെടുക്കാനുള്ള തയാറെടുപ്പിലായിരുന്ന ഘട്ടത്തിലാണ് 1964ൽ എപ്പോഴോ ഒരിക്കലാണ് ഞാൻ ശൈഖുനായെ കാണാൻ പോകുന്നത്. ദർസിൽ ഓതിപ്പഠിച്ചിരുന്ന കാലത്ത് എനിക്ക് കുറച്ചു കടങ്ങൾ ഉണ്ടായിരുന്നു. കിതാബുകൾ വാങ്ങിയ വകയിലും യാത്ര ചെയ്ത വകയിലുമൊക്കെയായി വന്നതാണാ കടങ്ങൾ. പഠനം കഴിഞ്ഞിട്ടും മുദർരിസ് ആയിട്ടും ആ കടം വീട്ടിത്തീർക്കാൻ കഴിഞ്ഞില്ല. കടം അധികരിക്കുന്നതിനെ തൊട്ടു കാവലിനെ ചോദിക്കാൻ തിരുനബിയോർ പ്രത്യേകം പഠിപ്പിച്ചതാണല്ലോ. ആ ബേജാറിലായിരുന്നു ഞാൻ. ശൈഖുനായെ കണ്ട് സലാം പറഞ്ഞു. കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുകയായിരുന്നു അപ്പോൾ. സലാം മടക്കി കൊണ്ട് കിടക്കയിൽ നിന്ന് എണീറ്റ് നിന്ന് എന്നോട് പറഞ്ഞു: “നിങ്ങൾക്ക് 4963 രൂപ 34 പൈസ കടമുണ്ട്. അത് ഒരുമാസത്തിനുള്ളിൽ വീടും’. ആമുഖമൊന്നുമില്ലാതെ ഒരൊറ്റ പറച്ചിലാണ്. ഞാനാകെ അത്ഭുതപ്പെട്ടുപോയി. കടത്തിന്റെ കാര്യം ഞാൻ പറഞ്ഞു തുടങ്ങിയിട്ടില്ല. പലർക്കും കൊടുക്കാനുള്ളത് ഓർമയുണ്ടെന്നല്ലാതെ എല്ലാം കൂടി എത്രവരും എന്നതിനെ കുറിച്ച് എനിക്കപ്പോഴും തീർച്ചയുണ്ടായിരുന്നുമില്ല. അന്നു വീട്ടിൽ ചെന്നപ്പോൾ ആദ്യം ചെയ്ത കാര്യം ഇതൊക്കെയൊന്നു കൂട്ടി നോക്കലായിരുന്നു. പലയിടങ്ങളിലായി എഴുതി വെച്ചതും ഓർമയിൽ ഉള്ളതും എല്ലാംകൂടി കൂട്ടി നോക്കി. സി എം അവർകൾ പറഞ്ഞ അതേ തുക. മാത്രവുമല്ല, കൃത്യം ഒരു മാസത്തിനകം അതു വീട്ടിത്തീർക്കാനുള്ള വഴിയൊരുങ്ങുകയും ചെയ്തു.

അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലും അതികഠിനമായ ത്യാഗ പരിശീലനത്തിലും അജ്ഞാത വാസത്തിലുമായിരുന്നു ശൈഖുനാ. നീണ്ട പദയാത്രകൾ, വനവാസങ്ങൾ. ഈ യാത്രക്കിടയിൽ പാടമെന്നോ, പറമ്പെന്നോ, പൊതുസ്ഥലമെന്നോ, ഉടമസ്ഥനാരെന്നോ നോക്കാതെ ചിലയിടങ്ങളിൽ ദീർഘമായ സുജൂദിൽ വീഴുന്ന പതിവുണ്ടായിരുന്നു. അല്ലാഹുവിന്റെ പ്രകാശം കാണുന്നയിടങ്ങളിൽ എങ്ങനെ സുജൂദ് ചെയ്യാതിരിക്കും എന്നായിരുന്നു ഇതേ കുറിച്ച് ചോദിച്ചപ്പോൾ ശൈഖുനായുടെ മറുപടി. അങ്ങനെ ശൈഖുനാ സുജൂദ് ചെയ്തതായി അറിയപ്പെട്ട സ്ഥലങ്ങളിൽ വർഷങ്ങൾക്ക് ശേഷം പള്ളികളും മദ്റസകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉയർന്നുവന്നു. ഇന്നാലോചിക്കുമ്പോൾ നടന്നു പോയിടങ്ങളിലെല്ലാം ഒരടയാളമിട്ടു പോയതാണോ ശൈഖുനാ എന്നു തോന്നിപ്പോകും. കാരന്തൂർ തേക്കിൻ ചുവട്ടിൽ ശൈഖുനാ സുജൂദ് ചെയ്ത സ്ഥലത്താണ് മർകസ് പിന്നീട് ഉയർന്നുവന്നത്. അന്നത് കെ പി ചന്ദ്രൻ എന്നയാളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്ഥലമാണ്. മർകസ് ആ സ്ഥലം വാങ്ങിയതിന് ശേഷമൊരിക്കൽ ശൈഖുനാ സി എം സ്ഥലം കാണാൻ വന്നു. എന്നിട്ടവിടെ മുസ്വല്ലയിട്ട് നിസ്കരിച്ചു. ശേഷം കൈയിൽ കുറച്ച് കല്ലുകളെടുത്ത് നാല് ഭാഗത്തേക്കും എറിഞ്ഞു. കല്ലുകൾ വീണ സ്ഥലങ്ങൾ ചൂണ്ടിക്കാട്ടി എന്നോട് പറഞ്ഞു: “അതൊക്കെ നമുക്ക് കിട്ടാനുള്ള സ്ഥലങ്ങളാണ്’. ആ സ്ഥലങ്ങളെല്ലാം മർകസ് പിന്നീട് വാങ്ങുകയും ചെയ്തു.

കോഴിക്കോട് പുതിയറ സുലൈമാൻ മുസ്‌ലിയാരുടെ മുരീദായ ശൈഖ് മുഹ്്യിദ്ദീൻ സാഹിബ് എന്ന പുലി മൊയ്തീൻ സാഹിബിന്റെ ശിക്ഷണത്തിൽ ശൈഖുനാ ജീവിതം ചിട്ടപ്പെടുത്തിയ കാലം. കോഴിക്കോട് കല്ലായി എൻ സി മൊയ്തീൻ സാഹിബിന്റെ വീട്ടിലാണ് താമസം. ശൈഖുനയെ കാണാൻ വേണ്ടി ഒരു രാവിലെ ആ വീട്ടിലെത്തി. ആരോടും സംസാരിക്കാതെയും എല്ലാ ദിവസവും നോമ്പെടുത്തും ശാരീരികേച്ഛകളെ കീഴ്പ്പെടുത്തുന്ന ആത്മീയ പരിശീലനം (രിയാള) കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. അധികമാരോടും സംസാരിക്കാത്ത സമയമാണ്. വൈകുന്നേരം വരെ അവിടെയിരുത്തി അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ സ്വഭാവ വിശേഷങ്ങൾ പറഞ്ഞു തന്നു. ശൈഖുനായുടെ വിശദീകരണം കേട്ട് കോരിത്തരിച്ചിരുന്ന ഞാൻ പറഞ്ഞു: നിങ്ങളുടെ മാർഗത്തിൽ മുന്നോട്ടു പോകാൻ എനിക്കും ആഗ്രഹമുണ്ട്. “ഞങ്ങൾ ഖിളറിന്റെ മാർഗത്തിലാണ്. നിങ്ങൾ മൂസായുടെ വഴിയിലും. ഒരു വിഭാഗം മറ്റൊന്നിൽ പ്രവേശിക്കുകയല്ല വേണ്ടത്. രണ്ടും ഒരുമിച്ചു മുന്നേറണം. അതുകൊണ്ട് നിങ്ങൾ നല്ലവണ്ണം ദർസ് നടത്തണം. മഹത്തായ സ്ഥാപനങ്ങൾ ഉണ്ടാക്കുകയും പ്രസംഗങ്ങൾ ചെയ്യുകയും വേണം’. എന്റെ പിൽക്കാല ജീവിതത്തിന്റെ സഞ്ചാരപഥം മുഴുവൻ ആ മറുപടിയിൽ ഉണ്ടായിരുന്നു. പ്രസിദ്ധ സൂഫീവര്യനായ കക്കടിപ്പുറം അബൂബക്കർ മുസ്‌ലിയാരുടെ അടുത്ത് ഒരിക്കൽ പോയി. മകൻ ഹകീമും കൂടെയുണ്ടായിരുന്നു. പന്താവൂരിൽ ഇറങ്ങി ഞങ്ങൾ രണ്ടുപേരും ഒരു കുടയും ചൂടി ഒന്നരക്കിലോമീറ്ററോളം വയൽ വരമ്പിലൂടെ നടന്നത് മധുരമുള്ള ഒരോർമയാണ്. വയലിനോട് ചേർന്ന ഒരു കുളക്കരയിലെ പള്ളിയിലായിരുന്നു മഹാൻ താമസിച്ചിരുന്നത്. സംസാരിക്കുന്നതിനിടയിൽ അവരുടെ ശിക്ഷണത്തിൽ രിയാളയിലിരിക്കാനുള്ള ആഗ്രഹം അറിയിച്ചു. മുമ്പ് ഇതേ ആഗ്രഹം അറിയിച്ചപ്പോൾ സി എം അവർകൾ പറഞ്ഞ മറുപടിയെ ഓർമപ്പെടുത്തുന്നതായിരുന്നു കക്കിടിപ്പുറത്തോരുടെയും പ്രതികരണം.

മർകസിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ കാലം. ശൈഖുനാ ദീർഘകാലമായി കോഴിക്കോട് പടന്നപ്പള്ളി പറമ്പിലെ അരിയാം തോപ്പിൽ മുഹമ്മദ് എന്ന മമ്മൂട്ടി മൂപ്പന്റെ വീട്ടിലാണ് താമസം. ഇടക്ക് കുറച്ചു കാലം തങ്ങൾസ് റോഡിലെ ഉമർ മൂപ്പന്റെ വീട്ടിലും. ദിനേന നൂറു കണക്കിന് ആളുകൾ കാണാൻ വരും. രോഗികൾ, കടക്കാർ, കേസിൽ കുടുങ്ങിയവർ, ജോലിയന്വേഷകർ, വിദ്യാർഥികൾ, വീടു പണി തുടങ്ങാൻ ആശിക്കുന്നവർ, ഗൾഫിൽ പോകാനവസരവും കാത്തിരിക്കുന്നവർ, ആത്മീയ സായൂജ്യം തേടി വരുന്നവർ…എല്ലാ പ്രശ്നങ്ങൾക്കും ശൈഖുനായുടെ ഒരു പരിഹാരമുണ്ടാകും. അതൊരു വെട്ടിത്തുറന്നുള്ള പറച്ചിലാണ്. കുറഞ്ഞ വാക്കുകളേ ഉപയോഗിക്കൂ. സാധാരണക്കാരോട് ശുദ്ധ മലയാളത്തിൽ. ചിലരോട് തെളിച്ചമുള്ള അറബിയിൽ. അതോടെ പ്രശ്നങ്ങൾക്ക് പരിഹാരം വന്നു തുടങ്ങും എന്നതാണ് ഏവരുടെയും അനുഭവം. പല മുതലാളിമാരും വരും. അവർ വലിയ തുകകൾ കവറിലിട്ട് നൽകും. തുറന്നു പോലും നോക്കാതെ അതു സന്ദർശിക്കാൻ വരുന്ന അടുത്ത ആവശ്യക്കാരന് കൊടുക്കും. ഇതിനിടയിൽ ചിലപ്പോൾ പൊതുജന സമ്പർക്കം പാടേ ഒഴിവാക്കും. വാതിലുകളടച്ച് ഒറ്റക്കിരിക്കും. ആ ഇരിപ്പ്‌ എത്രയും നീളാം. ഒരിക്കൽ രണ്ട് വർഷത്തോളം അടച്ചിട്ടു. എങ്കിലും ഇഷ്ടക്കാർക്ക് ഏതു സമയത്തും കയറിച്ചെല്ലാവുന്ന ഒരു വാതിൽ ശൈഖുനാ എപ്പോഴും തുറന്നുവെച്ചു. എന്റെ സന്തോഷങ്ങളിലും പ്രയാസങ്ങളിലും ഞാൻ ആ വാതിൽക്കൽ ചെന്നു നിൽക്കും. മമ്മൂട്ടി മൂപ്പൻ അകത്തു ചെന്നു വിവരം പറയും. മനം കുളിർപ്പിച്ചിട്ടല്ലാതെ ഒരിക്കലും എന്നെ തിരിച്ചയച്ചിട്ടില്ല. ഏതു വിഷമ ഘട്ടത്തിലും ശൈഖുനായെ കണ്ടൊന്നു സംസാരിച്ചാൽ, മനസ്സിന് സമാധാനവും വിഷമങ്ങൾക്ക് പരിഹാരവും ഉണ്ടാകും.

തുടർന്ന് വായിക്കാം:

ശൈഖുനാ; കാഴ്ചയും കാഴ്ചപ്പാടുകളും

---- facebook comment plugin here -----

Latest