Connect with us

Editors Pick

ശൈഖുനാ; കാഴ്ചയും കാഴ്ചപ്പാടുകളും

1989ൽ എസ് വൈ എസ് പ്രഖ്യാപിച്ച എറണാകുളം സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ശൈഖുനായെ കാണാൻ വേണ്ടി ഞങ്ങൾ മമ്മൂട്ടി മൂപ്പന്റെ വീട്ടിൽ പോയി. ഒന്നര വർഷത്തിലധികമായി ആരോടും സംസാരിക്കാതെ ആരാധനകളിൽ മുഴുകിയിരിക്കുകയാണ് ശൈഖുന. നിരാശരായി മടങ്ങേണ്ടി വരുമോയെന്ന് പേടിച്ചു. അപ്പോഴുണ്ട് ശൈഖുനാ ഞങ്ങളെ അകത്തേക്ക് വിളിക്കുന്നു. സാധാരണ ലളിതമായ അൽപ്പം ചില വാക്കുകളിൽ കാര്യങ്ങൾ പറഞ്ഞവസാനിപ്പിക്കാറുള്ള ശൈഖുന അന്ന് ഏതാണ്ട് ഒരു മണിക്കൂറോളം നിർത്താതെ സംസാരിച്ചു. 85ന് ശേഷമുള്ള ഏതാണ്ടെല്ലാ കാര്യങ്ങളും സംഗ്രഹിച്ചു പറഞ്ഞ ശൈഖുനാ പ്രശ്‌നങ്ങളുടെ കാരണവും പരിഹാരങ്ങളും വിശദീകരിച്ചു തന്നു. സമസ്തയെയും മുസ്‌ലിം ലീഗിനെയും കുറിച്ചുള്ള സമഗ്രവും സൂക്ഷ്മവുമായ ഒരു വിശകലനമായിരുന്നു അത്. ഒരു മഹാ സമ്മേളനത്തിലെ ശ്രോതാക്കളെന്ന പോലെ നിലത്തിരുന്ന് ഞങ്ങളാ വാക്കുകൾ കേട്ടു. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ ഒരു പേമാരി പെയ്തു തീർന്ന അനുഭൂതി.

Published

|

Last Updated

1973ലെ പാലക്കാട് പൂടൂർ സംവാദത്തിനു വേണ്ടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നെ തിരഞ്ഞെടുത്ത സന്ദർഭം. പാലക്കാട്ടേക്ക് വണ്ടി കയറുന്നതിനു മുമ്പ് ശൈഖുനാ സി എമ്മിനെ കണ്ട് വിവരങ്ങൾ പറയാനും ഒന്നു ദുആ ചെയ്യിപ്പിക്കാനും വേണ്ടി ഞാൻ പല സ്ഥലത്തും കറങ്ങി. ജനശ്രദ്ധയിൽ നിന്നകന്ന് ശൈഖുനാ യാത്ര ചെയ്യുന്ന ഘട്ടമാണ്. ഇന്നയിടത്തുണ്ട് എന്നറിഞ്ഞു കാണാൻ വേണ്ടി എത്തിയാൽ മറ്റൊരിടത്തേക്ക് പോയിട്ടുണ്ടാകും. ഞങ്ങളുടെയീ കറക്കം ദിവസങ്ങളോളം തുടർന്നു. അങ്ങനെ സംവാദ ദിവസമെത്തി. പാലക്കാട് പൊട്ടച്ചിറ അൻവരിയ്യയിലേക്ക് പോകുന്ന വഴി മഞ്ഞക്കുളം മഖാമിൽ ഇറങ്ങി സിയാറത്ത് ചെയ്തു. ഖുർആൻ ഓതി ഹദിയാ ചെയ്യുന്ന കൂട്ടത്തിൽ ഖിളർ (അ)ന്റെയും ശൈഖുനാ സി എമ്മിന്റെയും പേരിൽ ഓരോ ഫാതിഹകൾ ഓതി. നേരിൽ കണ്ടില്ലെങ്കിലും കാണണമെന്ന എന്റെ ആഗ്രഹം അവിടുന്നറിയും എന്ന വിശ്വാസം തെറ്റിയില്ല. പൂടൂരിലേക്ക് പോകാനിറങ്ങുമ്പോഴുണ്ട് അബ്ദുർറഹിമാൻ എന്നു പരിചയപ്പെടുത്തിയ ഒരാൾ കാണാൻ വന്നിരിക്കുന്നു. നോക്കുമ്പോൾ ശൈഖുനാ പറഞ്ഞയച്ചതാണ്. “വാദപ്രതിവാദം സത്യവും അസത്യവും തമ്മിലാണ്. സത്യത്തിനു വേണ്ടി വാദിക്കുന്ന നിങ്ങളുടെ കൂടെ അല്ലാഹുവിന്റെ ഇഷ്ടക്കാരുണ്ട്, ഭയപ്പെടേണ്ട’- ഇതായിരുന്നു ശൈഖുനാ പറത്തയച്ച സന്ദേശം. മൂന്ന് ദിവസത്തെ വാദപ്രതിവാദത്തിൽ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ വിശദീകരിക്കുവാനും എതിർ പക്ഷത്തുള്ളവരുടെ വാദമുഖങ്ങൾ തെളിവുകൾ നിരത്തി ഖണ്ഡിക്കാനും സാധിച്ചു. വാദപ്രതിവാദ വേദിയിലെ തുടക്കക്കാരൻ എന്ന നിലയിൽ പൂടൂർ സംവാദം വലിയ ആത്മ വിശ്വാസം നൽകി.

അതികഠിനമായ പനിയുമായാണ് പൂടൂരിൽ നിന്ന് മടങ്ങിയത്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ചൂടിന്റെ കാഠിന്യം മാറുന്നില്ല. ഡോക്ടർമാരെ മാറിമാറിക്കാണിച്ചു നോക്കി. രക്ഷയില്ല. ഖുർആൻ നേർച്ചയാക്കി ഓതും. പനിച്ചു തളർന്നുറങ്ങിയ ഒരു രാത്രി ഒരു സ്വപ്നം കണ്ടു. ഒരു വലിയ മതിലിനു താഴെ ഓരം ചേർന്ന് നടക്കുകയാണ് ഞാൻ. വേറൊരാൾ വന്നു ചുമലിൽ അയാളുടെ കൈകൾ വെക്കുന്നു. പരിചയമില്ലാത്തതിനാൽ കൈകൾ ചുമലിൽ നിന്ന് കുടഞ്ഞു മാറ്റി ഞാൻ നടത്തം തുടരുന്നു. അയാൾ പിന്നാലെയുണ്ട്. നടത്തം ഒരു വളവിലെത്തിയപ്പോൾ നിവർത്തിവെച്ച ഒരു വല കണ്ടു. അതിനടിയിൽ വലിയൊരു കുഴിയുണ്ട്. പിന്തുടരുന്നയാൾ ആ വലയിലേക്ക് എന്നെ പിടിച്ചു വലിക്കുന്നു. ഞാൻ പുറത്തേക്ക് ചാടി മറയുന്നു. അയാൾ വീണ്ടും പിടിച്ചു വലിക്കുന്നു. ഇതിങ്ങനെ തുടരുന്നതിനിടയിൽ ശൈഖുനാ പ്രത്യക്ഷപ്പെട്ടു. അതോടെ അക്രമി ഓടി മറഞ്ഞു. ശൈഖുനാ അടുത്തെത്തിയപ്പോൾ അതുവരെ നടന്നതെല്ലാം പറഞ്ഞുകൊടുത്തു. എന്നോട് വായ തുറക്കാൻ ആവശ്യപ്പെട്ടു. വായിൽ കൈയിട്ട് എന്തോ ഒരു വസ്തു എടുത്തു കളഞ്ഞു. ഭയപ്പെടരുത് എന്ന് അറബി ഭാഷയിൽ ഉപദേശിച്ചു ശൈഖുനാ അപ്രത്യക്ഷനായി. അന്ന് നേരം പുലർന്നപ്പോഴേക്കും പനി നിശേഷം മാറിയിട്ടുണ്ട്. അതിലേറെ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം മറ്റൊന്നാണ്. പനിയും ക്ഷീണവും വിശ്രമവുമെല്ലാം കഴിഞ്ഞു ഒരാഴ്ചയായപ്പോൾ താമരശ്ശേരിയിലെ ഒരു വീട്ടിൽ ശൈഖുനാ വന്നിട്ടുണ്ട് എന്നറിഞ്ഞു. നേരിൽ കാണാനുള്ള അതിയായ ആഗ്രഹം കാരണം നേരെ ചെന്ന് സലാം പറഞ്ഞു. സലാം മടക്കിയ ശേഷം സ്ഫുടമായ അറബിയിൽ ഒരു കവിത പോലെ ഇങ്ങനെ ചൊല്ലി: അമാ ഖുൽതു ലക ലാ തഖഫ്, ഫഅഖൂലു ലകൽആൻ ലാ തഹ്‌സൻ (ഭയപ്പെടേണ്ട എന്നു ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ, ഇപ്പോൾ ഞാൻ പറയുന്നു, നിങ്ങൾ മുഷിപ്പാവുകയും വേണ്ട). ശേഷം നീണ്ട ഒരുപദേശമായിരുന്നു. “സത്യത്തിൽ ഉറച്ചു നിൽക്കുക, ഒരിക്കലും ആശങ്ക പാടില്ല’. അവിടുന്ന് പറഞ്ഞു നിർത്തി. ജീവിതത്തിനു കരുത്തും പ്രവർത്തങ്ങൾക്ക് ആവേശവും കിട്ടുന്നതിന് ശൈഖുനായുടെ ഇത്തരം മാർഗ നിർദേശങ്ങൾ എപ്പോഴും ഒരു തുണയായിട്ടുണ്ട്. കൊട്ടപ്പുറത്തെ വാദപ്രതിവാദത്തിനൊരുങ്ങുമ്പോഴും അവിടുത്തെ ദുആയുടെ കാവലുണ്ടായിരുന്നു.

മർഹൂം ബാഫഖി തങ്ങളുടെയും പി എം എസ് എ പൂക്കോയ തങ്ങളുടെയും വേർപാടിനു ശേഷം മുസ്‌ലിം ലീഗിൽ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിലാണ് 1979 ജൂണിൽ സമസ്ത തങ്ങളുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. സുന്നത്ത് ജമാഅത്തിനും അതിന്റെ സ്ഥാപനങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നവരെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണം എന്നതായിരുന്നു ആ തീരുമാനം. ഏതെങ്കിലും തിരഞ്ഞെടുപ്പിനു മുന്നോടിയായി എടുത്ത സമീപനമായിരുന്നില്ല ഇത്. സുന്നികൾക്കെതിരെ മുജാഹിദ് സംഘടനകൾ പുളിക്കലിൽ വെച്ച് മാർച്ചിൽ ഒരു സമ്മേളനം നടത്തി. അതിൽ പ്രസംഗിച്ച അന്നത്തെ യൂണിയൻ ലീഗ് എം എൽ എയായ പി സീതി ഹാജി, തന്റെ അവസാന തുള്ളി രക്തവും സുന്നികൾക്കെതിരെ ചെലവഴിക്കുമെന്ന് പ്രസംഗിച്ചു. അതിന്റെ തുടർച്ചയെന്നോണം കോഴിക്കോട് ശാദുലി പള്ളിക്കേസ്‌, പൂനൂർ ടൗൺ നിസ്കാരപ്പള്ളി കൈയേറ്റം തുടങ്ങിയ സംഭവ വികാസങ്ങളിൽ സുന്നികൾക്കെതിരെ ഭരണപക്ഷത്തെ എം എൽ എ മാരെ ഉപയോഗപ്പെടുത്തി മുജാഹിദ് സംഘടനകൾ ശക്തമായ നീക്കങ്ങൾ നടത്തി. ഇതിനിടയിൽ പുളിക്കലിൽ വെച്ചു തന്നെ സുന്നികൾ വിപുലമായൊരു സമ്മേളനം നടത്തി. ആ സമ്മേളനം മുടക്കാനും ചില ശ്രമങ്ങൾ ഉണ്ടായി. അവിടെ മുഖ്യ പ്രഭാഷണം നടത്തിയ ഇ കെ അബൂബക്കർ മുസ്‌ലിയാർ മുജാഹിദുകൾക്ക് ശക്തമായ താക്കീതു നൽകി. സുന്നത്ത് ജമാഅത്തിനും അതിന്റെ സ്ഥാപനങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നവരെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്ന് ഇ കെ അവർകൾ ആഹ്വാനം ചെയ്തു. “വഹാബികൾക്കെതിരേ സുന്നികളെ സഹായിക്കുന്ന അമുസ്‌ലിംകൾ ഉണ്ടെങ്കിൽ അവരെ പിന്തുണക്കണം. രണ്ട് സുന്നികൾ തമ്മിലാണ് മത്സരമെങ്കിൽ കൂട്ടത്തിൽ കൂടുതൽ ആദർശ പ്രതിബദ്ധതയുള്ള സുന്നിക്ക് വോട്ട് നൽകണം’. ഇ കെയുടെ പ്രസംഗം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴി തുറന്നു. സുന്നികളായ മുസ്‌ലിംകളുടെ സ്പർശവും ലാളനയുമേറ്റ് വളർന്ന രാഷ്ട്രീയ സംഘടനയാണ് മുസ്‌ലിം ലീഗ് എന്നതായിരുന്നു ഇ കെയുടെ നിലപാട്. ബാഫഖി തങ്ങളും പി എം എസ് എ പൂക്കോയ തങ്ങളും നേതൃ രംഗത്തെത്തിയതോടെയാണ് അതിന്റെ മുജാഹിദ് ലേബൽ മാറിക്കിട്ടിയതും ഒരു ജനകീയ രാഷ്ട്രീയ സംഘടനയായി മാറിയതും. ആ ചരിത്രം ലീഗ് മറക്കുന്നു എന്നതായിരുന്നു ഇ കെയുടെ വിമർശനത്തിന്റെ കാതൽ.

ഇതേ വർഷം ജൂണിൽ ചേർന്ന സമസ്ത മുശാവറ ഇ കെയുടെ നിലപാടിനെ ശരിവെക്കുകയും പുളിക്കലിലെ ആഹ്വാനത്തെ അംഗീകരിച്ചു പ്രമേയം പാസ്സാക്കുകയും ചെയ്തു. സുന്നത്ത് ജമാഅത്തിനും അതിന്റെ സ്ഥാപനങ്ങൾക്കും എതിരെ പ്രവർത്തിക്കുന്ന ഏതു രാഷ്ട്രീയക്കാരനെയും എതിർത്തു പരാജയപ്പെടുത്താനാവശ്യമായ യുക്തമായ നടപടികൾ സാന്ദർഭികമായി സ്വീകരിക്കാനായിരുന്നു തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് കോഴിക്കോട് സമസ്തയും എസ് വൈ എസും സംയുക്തമായി നടത്തിയ പത്ര സമ്മേളനത്തിൽ ഇ കെ അബൂബക്കർ മുസ്‌ലിയാരോടൊപ്പം ഞാനും പങ്കെടുത്തിരുന്നു. ഇ കെ ഹസ്സൻ മുസ്‌ലിയാർ, സി അബ്ദുർറഹിമാൻ മുസ്‌ലിയാർ, എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, മുണ്ടോളി ഹൈദർ ഹാജി എന്നിവരും ഉണ്ടായിരുന്നു. തീരുമാനമെടുത്ത് പിന്നെയും മാസങ്ങൾ കഴിഞ്ഞാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. മുശാവറ നേരത്തെ ഐകകണ്ഠ്യേന എടുത്ത തീരുമാനം നടപ്പിലാക്കാനുള്ള സന്ദർഭം വന്നപ്പോൾ തീരുമാനം എടുത്ത ചിലർക്ക് മനംമാറ്റം വന്നു. അവരിൽ ചിലർ യൂണിയൻ ലീഗിന്റെ തിരഞ്ഞെടുപ്പ് വേദികളിൽ പ്രസംഗിക്കുകയും മുശാവറ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നു വരെ പറയുകയും ചെയ്തു. മലപ്പുറം ജില്ലയിൽ നിന്നുള്ള ചില മുശാവറ അംഗങ്ങളായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചത്.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇരു മുന്നണികളുടെയും ഭാഗമായ യൂണിയൻ ലീഗുകാരും അഖിലേന്ത്യാ ലീഗുകാരും കോൺഗ്രസ്സും നിർത്തിയ മുജാഹിദ് പ്രവർത്തകർ വ്യാപകമായി തോറ്റിരിക്കുന്നു! ഇതോടെ സമസ്തക്കകത്തെ ചേരിതിരിവുകൾ ശക്തമാവുകയും ഒരു പിളർപ്പിന്റെ വക്കിൽ വരെ എത്തുകയും ചെയ്തു. ഈ സന്ദർഭത്തിൽ വേദനിച്ചാണ് ഇ കെ അവർകളും ഞാനും കൂടി ശൈഖുനാ മടവൂർ സി എമ്മിനെ കണ്ട് കാര്യങ്ങൾ ഉണർത്താൻ പോയത്. തളിപ്പറമ്പ് ഖുവ്വത്തിലെ ഇ കെയുടെ ശിഷ്യൻ കൂടിയാണ് ശൈഖുനാ. എല്ലാം കേട്ട ശേഷം സ്വത സിദ്ധമായ ശൈലിയിൽ അവിടുന്ന് പറഞ്ഞു: “സമസ്ത പിളരില്ല, ഏതാനും വ്യക്തികൾ ഉടനേ പോകാനുണ്ട്. അതോടെ പ്രശ്നം തീരും’. പറഞ്ഞതുപോലെ താമസിയാതെ പ്രശ്നങ്ങൾ കെട്ടടങ്ങുകയും ചെയ്തു. എൺപതുകളിൽ ഞാൻ ശൈഖവർകളെ അധികവും കണ്ടതും സംസാരിച്ചതും സംഘടനാപരവും മറ്റുമായ പൊതുകാര്യങ്ങളിൽ അഭിപ്രായങ്ങളും തീരുമാനങ്ങളും കിട്ടാൻ വേണ്ടിയായിരുന്നു. 1972 ൽ ആദ്യമായി ജില്ലാ കമ്മിറ്റികൾ നിലവിൽ വന്ന ശേഷം പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി താലൂക്ക് തലങ്ങളിൽ പണ്ഡിത കാമ്പുകൾ നടത്താൻ സമസ്ത തീരുമാനിച്ചു. മലബാറിൽ നടന്ന ഒട്ടേറെ താലൂക്ക് ക്യാമ്പുകളിൽ ശൈഖുനായും ആത്മമിത്രം വടകര മമ്മദാജി തങ്ങളും പങ്കെടുത്തു. സമസ്തയുടെ പ്രവർത്തനങ്ങൾ വിപുലവും ജനകീയവുമാക്കാൻ വേണ്ടി ഇക്കാലത്ത് സംഘടിപ്പിച്ച നിരവധി പണ്ഡിത കാമ്പുകളിലും മതപ്രഭാഷണ വേദികളിലും ശൈഖുനയും പങ്കെടുത്തു പ്രാർഥന നിർവഹിച്ചു. നരിക്കുനി വയലിൽ വെച്ച് നടന്ന ഒരു മതപ്രഭാഷണ വേദിയിൽ എന്റെ പ്രസംഗം തീരുന്നതുവരെയും ശൈഖുന വേദിയിൽ തന്നെയിരുന്നു. ചൂടുകാരണം തലപ്പാവ് മേശപ്പുറത്ത് അഴിച്ചു വെച്ചായിരുന്നു അക്കാലത്തൊക്കെ ഞാൻ പ്രസംഗിക്കാറ്‌. ഇതുകണ്ട ശൈഖുന തലപ്പാവ് വെക്കാത്തതെന്തേ എന്ന് ചോദിച്ചു. തലപ്പാവ് വെച്ചാൽ ചൂടുകാരണം വിയർപ്പ് തലയിൽ തങ്ങി ജലദോഷവും ശബ്ദമടപ്പും ഉണ്ടാവുന്ന കാര്യം ശൈഖുനയെ ഉണർത്തി. “നാളെ മുതൽ അതു വേണ്ട’. ഒരൊറ്റ പറച്ചിലാണ്. പിന്നീടൊരിക്കലും പ്രസംഗിക്കുമ്പോൾ ചൂടുകൊണ്ടോ വിയർപ്പുകൊണ്ടോ പ്രയാസപ്പെടേണ്ടി വരികയോ അതുകാരണം തലപ്പാവ് അഴിച്ചുവെക്കേണ്ടി വരികയോ ചെയ്തിട്ടില്ല.

1989 ൽ എസ് വൈ എസ് പ്രഖ്യാപിച്ച എറണാകുളം സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ശൈഖുനായെ കാണാൻ വേണ്ടി ഞങ്ങൾ മമ്മൂട്ടി മൂപ്പന്റെ വീട്ടിൽ പോയി. അനുജൻ സി എം സൈനുദ്ദീൻ മുസ്‌ലിയാർ മരണപ്പെട്ടതിനു ശേഷം ഒന്നര വർഷത്തിലധികമായി ആരോടും സംസാരിക്കാതെ ആരാധനകളിൽ മുഴുകിയിരിക്കുകയാണ് ശൈഖുന. ഇരിക്കുന്ന റൂമിന്റെ വാതിലുകൾ അടച്ചിരിക്കുന്നു. എന്നെ കൂടാതെ അവേലത്ത് തങ്ങളും പാറന്നൂർ പി പി മൊയ്തീൻ കുട്ടി മുസ്‌ലിയാരും പ്രൊഫ. എ കെ അബ്ദുൽ ഹമീദുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നിരാശരായി മടങ്ങേണ്ടി വരുമോയെന്ന് പേടിച്ചു. അപ്പോഴുണ്ട് ശൈഖുനാ ഞങ്ങളെ അകത്തേക്ക് വിളിക്കുന്നു. സാധാരണ ലളിതമായ അൽപ്പം ചില വാക്കുകളിൽ കാര്യങ്ങൾ പറഞ്ഞവസാനിപ്പിക്കാറുള്ള ശൈഖുന ഏതാണ്ട് ഒരു മണിക്കൂറോളം നിർത്താതെ സംസാരിച്ചു. 85ന് ശേഷമുള്ള ഏതാണ്ടെല്ലാ കാര്യങ്ങളും സംഗ്രഹിച്ചു പറഞ്ഞ ശൈഖുനാ പ്രശ്‌നത്തിന്റെ കാരണവും പരിഹാരങ്ങളും വിശദീകരിച്ചു തന്നു. സമസ്തയെയും മുസ്‌ലിം ലീഗിനെയും കുറിച്ചുള്ള സമഗ്രവും സൂക്ഷ്മവുമായ ഒരു വിശകലനമായിരുന്നു അത്. ഒരു മഹാ സമ്മേളനത്തിലെ ശ്രോതാക്കളെന്ന പോലെ നിലത്തിരുന്ന് ഞങ്ങളാ വാക്കുകൾ കേട്ടു. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ ഒരു പേമാരി പെയ്തു തീർന്ന അനുഭൂതി. ശേഷം ഞങ്ങളോട് പറഞ്ഞു; “സമ്മേളനം വൻ വിജയമാകും. ഒട്ടും പരിഭ്രമിക്കേണ്ടതില്ല, വിഷമിക്കേണ്ടതുമില്ല, ധീരമായി പ്രവർത്തിച്ചോളൂ’. മമ്മൂട്ടി മൂപ്പന്റെ വീടിനകത്തെ ഇരുട്ട് നിറഞ്ഞ ആ മുറിയിലെ കൂടിക്കാഴ്ചയിൽ നിന്നാണ് 89ന് ശേഷമുള്ള പ്രവർത്തനങ്ങൾക്കുള്ള ഊർജം ഞാൻ സംഭരിച്ചത്. അക്കാലത്ത് തന്നെ സന്ദർശിച്ചവരെയെല്ലാം ശൈഖുനാ എറണാകുളം സമ്മേളനത്തിലേക്ക് പറഞ്ഞയച്ചു. അവിടുത്തെ സമ്മതം വാങ്ങിയാണ് ഉള്ളാൾ സയ്യിദ് അബ്ദുർറഹിമാൻ കുഞ്ഞിക്കോയ തങ്ങൾ പോലും എറണാകുളത്തേക്ക് വന്നത്.

1990 കളുടെ അവസാനമൊരിക്കൽ കാണാൻ പോയപ്പോഴും ശൈഖുനാ ദീർഘമായി സംസാരിച്ചു. ഇറാഖ്-കുവൈത്ത് യുദ്ധം നടക്കുന്ന സമയമാണ്. ഒരു ഭാഗത്ത് ഗൾഫ് രാജ്യങ്ങളിൽ നിന്നും വൻ തോതിൽ ആളുകൾ കേരളത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു. കുവൈത്തിൽ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ മറുഭാഗത്ത്. മലയാളിയും സുന്നി സംഘടനകളുടെ സുഹൃത്തും കൂടിയായ കെ പി ഉണ്ണികൃഷ്ണൻ ആയിരുന്നു ഇതിനു നേതൃത്വം നൽകിയത്. അന്നദ്ദേഹം കേന്ദ്രമന്ത്രിയാണ്. ഉണ്ണികൃഷ്ണനെ കുറിച്ച് സാന്ദർഭികമായി ഒരു കാര്യം കൂടി പറയട്ടെ. മീലാദുന്നബി അവധി ദിനമായി പ്രഖ്യാപിക്കണമെന്ന ഞങ്ങളുടെ ദീർഘകാലത്തെ ആവശ്യം അംഗീകരിച്ചുകിട്ടാൻ അദ്ദേഹം പ്രത്യേകം മുൻകൈ എടുത്തിട്ടുണ്ട്. വി പി സിംഗ് ഒരിക്കൽ കൊച്ചിയിൽ എത്തിയപ്പോൾ അദ്ദേഹത്തെ സന്ദർശിക്കാനുള്ള അവസരം ഒരുക്കിത്തരികയും ഇതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉള്ളാൾ തങ്ങളും ഞാനും അദ്ദേഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്തു. ബാബരി മസ്ജിദ് വിഷയത്തിൽ ഉണ്ണികൃഷ്ണൻ ഉൾപ്പെടുന്ന വി പി സിംഗിന്റെ മന്ത്രിസഭ എടുത്ത ധീരമായ തീരുമാനങ്ങൾക്ക് പിന്തുടർച്ച ഇല്ലാതെ പോയതിന്റെ ഭവിഷ്യത്തുകളാണ് രാജ്യം പിന്നീട് അനുഭവിക്കേണ്ടി വന്നത്.
ഇറാഖ്- കുവൈത്ത് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഗ്രാമങ്ങളിൽ പോലും സദ്ദാം ഹുസ്സൈന് വലിയൊരു വീര പുരുഷന്റെ പരിവേഷത്തോടെയുള്ള സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുന്നു. 1991 ജനുവരിയിൽ ജില്ലാ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പോലും സദ്ദാം ആയിരുന്നു പ്രധാന വിഷയം. സ്വാഭാവികമായും കുവൈത്തിനൊപ്പം നിൽക്കേണ്ടിയിരുന്ന മലയാളികളുടെ മനസ്സ് ഇറാഖിനൊപ്പം ആയിരുന്നു. ആ സമയത്ത്, ഇതേ കുറിച്ചൊക്കെ സംസാരിച്ച ശൈഖുന എന്നോട് പറഞ്ഞു: “സദ്ദാം ഈ യുദ്ധത്തിൽ പരാജയപ്പെടും’. കേരളത്തിൽ അന്ന് അനുദിനം വളർന്നു കൊണ്ടിരുന്ന സദ്ദാം അനുകൂല തരംഗത്തിനിടയിലാണ് ഈ പറച്ചിൽ. അതെനിക്കു കൗതുകമായി തോന്നി. യുദ്ധ കഥകളൊക്കെ പറഞ്ഞ ശേഷം എന്നോട് മറ്റൊന്നു കൂടി പറഞ്ഞു: “എ പി അമേരിക്കയിൽ പോയി പ്രസംഗിക്കണം. അവിടെ കുറെ മുസ്‌ലിംകൾ ഉണ്ട്. ഇസ്‌ലാമിന് അവിടെ നല്ല സ്വീകരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്’.

സാൻഫ്രാൻസിസ്‌കോയിലെ ഫിജി ഇസ്‌ലാമിക് അസോസിയേഷന്റെ ഭാരവാഹികൾ കുറേതവണയായി അങ്ങോട്ടേക്ക് ക്ഷണിക്കുന്നു. ആറ് മാസം അവിടെ താമസിക്കുന്ന തരത്തിൽ വിസക്കും യാത്രക്കുമുള്ള ഏർപ്പാടുകൾ ചെയ്യാം എന്നറിയിച്ചുകൊണ്ടുള്ള ക്ഷണക്കത്തും അയച്ചിട്ടുണ്ട്. അന്നത്തെ സാഹചര്യത്തിൽ ആറ് മാസം നാട്ടിൽ നിന്നും മാറി നിൽക്കുക എന്നത് അചിന്തനീയമാണ്. അതുകൊണ്ടുതന്നെ ഞാൻ സമ്മതം മൂളിയില്ല. ശൈഖുനായുടെ ഉപദേശം കൂടിയായപ്പോൾ കുറഞ്ഞ ദിവസത്തേക്കെങ്കിലും അമേരിക്കയിലേക്ക് പോകാം എന്നു വെച്ചു. രണ്ടാഴ്ചത്തെ പര്യടനത്തിനു വേണ്ടി 1991 ഏപ്രിൽ 19ന് രാവിലെ കോഴിക്കോട് നിന്ന് പുറപ്പെടണം. മദ്രാസ് വഴിയാണ് യാത്ര. ശൈഖുനയോട് യാത്ര പറയാൻ വേണ്ടി മൂപ്പന്റെ വീട്ടിലെത്തി. വിവരങ്ങൾ പറഞ്ഞപ്പോൾ നിശ്ചയിച്ച ദിവസം യാത്ര പുറപ്പെടേണ്ട, പിറ്റേ ദിവസം പോയാൽ മതിയെന്നു പറഞ്ഞു. ഏപ്രിൽ 20 നു രാത്രിയാണ് മദ്രാസിൽ നിന്നുള്ള സിംഗപ്പൂർ എയർലൈൻസിന്റെ ഫ്ലൈറ്റ്. ശൈഖുനാ നിർദേശിച്ചതനുസരിച്ച് കോഴിക്കോട് നിന്നുള്ള യാത്ര ക്രമപ്പെടുത്തി. വ്യാഴാഴ്ച ദിവസങ്ങളിൽ അധികവും ഞാൻ കാന്തപുരത്തേക്ക് പോകും. തിരക്കിൽ നിന്നൊഴിഞ്ഞു നാട്ടുകാരെയൊക്ക കാണുന്നത് വെള്ളിയാഴ്ച രാവിലെയാണ്. കൂടാതെ വീട്ടുകാരോട് യാത്ര പറയുകയും വേണം. വെള്ളിയാഴ്ച രാവിലെ വീട്ടിലേക്ക് ആളുകൾ വന്നു തുടങ്ങുമ്പോഴാണ് ഉടൻ ശൈഖുനായുടെ അടുത്തെത്തണമെന്നറിയിച്ചുകൊണ്ട് മൂപ്പന്റെ വീട്ടിൽ നിന്നും ഫോൺ വരുന്നത്. ഉടനെ കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

മർകസിലെത്തുമ്പോഴേക്കും അറിയുന്നത് ശൈഖുനായുടെ വേർപാടിന്റെ വാർത്തയാണ്. നേരെ മൂപ്പന്റെ വീട്ടിൽ പോയി. പടന്നപ്പള്ളിപ്പറമ്പ് ജനസാഗരമായി കഴിഞ്ഞിരുന്നു. അവേലത്ത് തങ്ങളും വൈലത്തൂർ യൂസുഫ് കോയ തങ്ങളും കിണാശ്ശേരി അഹമ്മദ് കുട്ടി ഹാജിയും പൂവാട്ടു പറമ്പ് കുഞ്ഞിക്കോയക്കയും മമ്മൂട്ടി മൂപ്പന്റെ മകൻ അബ്ദുവും ഞാനും ചേർന്നാണ് ശൈഖുനായെ അവസാനമായി കുളിപ്പിച്ചത്. കഫൻ ചെയ്തു തലപ്പാവു ധരിപ്പിച്ച ശൈഖുനായുടെ മുഖം രാജകീയ പ്രൗഢിയോടെ തിളങ്ങി. ശൈഖിന്റെ പള്ളിയിലും വഴിയോരങ്ങളിലും ശൈഖുനയെ യാത്രയയക്കാൻ ആയിരങ്ങൾ തിങ്ങിക്കൂടി. മടവൂരിലാകട്ടെ ജനപ്രവാഹമാണ്. രാത്രി ഒമ്പതു മണിയോടെ ഉപ്പ കുഞ്ഞിമാഹിൻ കോയ മുസ്‌ലിയാരുടെ ഖബറിനരികെ ശൈഖുനാക്കുള്ള അന്ത്യവിശ്രമസ്ഥാനം ഒരുങ്ങി. ഖബറിലേക്കിറങ്ങി അവേലത്തു തങ്ങളുടെ കൈയിൽ നിന്നും ജനാസ വാങ്ങി ഞാൻ മണ്ണിലേക്ക് വെച്ചു. കവിളിലെ കഫൻ തുണി മാറ്റി, മണ്ണുകൊണ്ടൊരു തലയിണയുണ്ടാക്കി കവിൾത്തടം അതിലേക്ക് ചേർത്തു വെച്ചു. ശൈഖുനായെ ബർസഖീ ലോകത്തേക്ക് യാത്രയാക്കി ഖബറിൽ നിന്നും കയറിനോക്കുമ്പോൾ കൂടിനിന്നവരൊക്കെ കരയുന്നു. തൽഖീൻ ഓതാനിരുന്നപ്പോൾ വരികൾ പൂർത്തിയാക്കാൻ സാധിച്ചില്ല. പരലോകത്തെ കുറിച്ച് ശൈഖുനായെ ഈ ശിഷ്യൻ എന്തു ഓർമിപ്പിക്കാനാണ്? ഭൗതിക ലോകത്തോട് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ കാത്തിരുന്ന ശൈഖുനായെ സംബന്ധിച്ചിടത്തോളം ഈ മരണം ലാഭമല്ലാതെ മറ്റെന്താണ്? നഷ്ടം നമുക്കല്ലേ. ആദ്യത്തെ കൂട്ട സിയാറത്തിനു നേതൃത്വം നൽകി പിരിഞ്ഞുപോരുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു. ശൈഖുനാ ഇല്ലാത്ത ലോകമാണല്ലോ ഇതെന്ന ചിന്ത വലിയ വേദനയുളവാക്കി.

എന്റെ പ്രിയപ്പെട്ട ശൈഖുനായെ ഭൗതിക ലോകത്തു നിന്നും യാത്രയാക്കിയ ശേഷമാണ് ഭൂമിയുടെ മറ്റൊരു ഭാഗത്തേക്ക് യാത്ര തിരിച്ചത്. അല്ലാതെ ഏപ്രിൽ 19ാം തിയ്യതി രാവിലത്തെ യാത്ര എന്നെ കൊണ്ടു മാറ്റിവെപ്പിച്ചത് മറ്റെന്തിനായിരിക്കും? എന്റെ വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലുമുള്ള ധാരാളം കാര്യങ്ങൾ മുൻകൂട്ടി കണ്ടു തീരുമാനങ്ങളെടുപ്പിക്കാറുള്ള ശൈഖുന ഇതും മുൻകൂട്ടി കണ്ടിട്ടുണ്ടാകും. എനിക്കെന്തെങ്കിലും സ്വകാര്യമായി പറയാനുണ്ടെങ്കിൽ ഇന്നും ഞാൻ മടവൂരിലേക്കാണ് പോവുക. 2022 ഡിസംബറിൽ ആശുപത്രിയിൽ കഴിയവേ എനിക്ക് മടവൂരിൽ പോകണമെന്നു തോന്നി. അന്നത്തെ ആരോഗ്യ സ്ഥിതിയിൽ ഒരു യാത്ര പക്ഷെ സാധ്യമായിരുന്നില്ല. പകരം ഞാൻ എ പി മുഹമ്മദ് മുസ്‌ലിയാരെ പറഞ്ഞയച്ചു. പറയാനുള്ളതെല്ലാം മുഹമ്മദ് മുസ്‌ലിയാരെ ഏൽപ്പിച്ചു. അതിന്റെ അനുഭൂതി എനിക്കു കിട്ടുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു വന്നയുടനെ തന്നെ മടവൂരിൽ പോയി. ജീവിത കാലത്തെന്ന പോലെ വേർപാടിനു ശേഷവും ശൈഖുന ആശ്വാസങ്ങൾ തന്നുകൊണ്ടിരിക്കുന്നു.

ആദ്യഭാഗം വായിക്കാം:

എന്റെ ശൈഖ്, നമ്മുടെ ശൈഖുനാ