Kerala
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഒരു ആരോഗ്യ മന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തിട്ടുണ്ടെന്ന് വീണ ജോർജ്
ആരോഗ്യരംഗത്ത് നിക്ഷേപം നടത്തിയിരിക്കുന്ന കുത്തകകളെ സഹായിക്കുന്ന നിലപാടാണ് വി ഡി സതീശനും കൂട്ടരും സ്വീകരിക്കുന്നതെന്ന് മന്ത്രി
തിരുവനന്തപുരം | വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിഷയത്തിൽ ഒരു ആരോഗ്യ മന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട മണിക്കൂറുകൾക്കകം തന്നെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
ഏത് തരത്തിലുള്ള ചികിത്സാപിഴവായാലും സർക്കാർ അത് അംഗീകരിക്കില്ലെന്നും അത്തരം സംഭവങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, സ്വകാര്യ ആശുപത്രികളിലെ ചികിത്സാപിഴവുകളിൽ പ്രതിപക്ഷം പുലർത്തുന്ന മൗനത്തെ മന്ത്രി രൂക്ഷമായി വിമർശിച്ചു. മുൻപ് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇത്തരത്തിൽ വയറ്റിൽ കത്രിക കുടുങ്ങിയപ്പോൾ വണ്ടാനം മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റാണ് അത് പുറത്തെടുത്തതെന്നും അന്ന് ആരും ശബ്ദമുയർത്തിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആരോഗ്യരംഗത്ത് നിക്ഷേപം നടത്തിയിരിക്കുന്ന കുത്തകകളെ സഹായിക്കുന്ന നിലപാടാണ് വി ഡി സതീശനും കൂട്ടരും സ്വീകരിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. സർക്കാർ ആശുപത്രികളെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും എന്നാൽ ജനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളിലുള്ള വിശ്വാസം തകർക്കാൻ ഇത് ഉപകരിക്കില്ലെന്നും വീണാ ജോർജ് പറഞ്ഞു.





