Connect with us

National

എ ഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; രാഹുലിനെതിരെ കരിങ്കൊടി; രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന എ ഐ ഉച്ചകോടിക്കിടെ ഷർട്ട് ധരിക്കാതെ വേദിയിലേക്ക് അതിക്രമിച്ചു കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര സർക്കാരിന്റെ വ്യാപാര നയങ്ങൾക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | ഡൽഹിയിൽ നടന്ന ഇന്ത്യ എ ഐ ഇംപാക്ട് സമിറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടസ്സപ്പെടുത്തിയതിനെതിരെ രാജ്യവ്യാപകമായി ബി ജെ പി പ്രതിഷേധം ശക്തമാക്കുന്നു. ഡൽഹി, സൂറത്ത്, മുളുണ്ട്, ഹൈദരാബാദ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബി ജെ പി പ്രവർത്തകരും യുവജന വിഭാഗവും പ്രതിഷേധവുമായി തെരുവിലിറങ്ങി. മഹാരാഷ്ട്രയിലെ മുളുണ്ടിൽ ആർ എസ് എസ് പ്രവർത്തകൻ നൽകിയ അപകീർത്തിക്കേസിൽ ജാമ്യം നൽകാൻ എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ ബി ജെ പി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാർ കോൺഗ്രസ് വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന എ ഐ ഉച്ചകോടിക്കിടെ ഷർട്ട് ധരിക്കാതെ വേദിയിലേക്ക് അതിക്രമിച്ചു കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര സർക്കാരിന്റെ വ്യാപാര നയങ്ങൾക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബിഹാർ സ്റ്റേറ്റ് സെക്രട്ടറി കുന്ദൻ യാദവ്, യു പി വൈസ് പ്രസിഡന്റ് അജയ് കുമാർ, ദേശീയ കോർഡിനേറ്റർ നരസിംഹ യാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ അഞ്ച് ദിവസത്തെ പോലീസ് റിമാൻഡിൽ വിട്ടു. അതീവ സുരക്ഷയുള്ള വേദിയിൽ ക്യു ആർ കോഡ് ഉപയോഗിച്ചാണ് ഇവർ പ്രവേശിച്ചതെന്നും സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പ്രവർത്തകരെ തിരിച്ചറിഞ്ഞത്.

കോൺഗ്രസിന്റെ ഈ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. ഭാരതം ആഗോള സാങ്കേതിക ശക്തിയായി വളരുന്ന ഘട്ടത്തിൽ രാജ്യത്തെ അപമാനിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇത് രാഷ്ട്രീയ എതിർപ്പല്ലെന്നും ഇന്ത്യയുടെ ആഗോള പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മഹാത്മാഗാന്ധിയുടെ വധത്തിന് പിന്നിൽ ആർ എസ് എസ്. ആണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ആർ എസ് എസ്. പ്രവർത്തകൻ രാജേഷ് കുണ്ടെ നൽകിയ അപകീർത്തിക്കേസുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധി കോടതിയിൽ എത്തിയത്.

---- facebook comment plugin here -----

Latest