International
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയാൽ ആണവ സമ്പുഷ്ടീകരണത്തിന് യുഎസ് അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ
വാഷിങ്ടണിന്റെ ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കാത്ത പക്ഷം, ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖാംനഇയെയും അദ്ദേഹത്തിന്റെ പിൻഗാമിയായി കരുതപ്പെടുന്ന മകൻ മോജ്തബയെയും വധിക്കാൻ ട്രംപിന് പദ്ധതിയുള്ളതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വാഷിങ്ടൺ | ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയാൽ ആണവ സമ്പുഷ്ടീകരണത്തിന് അനുമതി നൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായേക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ അമേരിക്കൻ പ്രസിദ്ധീകരണമായ ആക്സിയോസ് ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. എന്നാൽ വാഷിങ്ടണിന്റെ ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കാത്ത പക്ഷം, ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖാംനഇയെയും അദ്ദേഹത്തിന്റെ പിൻഗാമിയായി കരുതപ്പെടുന്ന മകൻ മോജ്തബയെയും വധിക്കാൻ ട്രംപിന് പദ്ധതിയുള്ളതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാക്കുന്നതിനിടയിലാണ് നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകൾ ട്രംപ് ഭരണകൂടം പരിശോധിക്കുന്നത്. ഇറാൻ ആണവായുധ നിർമ്മാണം പൂർണ്ണമായും ഉപേക്ഷിക്കുമെന്ന് തെളിയിക്കുന്ന ക്രിയാത്മകമായ ഒരു കരാർ ഉണ്ടായാൽ അത് അംഗീകരിക്കാൻ ട്രംപ് തയ്യാറായേക്കും. എന്നാൽ ഇറാന്റെ ഭാഗത്തുനിന്നും നീക്കങ്ങൾ വൈകിയാൽ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഖാംനഇയെയും ഭരണനേതൃത്വത്തിലുള്ള മുല്ലാമാരെയും ലക്ഷ്യം വച്ചുള്ള ആക്രമണം ഉൾപ്പെടെയുള്ള വിവിധ സൈനിക നീക്കങ്ങൾ പെന്റഗൺ ട്രംപിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാനായില്ലെങ്കിൽ സൈനിക ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ഗൾഫ് രാജ്യങ്ങളും ഇസ്രായേലും ഭയപ്പെടുന്നു. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് അമേരിക്ക ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേലുമായി ചേർന്ന് സംയുക്ത സൈനികാക്രമണം നടത്താനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഈ വാരാന്ത്യത്തിൽ തന്നെ ഇറാനെതിരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
യൂറേനിയം സമ്പുഷ്ടീകരണം, മിസൈൽ പരീക്ഷണം, ഉപരോധങ്ങൾ നീക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നിലവിൽ സ്തംഭനാവസ്ഥയിലാണ്. എന്നാൽ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് ഉറപ്പുവരുത്തുന്ന വിശദമായ ഒരു നിർദ്ദേശം വരും ദിവസങ്ങളിൽ സമർപ്പിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇതിന് പകരമായി അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസി മേധാവി റാഫേൽ ഗ്രോസിയും വിഷയത്തിൽ ഇടപെടുന്നുണ്ട്.





