Kerala
പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു; ചികിത്സയിൽ പിഴവെന്ന് ബന്ധുക്കളുടെ ആരോപണം
പൂര്‍ണ ഗര്‍ഭിണിയായ നൗഷിദയെ ഈ മാസം പതിനാറിനാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാലക്കാട്| പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഗര്‍ഭിണി മരിച്ചു. മൂന്നാമത്തെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മേഴത്തൂര്‍ സ്വദേശി നൗഷിദയാണ് (29) മരിച്ചത്. സംഭവത്തില്‍ തൃത്താത്തല പോലീസ് കേസെടുത്തു. യുവതിക്ക് മതിയായ ചികിത്സ നല്‍കിയിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
പൂര്‍ണ ഗര്‍ഭിണിയായ നൗഷിദയെ ഈ മാസം പതിനാറിനാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന അനുഭവപ്പെട്ടതിനാല്‍ പത്തൊന്‍പതാം തീയതി മുതല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെയോടെ ശ്വാസതടസവും രക്തസ്രാവവും ഉണ്ടായതിനെ തുടര്‍ന്ന് പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അവിടെയെത്തുന്നതിന് മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.
ഹൃദായാഘാതം സംഭവിച്ചതാകാം മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. യുവതിയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമെ ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.





