Eranakulam
ഓപ്പറേഷൻ മ്യാവൂ: കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ദൗത്യം രാത്രിയിലേക്ക് മാറ്റി
ഫയർഫോഴ്സ് സംഘവും ആനിമൽ റെസ്ക്യൂ സംഘവും ചേർന്നാണ് രക്ഷാദൗത്യം നടത്തുന്നത്.
കൊച്ചി | കൊച്ചിയിൽ അസാധാരണമായ ഒരു രക്ഷാപ്രവർത്തനം. ഒരാഴ്ചയായി കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങി കിടക്കുന്ന പൂച്ചയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഫയർഫോഴ്സ് സംഘവും ആനിമൽ റെസ്ക്യൂ സംഘവും ചേർന്നാണ് രക്ഷാദൗത്യം നടത്തുന്നത്. ഇവിടത്തെ ഓട്ടോ ഡ്രൈവർമാർ സുഭാഷ് എന്ന് സ്നേഹപൂർവം വിളിക്കുന്ന പൂച്ചയാണ് മെട്രോ പില്ലറിൽ കുടുങ്ങിയത്.
മെട്രോയുടെ 385ാം പില്ലറിന്റെ സമീപത്താണ് പൂച്ച കുടുങ്ങിയത് എന്ന നിഗമനത്തിൽ ഇവിടെയാണ് ആദ്യം പരിശോധന നടത്തിയത്. എന്നാൽ പൂച്ചയെ കണ്ടെത്താനായില്ല. ഇതോടെ രാത്രി 11.30ന് മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രക്ഷാ ദൗത്യം തുടരാമെന്ന് തീരുമാനിച്ചു. ഇതിനിടെ, പില്ലറിന് മുകളിൽ തളർന്ന് ഒരു മൂലയിൽ കിടക്കുന്ന പൂച്ചയുടെ ദൃശ്യം പുറത്തുവന്നതോടെ മൃഗസ്നേഹികൾ രംഗത്ത് വന്നു. രാത്രിവരെ കാത്തിരുന്നാൽ പൂച്ചയുടെ ജീവൻ അപകടത്തിലാകുമോ എന്ന ആശങ്കയെ തുടർന്ന് വീണ്ടും രക്ഷാപ്രവർത്തനം തുടങ്ങി. വൈദ്യുതി ലൈനുകളിലൂടെയുള്ള പ്രവാഹം വിശ്ചേദിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ പൂച്ചയെ കണ്ടെത്താനാകാത്തതോടെ രക്ഷാപ്രവർത്തനം വീണ്ടും തത്കാലത്തേക്ക് നിർത്തിവെച്ചു. മെട്രോ സർവീസ് അവസാനിച്ചതിന് ശേഷം രാത്രി രക്ഷാ ദൗത്യം തുടരും.
ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ചാണ് രക്ഷാദൗത്യം നടത്തുന്നത്. ഇതിനിടെ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരുന്നു. പകരം വാഹനം എത്തിച്ചതിന് ശേഷമാണ് വൈകീട്ടോടെ വീണ്ടും ദൗത്യം നടത്തിയത്.




