International
ഇറാനിലെ ചാബഹാർ തുറമുഖത്തിനുള്ള ഉപരോധ ഇളവ് യുഎസ് പിൻവലിച്ചു; ഇന്ത്യയുടെ പദ്ധതികൾക്ക് തിരിച്ചടി
തുറമുഖവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇനി അമേരിക്കയുടെ ഇറാൻ ഫ്രീഡം ആൻഡ് കൗണ്ടർ-പ്രോളിഫെറേഷൻ ആക്ട് പ്രകാരം ഉപരോധം നേരിടേണ്ടി വരും.

ടെഹ്റാൻ | ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന ഉപരോധ ഇളവ് യുഎസ് പിൻവലിച്ചു. 2018-ൽ ഏർപ്പെടുത്തിയ ഈ ഇളവ് പിൻവലിക്കുന്നതോടെ, തുറമുഖവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇനി അമേരിക്കയുടെ ഇറാൻ ഫ്രീഡം ആൻഡ് കൗണ്ടർ-പ്രോളിഫെറേഷൻ ആക്ട് (IFCA) പ്രകാരം ഉപരോധം നേരിടേണ്ടി വരും. സെപ്റ്റംബർ 29 മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നത്.
ഇന്ത്യയുടെ തന്ത്രപ്രധാനമായ പദ്ധതികൾക്ക് ഈ നീക്കം കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചാബഹാർ തുറമുഖത്ത് ഒരു ടെർമിനൽ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യ. മേഖലയിലെ വ്യാപാരത്തിനും ഗതാഗത സൗകര്യങ്ങൾക്കും നിർണായകമായ പദ്ധതിയായാണ് ഇന്ത്യ ഈ തുറമുഖത്തെ കാണുന്നത്.
ഈ വർഷം മേയിൽ, ചാബഹാർ തുറമുഖത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇറാനും ഒരു 10 വർഷത്തെ കരാർ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി, തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 250 ദശലക്ഷം ഡോളറിന്റെ വായ്പാ സഹായം നൽകാനും ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു.
ഇറാനിയൻ ഭരണകൂടത്തിനെതിരായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരമാവധി സമ്മർദ്ദ നയത്തിന്’ അനുസൃതമായാണ് ഈ നീക്കമെന്ന് യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.