Kerala
'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്'; നിയമസഭയിൽ അതിഥിയായി അഹാൻ
മുഖ്യമന്ത്രിയെയും സ്പീക്കറെയും കണ്ടു
തിരുവനന്തപുരം | “സ്പൂണും നാരങ്ങയും’ കളിക്ക് ഏറ്റവും മികച്ച നിയമം കൂട്ടിച്ചേർത്ത മൂന്നാം ക്ലാസ്സുകാരൻ അഹാൻ സ്പീക്കറുടെ ക്ഷണം സ്വീകരിച്ച് അതിഥിയായി നിയമസഭയിലെത്തി. മൂന്നാം ക്ലാസ്സ് പരീക്ഷയിൽ ഇഷ്ടകളിക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിനാണ് “സ്പൂണും നാരങ്ങയും’ കളിയുടെ നിയമാവലിയിൽ “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’ എന്ന വലിയ നിയമം അഹാൻ എഴുതിച്ചേർത്തത്.
ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്‌കരിക്കാൻ പോന്ന സാമൂഹിക ബോധമുള്ള അഹാനെ ജനാധിപത്യത്തിന്റെ വേദിയായ നിയമസഭയിലേക്ക് സ്പീക്കർ എ എൻ ഷംസീർ ക്ഷണിക്കുകയായിരുന്നു. രാവിലെ സ്പീക്കറുടെ വസതിയിലെത്തിയ അഹാൻ അദ്ദേഹത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. തുടർന്ന് നിയമസഭയിലെത്തി സഭാ നടപടികൾ കാണുകയും സ്പീക്കറുടെ ചേംബറിലെത്തി കുറച്ചു സമയം ചെലവിടുകയും ചെയ്തു. സ്‌നേഹസമ്മാനങ്ങൾ നൽകിയാണ് അഹാനെ സ്പീക്കർ യാത്രയാക്കിയത്.
ശേഷം മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് മന്ത്രിമാരെയും കണ്ടു. പരസ്പര സ്‌നേഹത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരുപാട് ഉയരങ്ങളിലെത്താൻ അഹാന് സാധിക്കട്ടെ യെന്ന് മുഖ്യമന്ത്രി ആശംസിക്കുകയും ചെയ്തു.
സഭയിലെത്തിയ അഹാനെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. അഹാനെ ഈ നിലയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.




